indian-

ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന്റെ ​ഞെട്ടൽ മാറും മുമ്പേ ജമ്മു കാശ്മീരിലെ രജൗരി ജില്ലയിൽ സ്ഫോടനവസ്തുക്കൾ പൊട്ടിത്തെറിച്ച് സെെനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മേജ‌ർ റാങ്കിലുള്ള സെെനികനാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ബോംബ് നി‌ർവീര്യമാക്കാനുള്ള ശ്രമത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണരേഖയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് സ്ഫോടനവസ്തുക്കൾ കിടന്നിരുന്നത്.

നിയന്ത്രണരേഖയിൽ പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർ സ്‌ഫോടക വസ്തുക്കൾ നിക്ഷേപിച്ചിട്ടുണ്ടെന്ന് അതിർത്തി രക്ഷാ സേന പറഞ്ഞു. അതിർത്തിയിൽ നിന്നും നുഴഞ്ഞുകയറിയ തീവ്രവാദികളാകാം സ്ഫോടകവസ്തുക്കൾക്ക് സ്ഥാപിച്ചത് എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ സെെന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കശ്മീരിലെത്തി സേനമേധാവികളുടെ യോഗം വിളിച്ചു കൂട്ടിയതിന് പിന്നാലെയാണ് സ്ഫോടനം വിവരം അറിയുന്നത്.