പത്തനംതിട്ട: ജമ്മു കാശ്‌മീരിൽ 44 ജവാന്മാരെ കൂട്ടക്കൊല ചെയ്‌ത പാക് ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ, ഭീകരസംഘടനകളെ പോറ്റുന്ന പാകിസ്ഥാനെ അന്താരാഷ്‌ട്ര തലത്തിൽ ഒറ്റപ്പെടുത്താനും നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ സൈന്യത്തിൽ നിന്നും അവധിക്കായി നാട്ടിൽ പോയ സൈനികരോട് ലീവ് പിൻവലിച്ച് തിരിച്ചെത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അങ്ങനെ ലീവ് തീരും മുമ്പേ മടങ്ങിപ്പോകാൻ തയ്യാറാകേണ്ടി വന്ന ഒരു സൈനികനായ രഞ്ജിത് രാജിന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ലീവ് തീരും മുൻപേ വിളി എത്തി, ഭയമോ സങ്കടമോ അല്ല തോന്നുന്നത് അഭിമാനം ആണ്. ഇത് നാടിനുവേണ്ടി കാശ്മീരിൽ ചിന്നി ചിതറിയ എന്റെ സഹോദരങ്ങൾക്കായി പോകുന്നതാണ്. ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും കൂടെ ഉള്ളപ്പോൾ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും- രഞ്ജിത്ത് രാജ് കുറിപ്പിൽ പറയുന്നു. സൈനികർ അല്ലാത്ത ഭാരതീയർക്ക് ഇതു നാളെയോ മറ്റേനാളോ നടക്കാൻ പോകുന്ന രാഷ്‌ടീയ കൊലാഹലത്തിൽ ഇതു മറക്കാൻ കഴിഞ്ഞേക്കും.
ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്മീർ ഹൈവേയിലൂടെ യാത്രചെയ്യാൻ ഇവിടുത്തെ രാഷ്ട്രീയകാരെ ഞാൻ സ്വാഗതം ചെയ്യുന്നു. അപ്പോൾ നിങ്ങൾക്കു മനസിലാകും ഇന്ത്യയുടെ സുന്ദരമായ താഴ്വരയിലൂടെയുള്ള യാത്ര എങ്ങനെയാണെന്ന്. ചർച്ചകൾക്കോ ഒത്തുതീർപ്പിനോ ഞങ്ങൾ രാഷ്ട്രിയക്കാരല്ല. ഇന്ത്യൻ ആർമി ആണ്. കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും- രഞ്ജിത്ത് കുറിപ്പിൽ പറയുന്നു.