ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും അവർ ശിക്ഷ അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ യവാത്മലിൽ നടക്കുന്ന റാലിക്കിടെയാണ് അദ്ദേഹം നിലപാട് ഒരിക്കൽകൂടി ആവർത്തിച്ചത്.
ആക്രമണം നടത്തിയവർക്കെതിരെ തിരിച്ചടിക്കാൻ സൈനികർക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. പുൽവാമയിൽ ആക്രമണം നടത്തിയവരുടെ വിധി ഇന്ത്യൻ സൈന്യം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജവാൻമാരുടെ വീരമൃത്യു വെറുതെയാവില്ലെന്നും ജനങ്ങളുടെ വികാരം മനസിലാക്കുന്നുവെന്നും മോദി പറഞ്ഞു.
ആഭ്യന്തര സുരക്ഷക്ക് തന്നെയാണ് പ്രാധാന്യം നൽകുന്നത്. തന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണോ എന്നും അദ്ദേഹം ജനങ്ങളോട് ചോദിച്ചു. പുൽവാമയിലെ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാൻ പാപ്പരത്വത്തിലാണെങ്കിലും തീവ്രവാദത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണെന്നും മോദി വ്യക്തമാക്കി.