''ഹോ..." എസ്.ഐ വിജയയിൽ നിന്ന് ഒരു ശബ്ദമുയർന്നു.
മറ്റാരും അനങ്ങുന്നില്ല. എല്ലാ കണ്ണുകളും കംപ്യൂട്ടർ മോണിട്ടറിൽ തറഞ്ഞുനിൽക്കുകയാണ്.
പ്രഭാകരൻ പിന്നോട്ടു കൈ നീട്ടി തന്റെ കഴുത്തിൽ കുരുക്കിട്ടവന്റെ കയ്യിൽ പിടിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ കഴിയുന്നില്ല.
അയാൾക്ക് ശ്വാസം മുട്ടിത്തുടങ്ങുന്നു. കൈകാലുകൾ അടിച്ചു പിടയുന്നു...
പിന്നിൽ നിൽക്കുന്നവൻ കയർ മുറുക്കിക്കൊണ്ടിരിക്കുന്നു...
അവസാനം....
പ്രഭാകരൻ കാലുകൾ കൊണ്ട് മണ്ണിൽ ചുര മാന്തുന്നു....
ഒരു താറാവിനെ കൊല്ലുന്നതുപോലെ പിന്നിൽ നിന്നയാൾ കയറിന്റെ ഒരഗ്രത്തിലെ പിടി വിടുന്നു....
പ്രഭാകരന്റെ നിശ്ചല ശരീരം തറയിൽ വീഴുന്നു...
ഒരാൾ മെയിൻ സ്വിച്ചിന് അരുകിലേക്ക് നീങ്ങുന്നതുവരെയേ ഉള്ളൂ ദൃശ്യങ്ങൾ.. പിന്നെ ഇരുട്ട്..
മെയിൻ സ്വിച്ച് ഓഫ് ചെയ്തതാവണം.
അരുണാചലം ഇരുട്ട് ഓടിച്ചുകളഞ്ഞു.
കംപ്യൂട്ടറിൽ വീണ്ടും വെളിച്ചം വന്നതിനു ശേഷമുള്ള ദൃശ്യം.
കൊലയാളികൾ സുമോയിൽ കയറി മടങ്ങുന്നു....
''സാർ.. ഒന്നു സ്റ്റിൽ ആക്കിക്കേ." പെട്ടെന്നു വിജയ പറഞ്ഞു.
എസ്.പി അപ്രകാരം ചെയ്തു.
വിജയ കംപ്യൂട്ടർ മോണിട്ടറിലേക്കു വിരൽ ചൂണ്ടി.
''വണ്ടി നമ്പർ ഇല്ലെങ്കിലും ദൈവത്തിന്റെ അടയാളം പോലെ ഒന്നുണ്ട് സാർ... ഇത് കണ്ടോ... "
മറ്റുള്ളവരും കണ്ടു...
സുമോയുടെ പിൻഗ്ളാസിൽ ഒരു ചിത്രം.. ഡ്രാഗണിന്റെ!
''മതി... ഇതുമതി ഈ സുമോ കണ്ടെത്തുവാൻ." അരുണാചലം ദീർഘമായി ഒന്നു നിശ്വസിച്ചു.
പിന്നെ തന്റെ സെൽഫോൺ എടുത്ത് പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് എത്രയും വേഗം വാൻ കണ്ടെത്താൻ നിർദ്ദേശിച്ചു.
ജില്ല വിട്ട് വാൻ പുറത്തുകടക്കും മുൻപ് കണ്ടെത്താൻ കഴിയുമെന്ന ഉറപ്പുണ്ടായിരുന്നു അരുണാചലത്തിന്.
എന്നാൽ.....
എല്ലാ പഴുതുകളും അടച്ച് റോഡുകൾ ബ്ളോക്ക് ചെയ്ത് രാത്രി മുഴുവൻ തിരഞ്ഞെങ്കിലും ആ വാൻ കണ്ടെത്താൻ കഴിഞ്ഞില്ല പോലീസിന്!
