shiv-sena-and-bjp-togethe

മുംബയ്: ബി.ജെ.പിയുമായി ഇടയുകയാണെന്ന വാർത്തകൾക്ക് വിടനൽകി മഹാരാഷ്ട്രയിൽ ശിവേസന ബി.ജെ.പിയുമായി സഖ്യ ധാരണയായി. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സഖ്യമായി നേരിടാനായി മഹാരാഷ്ട്രയിലെ 48 സീറ്റിൽ ബി.ജെ.പി 25 സീറ്റിലും ശിവസേന 23 സീറ്റിലും മത്സരിക്കും. 2014ൽ ശിവസേന 22 സീറ്റിലും ബി.ജെ.പി 26 സീറ്റിലുമാണ് മത്സരിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞതവണ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച പാൽഗട്ട് ഇത്തവണ ശിവസേനയ്ക്ക് നൽകും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും തമ്മിൽ സീറ്റു സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കേണ്ട സീറ്റുകളിൽ ഇരുപാർട്ടികളും ധാരണയിലെത്തിയെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും.

288 സീറ്റുള്ള മഹാരാഷ്ട്ര നിയമസഭയിലേക്ക് ബി.ജെ.പി 145 സീറ്റിലും ശിവസേന 143 സീറ്റിലും മത്സരിക്കും. നിലവിലെ ബി.ജെ.പിയുടെ 7 സീറ്റുകളോളം ശിവസേനയ്ക്ക് വിട്ടുനൽകാനും തയ്യാറായിട്ടുണ്ടെന്നാണ് വിവരം.