robin

കണ്ണൂർ: കൊട്ടിയൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ റോബിൻ വടക്കുംചേരിക്ക് 20വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മൂന്ന് വകുപ്പുകളുമായി ഇരുപത് വർഷത്തെ കഠിന തടവാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാൽ ഇത് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. മൂന്ന് ലക്ഷം രൂപയിൽ ഒന്നര ലക്ഷം രൂപ ഇരയ്ക്ക് നൽകാനും കോടതി വിധിച്ചു.

റോബിനെതിരെയുള്ള എല്ലാ കുറ്റങ്ങളും കോടതി ശരിവച്ചിരുന്നു. തലശ്ശേരി പോക്സോ കോടതി ജഡ്ജി പി.എൻ.വിനോദാണ് കേസിൽ ശിക്ഷ പ്രഖ്യാപിച്ചത്. കള്ളസാക്ഷി പറഞ്ഞതിന് പെൺകുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ നടപടിയെടുക്കാനും കോടതി നിർദേശിച്ചു. തെളിവുകളുടെ അഭാവത്തിൽ പ്രതികളായിരുന്ന ആറുപേരെ കോടതി വെറുതെ വിട്ടു. ഇതിനെതിരെ സർക്കാർ കോടതിയെ സമീപിച്ചേക്കും. കുട്ടിയുടെ സംരക്ഷണം ലീഗൽ സർവ്വീസ് അതോരിറ്റിയെ ഏൽപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

പളളിമുറിയിൽ കമ്പ്യൂട്ടർ പഠിക്കാനെത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഫാദർ റോബിൻ വടക്കുംചേരി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. ആകെ പത്ത് പ്രതികളായിരുന്നു കേസിലുയുണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരെ സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുളള ഏഴ് പേരാണ് കേസിൽ വിചാരണ നേരിട്ടത്. പെൺകുട്ടി പ്രസവിച്ചത് മറച്ചുവെക്കുകയും അതിന് ഒത്താശ ചെയ്യുകയും ചെയ്തു എന്നതാണ് കേസിലെ മറ്റ് പ്രതികൾക്ക് എതിരെയുള്ള കുറ്റം.

റോബിൻ വടക്കുംചേരിയെ കൂടാതെ പളളിയിലെ സഹായിയായിരുന്ന തങ്കമ്മ നെല്ലിയാനി, കൊട്ടിയൂർ മഠത്തിലെ കന്യാസ്ത്രീകളായ ലിസ് മരിയ, അനീറ്റ, വയനാട് ശിശുക്ഷേമ സമിതി മുൻ അധ്യക്ഷൻ ഫാദർ തോമസ് ജോസഫ് തേരകം, മുൻ സമിതി അംഗം സിസ്റ്റ‌ർ ബെറ്റി ജോസ്, വൈത്തിരി മഠം സൂപ്രണ്ടായിരുന്ന സിസ്റ്റർ ഒഫീലിയ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

കഴിഞ്ഞ ആഗറ്റ്‌ ഒന്നിനാണ് കേസിന്റെ വിചാരണ തലശ്ശേരി പോക്സോ കോടതിയിൽ ആരംഭിച്ചത്. 54 സാക്ഷികളെ വിസ്തരിക്കുകയും 80രേഖകളും ഏഴ് തൊണ്ടി മുതലുകളും കോടതി പരിശോധിക്കുകയും ചെയ്തിരുന്നു. കേസിന്റെ വിചാരണക്കിടെ പീഡനത്തിനിരയായ പെൺകുട്ടിയും മാതാപിതാക്കളും കൂറ് മാറിയിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായയെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധം നടന്നതെന്നും ഇവർ കോടതിയിൽ മൊഴി നൽകിയിരുന്നു. 2017 ഫെബ്രുവരി ഏഴിനാണ് തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചത്.