വാഷിംഗ്ടൺ: തീവ്രവാദത്തിനെതിരെ സ്വയം പ്രതിരോധിക്കുന്നതിനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്‌ക്കുന്നതായി യു.എസ്. യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ ഫോൺ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഭീകരാക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം സന്ദേശത്തിൽ അറിയിച്ചു.
ഇക്കാര്യത്തിൽ പാകിസ്ഥാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ബോൾട്ടൻ ദേശീയ മാദ്ധ്യമങ്ങളോടു പറഞ്ഞു. ഭീകരവാദികൾക്ക് പിന്തുണ നൽകുന്ന പാകിസ്ഥാന്റെ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇത് പൂർണമായും അവസാനിപ്പിക്കാൻ പാകിസ്ഥാനോട് ഇനിയും ആവശ്യപ്പെടുമെന്നും ജോൺ ബോൾട്ടൺ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി പാകിസ്ഥാനുമായി ചർച്ച തുടരുമെന്നും ജോൺ ബോൾട്ടൺ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
നേരത്തെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇക്കാര്യത്തിൽ അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഭീകരവാദവിരുദ്ധ പോരാട്ടങ്ങളിൽ ഇന്ത്യയ്‌ക്ക് ഒപ്പമാണെന്നും ഭീകരവാദികൾക്ക് അഭയം നൽകുന്ന പാകിസ്ഥാൻ അത് അവസാനിപ്പിക്കണമെന്നുമായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്.