ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത് ഒരു ദിവസം കഴിയും മുമ്പ് ഇന്ത്യയുടെ സെമി ഹൈ സ്പീഡ് ട്രെയിനായ വന്ദേഭാരത് എക്സ്‌പ്രസ് പണിമുടക്കി. ഉദ്ഘാടനച്ചടങ്ങിനുശേഷം വാരണാസിയിൽ നിന്നു ഡൽഹിക്ക് വരുന്നതിനിടെയായിരുന്നു സംഭവം. ഡൽഹിയിൽ എത്തുന്നതിന് 200 കിലോമീറ്റർ മുമ്പ് ട്രാക്കിൽ നിന്നിരുന്ന പശുക്കളെ ഇടിച്ചതിനെ തുടർന്ന് ട്രെയിനിന്റെ ബ്രേക്കിംഗ് സംവിധാനത്തിനു തകരാർ സംഭവിക്കുകയായിരുന്നു. മൂന്നു മണിക്കൂറുകൾക്കുശേഷം 8.15 ഓടെ ട്രെയിൻ യാത്ര പുനഃരാരംഭിച്ചു. എന്നാൽ പല കോച്ചുകളിലും വൈദ്യുത ബന്ധം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. യാത്രക്കാരായ ഉദ്യോഗസ്ഥരെയും മാദ്ധ്യമപ്രവർത്തകരെയും മറ്റൊരു ട്രെയിനിലേക്കു മാറ്റി ലക്ഷ്യസ്ഥാനത്തെത്തിച്ചു. നിലവിൽ 40 കിലോ മീറ്ററിലധികം വേഗതയിൽ ഓടാനും കഴിയില്ല. പ്രശ്നം പരിഹരിക്കാൻ ട്രെയിൻ ഡൽഹിയിലേക്കു മാറ്റും. ഇന്ന് ആരംഭിക്കാനിരിക്കുന്ന ട്രെയിനിന്റെ പ്രതിദിന സർവീസിൽ മാറ്റമുണ്ടോ എന്ന് വ്യക്തമല്ല. രണ്ട് എക്സിക്യൂട്ടീവ് ക്ലാസുകൾ ഉൾപ്പെടെ 16 എ.സി കോച്ചുകളാണ് ട്രെയിനിലുള്ളത്.