തൃശൂർ: പരോളിലിറങ്ങി മോഷണശ്രമം നടത്തിയ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് വീയ്യൂർ ജയിലിൽ വലിയ സൗകര്യങ്ങൾ. അഞ്ച് പേരെ പാർപ്പിക്കാവുന്ന സെല്ലിൽ ഒരു വർഷമായി ഒറ്റയ്‌ക്കാണ് സുനി കഴിയുന്നത്. ജയിലിനുള്ളിലിരുന്നു ക്വട്ടേഷനുകൾ ആസൂത്രണം ചെയ്യാനുള്ള ഫോൺ സൗകര്യം ഒരുക്കിക്കൊടുക്കാനും ചാർജ് ചെയ്തു നൽകാനും ജയിൽ ഉദ്യോഗസ്ഥരുമുണ്ട്. മാനുഷിക പരിഗണനയെന്ന പേരിലാണ് കൊടി സുനിക്ക് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
പച്ചക്കറിത്തോട്ടത്തിൽ പണിക്ക് ഇറങ്ങിയ വകയിൽ ഓരോ മാസവും 3000 മുതൽ 4000 രൂപ വരെ വരുമാനവും. ഒറ്റ ദിവസം പോലും ജോലി ചെയ്യാതെയാണിത്. ജയിലിനുള്ളിലിരുന്നു പുറത്തേക്ക് ഫോൺ വിളികൾ നടത്താൻ സുനിക്കു സൗകര്യമൊരുക്കിയത് ഉദ്യോഗസ്ഥരിൽ ചിലരാണ്. ഫോൺ ഉപയോഗത്തിനായി ചാർജ് നിറച്ച ബാറ്ററികൾ നിരന്തരം ഉദ്യോഗസ്ഥർ സെല്ലിൽ എത്തിക്കുന്നു.
പരോളിലിറങ്ങി കൈതേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവമടക്കം ആസൂത്രണം ചെയ്യപ്പെട്ടതു ജയിലിനുള്ളിലാണെന്നാണ് റിപ്പോർട്ടുകൾ. കാർ ആക്രമിച്ചു കള്ളക്കടത്തു സ്വർണം കവർന്നതടക്കം ജയിലിനുള്ളിലിരുന്ന് ആസൂത്രണം ചെയ്ത ക്വട്ടേഷനുകളുടെ പേരിൽ പൊലീസ് അന്വേഷണം നേരിടുകയാണ് സുനി.