കോഴിക്കോട്: പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ വയനാട് ലക്കിടി സ്വദേശി ഹവിൽദാർ വി.വി. വസന്തകുമാറിന് വീരോചിത യാത്രഅയപ്പ് നൽകി ജന്മനാട്. പൂർണ സർക്കാർ, സൈനിക ബഹുമതികളോടെ ലക്കിടി തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ കുടുംബ ശ്മശാനത്തിൽ വസന്തകുമാറിന്റെ ഭൗതീകശരീരം സംസ്കരിച്ചു. . മന്ത്രിമാരടക്കമുള്ള ഉന്നതരാഷ്ട്രീയ നേതാക്കളെ കൂടാതെ ആയിരക്കണക്കിന് പേരാണ് രാജ്യത്തിനായി ജീവൻബലി നല്‍കിയ ധീരസൈനികന് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. വീട്ടിലും വസന്തകുമാർ പഠിച്ച സ്കൂളിലും പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യാജ്ഞലി അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്.
വീട്ടിനുള്ളിലേക്ക് കൊണ്ടു പോയ ഭൗതീകശരീരം വസന്തകുമാറിന്റെ ബന്ധുക്കളേയും കുടുംബസുഹൃത്തുക്കളെയും മാത്രമാണ് കാണാൻ അവസരം നൽകിയത്. തുടർന്ന് മുറ്റത്തേക്ക് കൊണ്ടു വന്ന മൃതദേഹത്തിൽ നാട്ടുകാർ ആദരാജ്ഞലി അർപ്പിച്ചു. ഇതിന്ശേഷം വസന്തകുമാർ പഠിച്ച ലക്കിടി സർക്കാർ സ്കൂളിൽ പൊതുദർശനത്തിന് ലവച്ചു. ഇവിടെയും ആയിരങ്ങൾ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് രാത്രി 9.30ഓടെ തൃക്കൈപ്പറ്റയിലെ കുടുംബ വീട്ടിൽ കൊണ്ടു വന്ന ഭൗതീക ശരീരം പത്തുമണിയോടെ സംസ്കരിച്ചു. സംസ്കാരചടങ്ങുകള്‍ വൈകുന്നത് ഒഴിവാക്കാന്‍ പൊതുദർശനം വെട്ടിചുരുക്കിയതോടെ ഒരുപാട് പേർക്ക് ധീരജവാന് യാത്രാമൊഴി നേരാൻ സാധിച്ചില്ല.
ഇന്ന് ഉച്ചയോടെയാണ് വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂരിലെത്തിച്ചത്. സഹപ്രവർത്തകന് ഗാർഡ് ഓഫ് ഓണർ നൽകി സൈന്യം ആദരിച്ചപ്പോൾ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും അടങ്ങുന്ന വൻസംഘം സാക്ഷിയായി. കേന്ദ്രസർക്കാരിന് വേണ്ടി അൽഫോൺസ് കണ്ണന്താനമാണ് കരിപ്പൂർ എയർപോർട്ടിലെത്തിയത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, ഇ.പി. ജയരാജൻ, കെ.ടി ജലിൽ, എം.പിമാരായ അബ്ദുൾ വഹാബ്, എം.കെ. രാഘവൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.എൽ.എമാർ എന്നിവർ അന്ത്യോപചാരമർപ്പിച്ച് വസന്തകുമാറിന്റെ വിലാപയാത്രയെ അനുഗമിച്ചിരുന്നു.
യാത്രാമദ്ധ്യേ തൊണ്ടയാട് വച്ചും രാമനാട്ടുകര വച്ചും ജനങ്ങൾ ആദരാഞ്ജലി അർപ്പിച്ചു.
ബറ്റാലിയൻ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാർ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് പോയത്. പതിനെട്ട് വർഷത്തെ സൈനിക സേവനം പൂർത്തിയാക്കിയ വസന്തകുമാർ രണ്ട് വർഷത്തിന് ശേഷം തിരിച്ചുവരാൻ ഒരുങ്ങവേയാണ് ആക്രമണത്തിൽ വീര്യമൃത്യു വരിക്കുന്നത്.
ജമ്മു കശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ വസന്തകുമാറടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പിന്നാലെ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.