pulwama-attack

റാഞ്ചി: കാശ്‌മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്റെ കുടംബത്തിന് പത്ത് ലക്ഷം രൂപയും ജോലിയും പ്രഖ്യാപിച്ച് ജാർഖണ്ഡ് സർക്കാർ. മുഖ്യമന്ത്രി രഘുബർ ദാസാണ് പ്രഖ്യാപനം നടത്തിയത്. കുടംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

ആക്രമണത്തിൽ കൊല്ലപ്പെട്ട ജാർഖണ്ഡ് സ്വദേശിയായ സി.ആർ.പി.എഫ് ജവാൻ വിജയ് സോരഗിന്റെ കുടുംബത്തിനാണ് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. രാജ്യത്തിന് വേണ്ടി പോരാടിയ രക്തസാക്ഷികൾ ഒരിക്കലും മരിക്കുന്നില്ല. സ്വർഗത്തിലും അവർ വീരസ്വർഗം പ്രാപിക്കുന്നു എന്നായിരുന്നു വീരമൃത്യു വരിച്ച സൈനികർക്ക് അനുശോചനം അറിയിച്ച് രഘുബർദാസ് പറഞ്ഞത്.

അതേസമയം, ജമ്മു കാശ്‌മീരിൽ 44 ജവാന്മാരെ കൂട്ടക്കൊല ചെയ്‌ത പാക് ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയ കേന്ദ്രസർക്കാർ,​ ഭീകരസംഘടനകളെ പോറ്റുന്ന പാകിസ്ഥാനെ അന്താരാഷ്‌ട്ര തലത്തിൽ ഒറ്റപ്പെടുത്താനും നീക്കം തുടങ്ങി. തിരിച്ചടിക്കാനുള്ള സമയവും സ്ഥലവും പ്രഹരം എങ്ങനെ വേണമെന്നും സൈന്യത്തിന് തീരുമാനിക്കാമെന്നും ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ പറഞ്ഞു. പ്രതികാരം ചെയ്യുമെന്ന് സി.ആർ.പി.എഫും പ്രഖ്യാപിച്ചു.

കോൺഗ്രസ് അടക്കമുള്ള ദേശീയ പാർട്ടികൾ കേന്ദ്രസർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.