ഉറങ്ങാതെ രാജ്യത്തിന് വേണ്ടി കാവൽ നിൽക്കുന്ന സെെനികർ നമുക്ക് എന്നും അഭിമാനമാണ്. പുൽവാമ ഭീകരാക്രമണത്തിൽ 44 ധീരജവാൻമാർ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. ഇതേസമയം സോഷ്യൽ മീഡിയയിലൂടെ ഭീകരാക്രമണത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെയുള്ള യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ഇത്തരം പ്രവർത്തനങ്ങൾ പട്ടാളക്കാർക്ക് ഉണ്ടാക്കുന്ന വേദന ചെറുതല്ലെന്ന് തന്റെ അനുഭവത്തിലൂടെ യുവാവ് വ്യക്തമാക്കുന്നു.മാദ്ധ്യമപ്രവർത്തകൻ കൂടിയായ വിവേക് മുഴക്കുന്നിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. സെെനികനായ തന്റെ സഹോദരിയുടെ ഭർത്താവിന്റെ വേദന ഓരോ പട്ടാളക്കാരന്റെയും വേദനയാണെന്നും അദ്ദേഹം ഒാർമ്മിപ്പിക്കുന്നു.
പ്രതിപക്ഷം ഒറ്റക്കെട്ടായി സർക്കാരിനൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ച കോൺഗ്രസിനെ പ്രശംസിക്കാനും വിവേക് മറന്നില്ല. കോൺഗ്രസ് നേതൃത്വത്തിന്റെ പക്വതയ്ക്ക് നന്ദി, നാടിനെ ഒറ്റുകൊടുക്കുന്ന കുലംകുത്തികളെ തള്ളിപ്പറഞ്ഞതിന്. ഒന്നിച്ചുനേരിടേണ്ട സമയമാണെന്ന് തിരിച്ചറിഞ്ഞതിന്. വിവേക് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
അളിയാ മാപ്പ്
ഈ കുലംകുത്തികളോട് പൊറുക്കൂ...
പത്താംക്ലാസുകാരന്റെ മനസില്‍ അയാള്‍ക്കൊരു സൂപ്പര്‍ ഹീറോ പരിവേഷമായിരുന്നു. സ്വന്തം കുടുംബത്തിലേക്ക് ആദ്യമായി കടന്നുവരുന്ന പട്ടാളക്കാരൻ. സിനിമയിൽ പരിചയിച്ചുശീലിച്ച സൈനികന്റെ പതിവ് ചായക്കട വർത്തമാനത്തിന്റെ കെട്ടുകഥകൾ പേറാത്ത മനുഷ്യൻ. സ്വന്തം സഹോദരിയുടെ ജീവിതത്തിന് മാത്രമല്ല, കുടുംബത്തിന്റെ തന്നെ സ്വപ്നങ്ങള്‍ക്ക് നിറംചാലിച്ചു അയാൾ. അളിയന്റെ പേര് രമേഷ് ബാബു.
രമേഷേട്ടന്റെ ഓരോ വരവും പോക്കും ചേച്ചിയുടെ പൊട്ടിക്കരച്ചിലിന്റെ ആവർത്തനങ്ങളായിരുന്നു. വരുന്നത് ശ്രീനഗറിൽ നിന്നാണ്. പോകുന്നതും ശ്രീനഗറിലേക്കാണ്. പാക് ആക്രമണങ്ങൾക്കിടയിലേക്കാണ്. ജീവന് ഒരു ഗ്യാരണ്ടിയുമില്ലാത്ത ഭൂമിയിലേക്കാണ്. എത്രയോ തവണ അളിയന് അപകടം സംഭവിക്കുന്നതായി സ്വപ്നം കണ്ട് ഞെട്ടുയുണർന്നു. എത്രയോ തവണ സഹോദരി വാവിട്ടുകരയുന്നത് കണാതെ കണ്ട് മിണ്ടാതിരുന്നു. അധികം കാര്യമാക്കാതിരുന്ന ജമ്മു കശ്മീര്‍ ഏറ്റുമുട്ടലിന്റെ വാര്‍ത്തകളിലേക്ക് നിരന്തരം കണ്ണോടിച്ചുതുടങ്ങിയത് അങ്ങനെയാണ്.
