ദുബായ്: കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി എയർ കേരളയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ നിലപാട് മാറ്റുന്നു. നേരത്തേ വേണ്ടെന്നു വച്ചിരുന്ന പദ്ധതി വീണ്ടും സജീവമാവുകയാണ്. എയർകേരള ആലോചിക്കാവുന്ന തരത്തിലായിട്ടുണ്ടെന്നും പൊതു-സ്വകാര്യ പങ്കാളിത്തതോടെ പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്നും ലോക കേരളസഭയുടെ പ്രതിനിധി ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് എയർ കേരള.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകളിൽ സ്വകാര്യ വ്യോമയാന കമ്പനികൾ ഉയർന്ന ടിക്കറ്റ് നിരക്കുകൾ ഈടാക്കി യാത്രക്കാരെ പിഴിയുന്ന സാഹചര്യത്തിലാണ് വിദേശ മലയാളികളെ സഹായിക്കാൻ സംസ്ഥാനത്തിന് സ്വന്തമായി വിമാനക്കമ്പനി വേണമെന്ന ആവശ്യം ഉയർന്നത്. പൊതു മേഖലാ വിമാന കമ്പനിയായ എയർ ഇന്ത്യയുടെ കെടുകാര്യസ്ഥതയും സ്വന്തമായൊരു വിമാന സർവീസെന്ന ആവശ്യത്തിന് പ്രസക്തി വർദ്ധിപ്പിച്ചു.
കേരള ബാങ്ക് വലിയ ഷെഡ്യൂൾ ബാങ്കായി മാറുമ്പോൾ പ്രവാസികൾക്ക് മികച്ച സേവനം ലഭിക്കും. നാട്ടിലേക്ക് പണമയയ്ക്കാൻ വിദേശത്തു നിന്ന് പ്രത്യേക സൗകര്യമൊരുക്കും. ഇവിടത്തെ ബാങ്കിലോ മറ്റോ പണം നിക്ഷേപിച്ചാൽ കേരള ബാങ്കിൽ പിറ്റേദിവസം എത്തും. പ്രവാസികൾക്ക് ഡോളറിൽ നിക്ഷേപിക്കാൻ ഡോളർ ബോണ്ട് ഇറക്കുന്നത് പരിഗണിക്കും. സാധാരണ രൂപയിലാണ് ബോണ്ട് ഇറക്കുക. കിഫ്ബിയുടെ രണ്ടാംഘട്ടത്തിൽ ഡോളർ നിക്ഷേപം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൗദി അറേബ്യ സന്ദർശിക്കാനുള്ള പ്രവാസികളുടെ ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചു. സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ, കെ.സി. ജോസഫ്, ടി.വി. ഇബ്രാഹിം, പി.കെ. ബഷീർ, എം.എ. യൂസഫലി, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ആശാ ശരത് എന്നിവർ പങ്കെടുത്തു.
എയിംസിനെക്കാൾ മികച്ച സ്ഥാപനം കൊണ്ടുവരും
എയിംസ് വേണമെന്ന ദീർഘകാലമായുള്ള ആവശ്യം കേന്ദ്രസർക്കാർ നിരസിക്കുന്ന പശ്ചാത്തലത്തിൽ, പ്രവാസികളുടെ ശേഷി ഉപയോഗിച്ച് എയിംസിനേക്കാൾ മികച്ച സ്ഥാപനം കേരളത്തിൽ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
₹5 ലക്ഷം നിക്ഷേപിക്കുന്ന പ്രവാസികൾക്കുള്ള ഡിവിഡന്റ് പെൻഷൻ പദ്ധതിയിൽ ചില സാങ്കേതിക പരിശോധനകൾ കൂടി മാത്രമേയുള്ളൂ. കാലതാമസമില്ലാതെ യാഥാർത്ഥ്യമാക്കും
കേരളത്തിൽ എടുത്തുപറയത്തക്ക മികവുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ആ കുറവ് പരിഹരിക്കും. പ്രശസ്‌ത കലാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കും
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഓൺലൈൻ വഴിയാക്കുന്നത് പരിഗണിക്കും
പ്രവാസി സാംസ്‌കാരികോത്സവം പരിഗണനയിൽ. കുടുംബശ്രീ പോലെ വിവിധ രാജ്യങ്ങളിലെ സ്ത്രീകളുട കൂട്ടായ്‌മയുണ്ടാക്കും
സൊസൈറ്റികളിൽ പ്രവാസികൾക്ക് നോമിനേഷൻ വരും. പ്രവാസി ഇൻഷ്വറൻസ് വിപുലീകരിക്കും
എൻ.ആർ.ഐ ഇൻവെസ്‌റ്റ്മെന്റ് കമ്പനി രൂപീകരിക്കും. പ്രവാസികൾ ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിക്കും
തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം ശക്തിപ്പെടുത്തും. കോഴ്സ് കഴിയുന്നതോടെ ജോലിയിൽ പ്രവേശിക്കാൻ പ്രാപ്‌തരാക്കും