കൊച്ചി: അത്താണി കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് സമീപം വനിതാ ഡോക്ടർ തനിച്ച് താമസിക്കുന്ന വീട് കുത്തിതുറന്ന രണ്ടംഗ സംഘം ഡോക്ടറെ കത്തികാട്ടി ഭീഷണിപ്പെടുത്തി 100 പവൻ സ്വർണവും 50,000 രൂപയും കവർന്നതായി പരാതി.
ചെങ്ങമനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഡ്രേസ് മാത്യുവിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ 2.45ഓടെയാണ് കവർച്ച നടന്നത്. ഡോക്ടറുടെ ഭർത്താവ് ഡോ. മാത്യു അമേരിക്കയിലാണ്. ഡോക്ടറായ ഏക മകൻ നേവിയിലുമാണ്. മഞ്ഞപ്ര സ്വദേശിനിയായ ഡോ. ഗ്രേസ് മാത്യു 15 വർഷത്തോളായി ഇവിടെ തനിച്ചാണ് താമസിക്കുന്നത്.
വീടിന്റെ പിൻവശത്തെ വാതിൽ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ ഗ്രേസ് മാത്യു ഉറങ്ങുന്ന മുറിയിലെത്തി അലമാരയുടെ താക്കോൽ ആവശ്യപ്പെട്ട് വിളിച്ചുണർത്തുകയായിരുന്നു. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു കവർച്ച. ആക്രമിക്കരുതെന്ന് ഡോക്ടർ അപേക്ഷിച്ചതിനെ തുടർന്ന് മോഷ്ടാക്കൾ കൈയ്യേറ്റത്തിന് മുതിർന്നില്ല.
മുഖംമൂടിയും അടിവസ്ത്രവും മാത്രം ധരിച്ചാണ് മോഷ്ടാക്കൾ എത്തിയത്. കഴിഞ്ഞ ദിവസം ബാങ്കിലെ ലോക്കറിൽ നിന്നും എടുത്തതാണ് സ്വർണമെന്ന് ഡോ. ഗ്രേസ് പൊലീസിനോട് പറഞ്ഞു. ബാങ്കിൽ നിന്നും സ്വർണം പിൻവലിച്ചതറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ. നായർ ഉൾപ്പെടെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി. സമീപത്തെ സി.സി ടി.വി ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ചെങ്ങമനാട്എസ്.ഐ സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.