തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്കർക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഐ.പി.എസ് പുത്രി നൽകിയ മൊഴി കളവാണെന്ന സൂചന നൽകി ക്രൈംബ്രാഞ്ച് എസ്.പി കോടതിയിൽ സമർപ്പിച്ച വസ്തുതാ റിപ്പോർട്ട്. ഗവാസ്കർ, എ.ഡി.ജി.പിയുടെ ഔദ്യോഗിക കാർ കാലിൽ കയറ്റിയിറക്കിയെന്നായിരുന്നു ഐ.പി.എസ് പുത്രി മൊഴി നൽകിയിരുന്നത്.
എന്നാൽ, സംഭവ സമയം ഇവർ ധരിച്ചിരുന്ന സ്പോർട്സ് ഷൂസിൽ ടയർ മാർക്കുകളൊന്നും ദൃശ്യമല്ലെന്നും കൈവശമുണ്ടായിരുന്ന മൊബൈൽഫോൺ, ഐപാഡ്, ഹെഡ്സെറ്റ് എന്നിവയിലൊന്നും അപകടം സംഭവിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ഉരവോ തകരാറുകളോ കാണപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഫോറൻസിക് ഫിസിക്സ് ഡിവിഷൻ അസി. ഡയറക്ടറുടെ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ക്രൈംബ്രാഞ്ച് ഇത് സ്ഥാപിക്കുന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച ഒമ്പത് പേജുള്ള റിപ്പോർട്ടിന്റെ ഏഴാം പേജിലാണ് ഈ വിവരമുള്ളത്. അതേസമയം, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തുകയും തന്നെ മർദ്ദിക്കുകയും ചെയ്തുവെന്ന ഗവാസ്കറിന്റെ മൊഴികൾ വാസ്തവമാണെന്നും റിപ്പോർട്ടിലുണ്ട്.
സംഭവത്തിന് ദൃക്സാക്ഷികളായ ആരെയും കണ്ടെത്താനായിട്ടില്ല. എന്നാൽ, പരിക്ക്, സാഹചര്യ തെളിവുകൾ, ഡോക്ടർമാരുടെയും പരാതിക്കാരന്റെയും മൊഴികൾ, ചികിത്സാരേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഗവാസ്കർ ആരോപിക്കുംവിധമുള്ള സംഭവം നടന്നിട്ടുണ്ടാകാനും അതിൽ പരിക്കേൽക്കാനും ഇടയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഐ പാഡുപയോഗിച്ചാണ് മർദ്ദിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ ജൂൺ 13ന് വൈകുന്നേരം ഗവാസ്കറിനെ ഐ.പി.എസ് പുത്രി വഴക്ക് പറഞ്ഞത് മുതൽ അടുത്തദിവസം രാവിലെ മർദ്ദനമേറ്റതുവരെയുള്ള ഓരോ സംഭവങ്ങളും അതിലുൾപ്പെട്ടവരേയും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇവരുടെ വിശദമായ മൊഴികളും മറ്റ് തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
സാക്ഷികൾ
ഗവാസ്കറിന്റെയും എ.ഡി.ജി.പിയുടെയും കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ, കനകക്കുന്നിലെ സെക്യൂരിറ്റി ജീവനക്കാർ, ജ്യൂസ് കച്ചവടക്കാർ, സംഭവത്തിനുശേഷം ഐ.പി.എസ് പുത്രി വീട്ടിൽ പോകാനായി വിളിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ, ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ, നഗരസഭയിലെ ശുചീകരണ ജോലിക്കാർ, വഴിയാത്രക്കാർ, കൺട്രോൾ റൂമിലെയും വയർലസ് വിഭാഗത്തിലെയും പൊലീസുകാർ, ഡോക്ടർമാർ തുടങ്ങിയവരാണ് കേസിലെ സാക്ഷികൾ.
സംഭവസമയത്തെ വയർലസ് സംഭാഷണങ്ങൾ, സൈബർ സെല്ലിൽ നിന്ന് ശേഖരിച്ച ഫോൺ കോൾ വിശദാംശങ്ങൾ, സിസി ടിവി ദൃശ്യങ്ങൾ എന്നിവ തെളിവുകളായി റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ജാമ്യമില്ലാകുറ്റം
അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോയാൽ കൃത്യ നിർവഹണം തടസപ്പെടുത്തൽ, ഐ പാഡുപയോഗിച്ച് മർദ്ദിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ എ.ഡി.ജിപിയുടെ മകൾക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തേണ്ടിവരുമെന്നാണ് സൂചന.
എന്നാൽ, ദൃക്സാക്ഷികളെ ഇതുവരെ കിട്ടിയില്ലെന്ന് പറഞ്ഞ് അന്വേഷണം നീട്ടിക്കൊണ്ട് പോകാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. 2018 ജൂൺ14ന് രാവിലെ 8.30നാണ് സംഭവം നടക്കുന്നത്. ക്രൈംബ്രാഞ്ചിന് വിട്ട കേസിന്റെ അന്വേഷണ ചുമതല ആന്റിപൈറസി സെൽ എസ്.പി പ്രശാന്തൻ കാണിക്കാണ്.