പെരിന്തൽമണ്ണ: സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമല ദർശനം നടത്തിയ കനകദുർഗയ്ക്ക് ആഴ്ചയിൽ ഒരു ദിവസം കുട്ടികളെ വിട്ടുകൊടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദ്ദേശിച്ചു. ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണി മുതൽ ഞായറാഴ്ച്ച വൈകീട്ട് 5 മണി വരെയാണ് കനകദുർഗയ്ക്ക് കുട്ടികളെ കാണാനുള്ള അനുമതി നൽകിയിരിക്കുന്നത്. ശബരിമല ദർശനം നടത്തിയതിനെ തുടർന്ന് കുട്ടികളെ കാണാൻ ഭർത്താവും വീട്ടുകാരും അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് കനകദുർഗ നൽകിയ പരാതിയിലാണ് കമ്മിറ്റിയുടെ നിർദ്ദേശം.
ശബരിമല ദർശത്തിന് ശേഷം വീട്ടിയെത്തിയ കനകദുർഗയെ ഭർതൃമാതാവും സഹോദരനും ചേർന്ന് മർദ്ദിച്ചിരുന്നെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് വീട്ടിൽ നിന്നും പുറത്താക്കിയ കനകദുർഗ കോടതിവിധി നേടിയാണ് ഭർതൃവീട്ടിലേക്ക് പ്രവേശിച്ചത്. എന്നാൽ വീട്ടിൽ തുടരാൻ വിസമ്മതിച്ച ഭർതൃമാതാവുൾപ്പടെയുള്ളവർ വേറെ വീട്ടിലേക്ക് മാറുകയും ചെയ്തിരുന്നു.