പാറ്റ്ന: ബീഹാറിലെ മുസാഫർപൂരിലെ അഭയകേന്ദ്രത്തിലെ അന്ദേവാസികളായ കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. മുസാഫർപൂരിലെ പോക്‌സോ കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
നിതീഷ് കുമാറിന് പുറമേ മുസാഫർപൂർ ജില്ലാ മജിസ്‌ട്രേറ്റ് ധർമ്മേന്ദ്ര സിംഗ്, സാമൂഹ്യ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അതുൽ പ്രസാദ് എന്നിവർക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കേസിലെ പ്രതികളിലൊരാൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ബീഹാറിലെ അഭയകേന്ദ്രങ്ങളെക്കുറിച്ച് വിശദാംശങ്ങൾ നൽകാൻ സർക്കാർ തയ്യാറാകാതിരുന്നതോടെ പീഡനക്കേസിന്റെ വിചാരണ മുസാഫർപ്പൂരിൽ നിന്ന് ഡൽഹി സാകേത് കോടതിയിലേക്ക് സുപ്രീംകോടതി മാറ്റിയിരുന്നു.
കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ സുപ്രീംകോടതി നിർദ്ദേശം മറികടന്ന് സ്ഥലംമാറ്റിയതിന് കഴിഞ്ഞ ദിവസം സി.ബി.ഐ മുൻ താത്കാലിക ഡയറക്ടർ നാഗേശ്വർ റാവുവിന് കോടതി ശിക്ഷ വിധിച്ചിരുന്നു.