കൊൽക്കത്ത: ജമ്മു കശ്‌മീരിൽ 40 ജവാന്മാരെ കൂട്ടക്കൊല ചെയ്‌ത പാക് ഭീകരാക്രമണത്തിന് കാരണം രഹസ്യാന്വേഷണ വീഴ്‌ചയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ജോലി എന്താണെന്നും യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്ന് അറിയാനുള്ള താൽപര്യം ഞങ്ങൾക്കുണ്ടെന്നും മമത പറഞ്ഞു.
എങ്ങനെ ഇത്രയധികം ജവാൻമാർ കൊല്ലപ്പെടാനിടയായി. ഭീകരവാദികൾ വരുന്നത് സംബന്ധിച്ച് ഒരു വിവരവും എങ്ങനെ ലഭിക്കാതെ പോയി. തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്റേത് മാത്രമല്ല ജനങ്ങളുടേതാണ് ചോദ്യമെന്നും അവർ പറഞ്ഞു. യഥാർത്ഥത്തിൽ ഇതൊരു രഹസ്യാന്വേഷണ പരാജയമാണ്. എനിക്കറിയുന്ന നിരവധി സൈനികരുമായി ഞാൻ സംസാരിച്ചു. രഹസ്യാന്വേഷണ പരാജയമാണെന്ന് അവരെല്ലാം ഉറപ്പിച്ചു പറയുന്നു.
ദേശീയ ബഹുമതിയുടെ ഭാഗമായി ജീവത്യാഗം ചെയ്‌ത സൈനികർക്കായി 72 മണിക്കൂർ ദുഃഖാചരണം നടത്തണം. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഒരു പദ്ധതി ഉദ്ഘാടനം ചെയ്‌തതിൽ ഞാൻ ഖേദിക്കുന്നുവെന്നും മമത പറഞ്ഞു. സൈനികർക്കെതിരെ ആക്രമണം നടത്തിയ ഭീകരവാദികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകണം. പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിന് സൂക്ഷ്‌മമായ അന്വേഷണം വേണമെന്നും മമത ആവശ്യപ്പെട്ടു.