police-control-room

തിരുവനന്തപുരം: പൊലീസിന്റെ അടിയന്തര സഹായങ്ങൾ ലഭിക്കാൻ വിളിക്കുന്ന 100 എന്ന നമ്പർ മാറുന്നു. 112 എന്നുള്ളതാണ് പുതിയ നമ്പർ. രാജ്യം മുഴുവൻ ഒറ്റ കണ്‍ട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ് എന്നീ സേവനങ്ങൾക്കെല്ലാം ഇനി 112 ലേക്ക് വിളിച്ചാൽ മതി. 100ൽ വിളിക്കുമ്പോൾ ഓരോ ജില്ലകളിലേയും കൺട്രോൾ റൂമിലേക്കാണ് വിളിപോകുന്നത്.

ഈ മാസം 19 മുതൽ എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേക്കാവും വിളിയെത്തുക. ഒരേ സമയം 50 കോളുകൾ വരെ സ്വീകരിക്കാനുള്ള സംവിധാനവും പൊലീസുകാരും ഇവിടെയുണ്ടാകും. ജി.പി.എസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിലിരുന്ന് മനസിലാക്കാം.

റെയ്ഞ്ച് ഇല്ലാത്ത സ്ഥലത്താണെങ്കിൽ വയർലെസ് വഴി സന്ദേശമെത്തും. സംസ്ഥാനത്ത് 750 കൺട്രോൾ റൂം വാഹനങ്ങൾ പുതിയ സംവിധാനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിൻ ഫണ്ടുപയോഗിച്ചുള്ള കേന്ദ്രീകൃത കൺട്രോൾ റൂം സംവിധാനം സി-ഡാക്കാണ് സ്ഥാപിച്ചത്.