ശബരിമല: കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും സന്നിധാനത്ത് കാര്യമായ തിരക്കില്ല. പൂജകൾ പൂർത്തിയാക്കി ശബരിമല നാളെ രാത്രി 10ന് അടയ്ക്കാനിരിക്കെ മലയാളി ഭക്തരുടെ സാന്നിദ്ധ്യം തീരെയില്ല. ഇതര സംസ്ഥാനത്തെ ഭക്തരാണ് ദർശനത്തിനെത്തുന്നവരിൽ അധികവും. പൊലീസിന്റെ നിയന്ത്രണങ്ങളിൽ ഒട്ടുമിക്കവയും പിൻവിലിച്ചതോടെ ഭക്തർക്ക് സുഖമമായ ദർശനമാണ് ലഭിക്കുന്നത്.
മണ്ഡലമകരവിളക്ക് കാലം കഴിഞ്ഞാൽ മലയാളിയായ ഭക്തർ കൂടുതൽ ദർശനം നടത്തുന്നത് കുംഭമാസ പൂജാ സമയത്താണ്. മകരവിളക്ക് കാലത്ത് ദർശനം നടത്താൻ കഴിയാത്തവരാണ് കുംഭമാസത്തിൽ എത്തുന്നത്. ഭക്തരുടെ കാര്യമായ കുറവ് വരുമാനത്തിൽ ബാധിച്ചേക്കുമെന്നാണ് സൂചന. യുവതി പ്രവേശനത്തിൽ കലുഷിതമായ ശബരിമലയിൽ മണ്ഡലമകരവിളക്ക് കാലത്ത് വരുമാനം കാര്യമായി കുറഞ്ഞിരുന്നു.
അതേസമയം, നടയടയ്‌ക്കുന്ന ദിവസം വരെ രാവിലെ ഉദയാസ്തമയ പൂജയും ഉച്ചയ്ക്ക് കളഭാഭിഷേകവും രാത്രി 6.30ന് പടി പൂജയും നടക്കും. അപ്പം, അരവണ എന്നിവ ആഴിക്ക് സമീപമുള്ള കൗണ്ടറിൽ നിന്ന് ലഭിക്കും.