തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ബി.ജെ.പിയിൽ കലഹം. ആരോരുമറിയാതെ സ്ഥാനാർത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി കേന്ദ്രത്തിനയച്ച സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ നടപടിയാണ് ഏറ്രവുമൊടുവിലെ പൊട്ടിത്തെറിക്ക് കാരണമായത്. മൂന്നുപേരടങ്ങുന്ന ചുരുക്കപട്ടിക തയ്യാറാക്കി നൽകിയെന്നു മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞ സംസ്ഥാന പ്രസിഡന്റ് സംഭവം വിവാദമായതോടെ കളംമാറ്രി. തനിക്ക് ചുരുക്കപ്പട്ടികയെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞു. പ്രസിഡന്റിന്റെ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ച് വി.മുരളീധരൻ വിഭാഗം കൊച്ചിയിലെ കോർ കമ്മിറ്റിയിൽ നിന്ന് വിട്ടുനിന്നതോടെയാണ് ചുരുക്കപ്പട്ടിക വിവാദം കത്തിയത്. അതേസമയം പനിപിടിച്ചതുകൊണ്ടാണ് കെ.സുരേന്ദ്രൻ കോർ കമ്മിറ്രിക്ക് വരാത്തെതന്നാണ് വിശദീകരണം. വി.മുരളീധരനാവട്ടെ ആന്ധ്രയുടെ സംഘടനാ ചുമതലയുടെ തിരക്കായതിനാൽ ഇപ്പോൾ കോർ കമ്മിറ്രി യോഗങ്ങളിൽ പങ്കെടുക്കാറുമില്ലത്രെ. സി.കെ.പദ്മനാഭൻ സ്ഥിരമായി യോഗത്തിൽ പങ്കെടുക്കുന്ന ആളുമല്ല.
അതിനിടെ പ്രധാന സീറ്രുകളിലേക്ക് ബി.ജെ.പി നേതാക്കൾ സ്ഥാനാർത്ഥി മോഹവുമായി ഇടി തുടങ്ങി. തിരുവനന്തപുരം, ആറ്രിങ്ങൽ, പത്തനംതിട്ട, തൃശൂർ, പാലക്കാട് തുടങ്ങിയ സീറ്റുകളിലേക്കാണ് കൂടുതൽ മോഹികളുള്ളത്. തിരുവനന്തപുരത്ത് മത്സരിക്കാൻ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് അതിയായ താല്പര്യമുണ്ട്. ആർ.എസ്. എസിന് താല്പര്യം കുമ്മനം രാജശേഖരനെയാണ് . കുമ്മനം ഇല്ലെങ്കിൽ സുരേന്ദ്രൻ വേണമെന്നാണ് അവരുടെ നിലപാട്. മോഹൻലാലിനെ നിറുത്താനുള്ള നീക്കം പൊളിഞ്ഞതോടെയാണ് കുമ്മനമോ സുരേന്ദ്രനോ മതിയെന്ന നിലപാടിലെത്തിയത്.
ആറ്രിങ്ങലിലും ശക്തമായ മത്സരം കാഴ്ചവയ്ക്കണമെന്ന് ആർ.എസ്.എസിന് താല്പര്യമുണ്ട്. ബി.ഡി.ജെ.എസിലെ തുഷാർ വെള്ളാപ്പള്ളിയെ സ്ഥാനാർത്ഥിയാക്കാനാണ് ആർ.എസ്. എസിന് താല്പര്യം. തുഷാർ വഴങ്ങാത്തതോടെ ബി.ജെ.പി സ്ഥാനാർത്ഥിയെ നിറുത്താനും ആലോചിക്കുന്നുണ്ട്. മുമ്പ് കാട്ടാക്കട നിയമസഭാ സീറ്റിൽ മത്സരിച്ചെന്ന പരിഗണനയിൽ പി.കെ.കൃഷ്ണദാസിനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. എന്നാൽ ആറ്രിങ്ങലിൽ മത്സരിക്കണമെന്ന് ശോഭാ സുരേന്ദ്രനും താല്പര്യമുണ്ട്. പത്തനംതിട്ടയിലും സ്ഥാനാർത്ഥി മോഹികളുടെ എണ്ണം കൂടുകയാണ്. ശശികുമാര വർമ്മ, കെ.പി.ശശികല, മഹേഷ് മോഹനര് തുടങ്ങിയ സ്വതന്ത്രരെ നിറുത്താൻ ആർ.എസ്.എസ് താല്പര്യം കാണിക്കുമ്പോൾ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, എം.ടി.രമേശ് എന്നിവർക്കും ഇവിടെ നോട്ടമുണ്ട്.
തൃശൂരാണ് ആവശ്യക്കാർ ഏറെയുള്ള മറ്രൊരു സ്ഥലം. ഇവിടത്തെ ജില്ലാ കമ്മിറ്രി കെ.സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെടുമ്പോൾ തൃശൂരിൽ മത്സരിക്കാനുള്ള അവകാശ വാദവുമായി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും രംഗത്തുണ്ട്. ആറ്രിങ്ങൽ കിട്ടിയില്ലെങ്കിൽ തനിക്ക് പാലക്കാട് മത്സരിക്കണമെന്നാണ് ശോഭാ സുരേന്ദ്രന്റെ അവകാശ വാദം. ഇതിനനുകൂലായായിരുന്നു ദേശീയ ജനറൽ സെക്രട്ടറി പി.മുരളീധർ റാവുവും. എന്നാൽ ജില്ലാ കമ്മിറ്രി ഒന്നടങ്കം സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭാ വൈസ് ചെയർമാനുമായ സി.കൃഷ്ണകുമാറിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ്. സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയ്ക്കാണെങ്കിൽ മഹിളാ മോർച്ച പ്രസിഡന്റ് വി.ടി.രമയെ പാലക്കാട് നിറുത്താനാണ് താല്പര്യം.
കാസർകോട് മത്സരിക്കാനാണ് മുൻ പ്രസിഡന്റ് പി.കെ.കൃഷ്ണദാസിന് താല്പര്യം എന്നും അറിയുന്നു. ഇതോടൊപ്പം ജയസാദ്ധ്യതയില്ലാത്ത മറ്ര് സീറ്രുകളിലേക്കും മത്സരിക്കാൻ രണ്ടാം നിര നേതാക്കൾ തയ്യാറെടുത്തിരിക്കുകയാണ്. അതേസമയം തങ്ങൾ മത്സരിക്കാനുദ്ദേശിക്കുന്ന സീറ്രിൽ ജയസാദ്ധ്യതയുണ്ടോ എന്നറിയാൻ ചില നേതാക്കൾ സ്പെഷ്യൽ ബ്രാഞ്ചിലേയും ഇന്റലിജൻസിലെയും ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതായും അറിയുന്നു.