santhosh-pandit

വയനാട്: കാശ്മീരിലെ പുൽവാമയിൽ നടന്ന ചാവേരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വസന്തകുമാറിന്റെ വീട്ടിൽ ഓടിയെത്തി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടിലാണ് സന്തോഷപണ്ഡിറ്റ് നിറകണ്ണുകളോടെ എത്തിയത്. ഇന്ത്യമുഴുവൻ നിങ്ങളോടൊപ്പമുണ്ടെന്ന് വസന്തകുമാറിന്റെ അമ്മയെ ആശ്വസിപ്പിച്ച് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എല്ലാതിരക്കുകളും മാറ്റിവെച്ചാണ് സന്തോഷ് പണ്ഡിറ്റ് വസന്തകുമാറിന്റെ വീട്ടിലെത്തിയത്. വസന്തകുമാറിന്റെ സഹോദരനോടും കുടുംബാംഗങ്ങളോടും ആശ്വാസവാക്കുകൾ പറഞ്ഞാണ് താരം മടങ്ങിയത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം അറിയിച്ചത്.

പഞ്ചാബിൽ നിന്ന് ഈ മാസം രണ്ടിന് നാട്ടിലെത്തിയ വസന്തകുമാർ ഒരാഴ്ച മുമ്പ് കാശ്മീരിലേക്കു മടങ്ങിയതേയുള്ളൂ. ബറ്റാലിയൻ മാറ്റത്തിനിടെ ചെറിയൊരു അവധി. എല്ലാവരെയും കണ്ടുമടങ്ങിയ വസന്തകുമാർ ഇനി മടങ്ങിവരില്ലെന്നോർക്കുമ്പോൾ നെഞ്ചു നുറുങ്ങുന്നു.

ഒരു വർഷം മുമ്പ് ഭർത്താവിന്റെ മരണശേഷം വസന്തകുമാർ ആയിരുന്നു കുടുംബത്തിന്റെ ആശ്രയം. വസന്തകുമാറിന്റെ ഭാര്യ ഷീനയ്‌ക്ക് വെറ്ററിനറി സർവകലാശാലയിൽ ഒരു താത്കാലിക ജോലിയേയുള്ളൂ. മൂത്ത മകൾ അനാമിക മൂന്നാം ക്ലാസിലും ഇളയ മകൻ അമൃത ദീപ് യു.കെ.ജിയിലും. അച്ഛനെ ഇനി കാണാനാവില്ലെന്ന് തിരിച്ചറിഞ്ഞിട്ടു പോലുമില്ല കുട്ടികൾ. വീട്ടിൽ സഹോദരി വസുമിതയുമുണ്ട്.

ഇന്നലെ പുലർച്ചെയാണ് സൈനിക മേലുദ്യോഗസ്ഥരിൽ നിന്ന് മരണവിവരം ഒൗദ്യോഗികമായി എത്തിയത്. ഭർത്താവിന്റെ വിയോഗ വാർത്തയറിഞ്ഞപ്പോൾ മുതൽ ലക്കിടിയിലെ വീട്ടിൽ തളർന്നു കിടക്കുകയാണ് ഭാര്യ ഷീബ. ബന്ധുക്കളും അയൽക്കാരുമെല്ലാം അരികിലുണ്ട്. പക്ഷേ,​ ഷീബയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കും?​ പതിനെട്ടു വർഷത്തെ സേവനത്തിനു ശേഷം ഹവിൽദാറായി സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതലയേല്‌ക്കാനിരിക്കുകയായിരുന്നു വസന്തകുമാർ. രണ്ടു വർഷം കൂടിയേ ഉണ്ടായിരുന്നുള്ളൂ സർവീസ്.

വസന്തകുമാറിന്റെ ഭൗതികദേഹം ഡൽഹിയിൽ നിന്ന് ഇന്നു രാവിലെ കോഴിക്കോട്ട് എത്തിച്ച് വീട്ടിലേക്ക് കൊണ്ടുപോകും. പട്ടികവർഗ്ഗ വിഭാഗത്തിലെ മുള്ളുക്കുറുമ വിഭാഗക്കാരനായ വസന്തകുമാറിന്റെ സംസ്കാരം തൃക്കൈപ്പറ്റയിലെ മുക്കംകുന്ന് സമുദായ ശ്‌മശാനത്തിൽ പൂർണ സൈനിക, സംസ്ഥാന ബഹുമതികളോടെ വൈകിട്ട് നടക്കും