തിരുവനന്തപുരം മെഡിക്കൽ കോളേജ്.
രാവിലെ നഴ്സുമാർ ഡ്യൂട്ടി മാറാനുള്ള സമയമായി.
സാവത്രി ഐ.സി.യുവിന് അടുത്തേക്കു ചെല്ലുമ്പോൾ ചില ഡോക്ടർമാർ തിടുക്കത്തിൽ അകത്തേക്കു പോകുന്നതു കണ്ടു.
സാവത്രിയെ അവരാരും ശ്രദ്ധിച്ചില്ല. അവർക്ക് എന്തോ സംശയം തോന്നി.
സാധാരണ സാവത്രിയെ കാണുമ്പോൾ ഡോക്ടർമാർ, രാജസേനന്റെ വിവരം പറയാറുള്ളതാണ്.
മുൻ ആഭ്യന്തരമന്ത്രിയുടെ ഭാര്യ എന്ന പരിഗണന ഡോക്ടർമാർ അവർക്കു നൽകിയിരുന്നു.
സാവത്രി വാതിലിനരുകിൽ ശങ്കിച്ചു നിന്നു.
പെട്ടെന്ന് രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സ് താര പരിഭ്രമിച്ച മട്ടിൽ പുറത്തുവന്നു.
''മോളേ..."
സാവത്രി വിളിച്ചു.
ഞെട്ടിയതുപോലെ താര അവരെ തുറിച്ചു നോക്കി.
''അദ്ദേഹത്തിന് എങ്ങനെയുണ്ട്?"
''അത്... ഡോക്ടർമാർ പറയും..." വല്ലവിധേനയും അത്രയും പറഞ്ഞിട്ട് താര തിടുക്കത്തിൽ പോയി.
സാവത്രിക്ക് ആശങ്ക വർദ്ധിച്ചു. അവർ ഫോൺ എടുത്ത് രാഹുലിനെ വിളിച്ചു.
അഞ്ചു മിനിട്ടിനുള്ളിൽ രാഹുലും അവിടെയെത്തി.
ആ സമയം ഐ.സി.യൂവിനുള്ളിൽ...
ഡോക്ടർമാർ പരസ്പരം നോക്കി നിൽക്കുകയാണ്.
''പെട്ടെന്ന് ഇങ്ങനെ സംഭവിച്ചത് എന്താണെന്നാണു മനസ്സിലാകാത്തത്..."
ഒരാൾ പിറുപിറുത്തു.
''ഇന്നലെ വൈകിട്ടും നല്ല പ്രോഗ്രസ് ഉണ്ടായിരുന്നു..."
മറ്റൊരാൾ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വിളിച്ച് വിവരം പറഞ്ഞു.
''എന്തായാലും തൽക്കാലം ഈ ന്യൂസ് പുറത്തുവിടണ്ടാ. ജനങ്ങളും രാഷ്ട്രീയക്കാരും എങ്ങനെ പ്രതികരിക്കും എന്നറിയില്ലല്ലോ...
ഞാൻ ഡി.ജി.പിയുമായും വകുപ്പ് മന്ത്രിയുമായും ഒന്നു സംസാരിക്കുന്നുണ്ട്."
സൂപ്രണ്ട് അറിയിച്ചു.
താര വീണ്ടും അകത്തേക്കു വന്നു.
''ഡോക്ടർ ... ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പുറത്തുണ്ട്. ഇപ്പോൾത്തന്നെ ഇദ്ദേഹത്തെ കാണണമെന്ന് വാശി പിടിക്കുന്നു."
ഡോക്ടർമാർ വല്ലാതെ ഞെട്ടി.
ആ നിമിഷം ഐ.സി.യുവിന്റെ വാതിൽ തള്ളിത്തുറന്ന് രാഹുൽ അകത്തേക്കു കടന്നുവന്നു...
(തുടരും)