ശരീരത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിക്കുന്നതാണ് അർബുദത്തിന്റെ പ്രധാന കാരണം. ജനിതക ഘടകങ്ങളോടൊപ്പം മറ്റു പലതും ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. ഭാരതത്തിൽ പുരുഷന്മാരിൽ ഏറ്റവും കൂടുതലും, സ്ത്രീകളിൽ സ്തനാർബുദത്തിനും ഗർഭാശയ അർബുദത്തിനും പിന്നിൽ മൂന്നാമതായും കാണപ്പെടുന്നതാണ് വായിലെ കാൻസർ. ഇതിന്റെ പ്രധാന കാരണങ്ങളിൽ പുകയിലയുടെ അമിത ഉപയോഗം, മദ്യപാനം, സൂര്യതാപം, വൈറസ് അണുബാധ തുടങ്ങി പലതും ഉൾപ്പെടുന്നു. ഏറ്റവും പ്രധാനമായത് പുകയിലയുടെ ഉപയോഗമാണ്.
പണ്ടുള്ള കാരണവന്മാർ സ്ഥിരം പറയുന്നതാണ് നാലും കൂട്ടി മുറുക്കുക എന്നത്. വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്, പുകയില ഇതാണല്ലോ ഈ നാല് ഘടകങ്ങൾ. പലരുടെയും വിചാരം ഇതിൽ പുകയില മാത്രമാണ് ഹാനികരം എന്നതാണ്. പുകയിലയ്ക്കൊപ്പം അടയ്ക്കയും ചുണ്ണാമ്പും ഹാനികരം തന്നെയാണ്. അർബുദത്തിന് മുന്നോടിയായി കാണുന്ന പലതരം അവസ്ഥകൾ ഉണ്ട്.
ഇത് പലപ്പോഴും വദനാർബുദത്തിന്റെ ചൂണ്ടുപലകയായി വർത്തിക്കാറുണ്ട്. അതിൽ ഒന്നാണ് അടയ്ക്കയുടെ അമിത ഉപയോഗം. ഇതുമൂലം കവിളിന്റെ ഉൾഭാഗത്ത് ദശയുടെ കാഠിന്യം വർദ്ധിക്കുകയും തത്ഫലമായി വായ തുറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. നാക്ക് നല്ലവണ്ണം നീട്ടാൻ പോലും കഴിയാതെ വരുന്നു.
(തുടരും)