pinarayi-in-dubai
pinarayi in dubai

ദുബായ്: ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനോട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു, ഇക്കൊല്ലം തന്നെ ആതിഥ്യമരുളാൻ അവസരം നൽകണം. യു.എ.ഇ വൈസ് പ്രസിഡന്റു കൂടിയായ അൽ- മക്തൂം ഹൃദയപൂർവ്വം ക്ഷണം സ്വീകരിച്ചു.

യു.എ.ഇയിൽ മലയാളികളുടെ വില എന്താണെന്ന് ഭരണാധികാരിയുമായുള്ള സംഭാഷണത്തിൽ മനസിലായെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടപ്പോൾ ആദ്യ ചോദ്യം ഇങ്ങനെ, എന്തുകൊണ്ടാണ് മലയാളികൾ കൂട്ടത്തോടെ ഇങ്ങോട്ട് വരുന്നത് ?

മലയാളികളെല്ലാം തങ്ങളുടെ രണ്ടാം വീടായാണ് യു.എ.ഇയെ കാണുന്നതെന്ന മറുപടിയിൽ ഭരണാധികാരി സന്തുഷ്ടൻ. യു.എ.ഇ ജനസംഖ്യയിൽ 80 ശതമാനം മലയാളികളാണെന്ന് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. തന്റെ കൊട്ടാരത്തിൽ ഒപ്പമുള്ളവരിൽ 100 ശതമാനവും മലയാളികളാണെന്നായിരുന്നു ദുബായ് ഭരണാധികാരിയുടെ കമന്റ്.

മുൻകൂട്ടി നിശ്ചയിച്ചതിലും അധികം സമയം ഭരണാധികാരി കേരള സംഘവുമായി ചെലവഴിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോകാൻ തുടങ്ങിയിട്ടും ചർച്ച അവസാനിപ്പിക്കാൻ തയ്യാറായില്ല. അല്പസമയം കൂടി സംസാരിച്ചു. മടങ്ങുമ്പോൾ കാറിനടുത്ത് വരെ കൈപിടിച്ച് ഭരണാധികാരി നടന്നെത്തി. യു.എ.ഇയിലെ ലക്ഷക്കണക്കിന് മലയാളികളെ സംരക്ഷിക്കുന്ന കാര്യങ്ങളാണ് തന്റെ കൈപിടിച്ചിരിക്കുന്നതെന്നോർത്ത് അഭിമാനം തോന്നി. കേരളത്തിന് എത്രമാത്രം അംഗീകാരമാണ് പ്രവാസികൾ ഉണ്ടാക്കിയിരിക്കുന്നതെന്ന് ഓർത്തുപോയി - മുഖ്യമന്ത്രി പറഞ്ഞു.

യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി, വ്യവസായി ഡോ.എം.എ.യൂസഫലി, മുഖ്യമന്ത്രിയുടെ ഭാര്യ കമല, ചീഫ് സെക്രട്ടറി ടോം ജോസ്, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഇളങ്കോവൻ, ജോൺ ബ്രിട്ടാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.