ആ വാർത്തളിലൂടെ പലതും തിരിച്ചറിയുകയായിരുന്നു. വേട്ടക്കാരന് മുന്നിൽ രാജ്യം തോൽക്കാതിരിക്കാൻ മണൽചാക്കുകൾക്കുപിന്നിൽ എസ്‍.എൽ.ആറുമായി ഉറങ്ങാതെയിരിക്കുന്നവർ. ഇന്ത്യൻ സൈന്യത്തിന്റെ നെഞ്ചുറപ്പിന് രക്തംകൊടുക്കാന്‍ കാത്തിരിക്കുന്നത് എന്റെ അളിയൻ മാത്രമല്ല, ഒരുപാട് അളിയന്മാരാണ്. ഓരോ പട്ടാളക്കാരനിലും ഞാനെന്റെ അളിയനെകണ്ടു. അവരുടെ വീടുകളിൽ എന്റെ സഹോദരിയുടെ മുഖമുള്ളവരെ കണ്ടു. ഇരുപത്തിനാലുവർഷത്തിനിപ്പുറം അളിയന്‍ നാട്ടിൽ തിരിച്ചെത്തി, ഒരു നഖത്തിനുപോലും പോറലേൽക്കാതെ. പക്ഷെ, കൺമുന്നില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ വേദനകള്‍ അളിയനെ വേട്ടയാടുന്നുണ്ടായിരുന്നു.
ഇന്ന് രാവിലെ അളിയൻ വിളിച്ചപ്പോൾ കനലുകൾ വാക്കുകളിലെരിയുന്ന ശബ്ദം ഞാൻ കേട്ടു. " മോനേ ഇതെന്താടോ ഫേയ്സ് ബുക്കിലൊക്കെ ചിലര്‍ എഴുതിവിടുന്നത്. കഷ്ടം തന്നെ. ഈ സമയത്ത് പരസ്പരം കുറ്റപ്പെടുത്തിയിട്ട്, ആരെയെങ്കിലും ചീത്തവിളിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ. തിരഞ്ഞെടുപ്പും ഇതുമായിട്ടുമൊക്കെ എന്തെങ്കിലും ബന്ധമുണ്ട് എന്നൊക്കെ ഇപ്പോ എഴുതുമ്പോ അത് എത്രയാളെ വിഷമിപ്പിക്കുന്നുണ്ടെന്ന് ഇവന്മാർക്ക് അറിയോ. വായിച്ചപ്പോ സങ്കടം തോന്നി, അതോണ്ട് നിന്നെ വിളിച്ചതാ...."
അളിയനോടൊന്നും ആ നേരം പറഞ്ഞില്ല. പക്ഷെ, ഇപ്പോൾ ഇതാ ഈ നിമിഷം എനിക്ക് അളിയനോട് ചിലത് പറയാനുണ്ട്. പുൽവാമ ആക്രമത്തിൽ രാഷ്ട്രീയ വിമർശനത്തിനില്ലെന്ന് കോണ്‍ഗ്രസ് ഇതാ വ്യക്തമാക്കിയിരിക്കുന്നു. പ്രതിപക്ഷം ഒറ്റക്കെട്ടായി സർക്കാരിനൊപ്പമുണ്ടെന്ന് ഇതാ പ്രഖ്യാപിച്ചിരിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ പക്വതയ്ക്ക് നന്ദി, നാടിനെ ഒറ്റുകൊടുക്കുന്ന കുലംകുത്തികളെ തള്ളിപ്പറഞ്ഞതിന്. ഒന്നിച്ചുനേരിടേണ്ട സമയമാണെന്ന് തിരിച്ചറിഞ്ഞതിന്...
ഇന്നത്തെ പത്രത്തിൽ നബിയെ ഉദ്ധരിച്ച് ഒരുവാചകം നിങ്ങളും വായിച്ചിട്ടുണ്ടാകും- ' എല്ലാ തിന്മകളുടേയും വേര് ഈ ലോകത്തോടുള്ള ആസക്തിയാണ് ". ശരിയായിരിക്കാം. നബിയുടെ വാക്കുകളോർത്ത് തിന്മകളുടെ വേരറുക്കാന്‍ നമുക്കാവും നമ്മൾ ഒന്നിച്ച് കൈകോർത്ത് നിന്നാൽ. നമ്മുടെ രാജ്യത്തിന്റെ നമ്മുടെ സൈന്യത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കാതിരിക്കാൻ കുലംകുത്തികൾക്കുനേരെ നിറയൊഴിക്കുക തന്നെ വേണം. വീരയോദ്ധാക്കൾക്ക് ആദരാഞ്ജലികൾ.
ആദരവോടെ, വിവേക് മുഴക്കുന്ന്