തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഏറ്റവും പുതിയ പദ്ധതിയായ പ്രധാനമന്ത്രി കിസാൻസമ്മാൻ നിധി കേരളത്തിൽ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാൻ സാദ്ധ്യതയില്ല. തിരഞ്ഞെടുപ്പ് അടുത്തതിനാൽ പദ്ധതി നീട്ടിക്കൊണ്ടുപോകാൻ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നാണ് സൂചന. കർഷകരുടെ അക്കൗണ്ടിലേക്കു വർഷത്തിൽ 6000 രൂപ നേരിട്ടു നൽകുന്ന പദ്ധതിയാണ് സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പിന്റെ പേരിൽ നീട്ടിക്കൊണ്ടു പോകുന്നത്.
കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ കർഷകർക്ക് പദ്ധതിയുടെ ആദ്യ ഘടുവായ 2000 രൂപ അക്കൗണ്ടിലെത്തി. കേരളത്തിലെ കർഷകർക്ക് പണം നൽകാനുള്ള വിവരങ്ങൾ കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും സംസ്ഥാന കൃഷി വകുപ്പ് മുഖം തിരിക്കുകയാണ്. കേന്ദ്ര നിബന്ധനയനുസരിച്ചു യോഗ്യരായവരെ തിരഞ്ഞെടുക്കാൻ കർഷകരുടെ റജിസ്റ്റർ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനു(എൻ.ഐ.സി) കൈമാറുകയാണ് ആദ്യം വേണ്ടത്. അതു പിന്നീട് പി.എം കിസാൻ പോർട്ടലിലേക്ക് മാറ്റും. 25 നകം അർഹരുടെ പട്ടിക തയാറാക്കാൻ നിർദ്ദേശമുണ്ടായെങ്കിലും അനുബന്ധ നടപടിയുണ്ടായില്ല.
സംസ്ഥാനത്തു 11 ലക്ഷത്തിലധികം പേർക്കു ആനുകൂല്യം ലഭിക്കുമെന്നാണ് പ്രാഥമിക കണക്ക്. മൊത്തം കർഷകരിൽ 90 ശതമാനവും ചെറുകിട-നാമമാത്രക്കാരാണ്. അതിൽ നാലു ലക്ഷം ഇതുവരെ വകുപ്പിൽ പേരു റജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ച് ഏക്കർ വരെ ഭൂമിയുള്ളവരാണ് ആനുകൂല്യത്തിന് അർഹർ. അതേസമയം, നടപടികൾ താമസിയാതെ പൂർത്തിയാക്കുമെന്നു സംസ്ഥാന കാർഷികോത്പാദന കമ്മിഷണർ ഡോ. ഡി.കെ.സിംഗ് പറഞ്ഞു.