ന്യൂഡൽഹി: റോബർട്ട് വാധ്രയുടെ താത്കാലിക ജാമ്യം ഡൽഹി പാട്യാല ഹൗസ് കോടതി മാർച്ച് 2 വരെ നീട്ടി. സുഹൃത്ത് മനോജിനെയും മാർച്ച് രണ്ട് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. എന്നാൽ ആവശ്യപ്പെട്ടാൽ ഏത് നിമിഷവും ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. അന്വേഷണത്തോട് വാധ്ര സഹകരിക്കുന്നില്ലെന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്രിന്റെ പരാതിയെ തുടർന്നാണ് ഈ നിർദ്ദേശം. വാധ്രയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ അന്വേഷണ ഏജൻസി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇടക്കാല ജാമ്യം നീട്ടാൻ വാധ്രയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. വാധ്രയുടെ അടുത്ത അനുയായിയും കുറ്റാരോപിതനുമായ മനോജ് അറോറയുടെയും ജാമ്യം കോടതി നീട്ടി.
അതിനിടെ, ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വാധ്രയ്ക്കെതിരെ കഴിഞ്ഞ ദിവസം കോടതി നടപടിക്ക് ഉത്തരവിട്ടിരുന്നു. തുടർന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വാധ്രയുടെ 4.62 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുക്കെട്ടിയിരുന്നു.
എൻഫോഴ്സ്‌മെന്റ് തന്നെ മനഃപൂർവം വേട്ടയാടുകയാണെന്നും നിർദയമായി തന്നെ അപമാനിക്കുകയാണെന്നും വാധ്ര പ്രതികരിച്ചു.