iaf

പൊഖ്‌റാൻ : പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ആയുധപ്രഹരശേഷിയുടെ കരുത്ത് കാട്ടി പൊഖ്റാനിൽ വ്യോമസേനയുടെ അഭ്യാസ പ്രകടനം. വായൂ ശക്തി എന്ന പേരിലാണ് ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസപ്രകടനം നടക്കുന്നത്. യുദ്ധസാഹചര്യങ്ങളിൽ ശത്രുവിന് എത്രത്തോളം കനത്ത പ്രഹരം നൽകാൻ സാധിക്കുമെന്ന പ്രഖ്യാപനമായാണ് വ്യോമാഭ്യാസ പ്രകടനത്തെ കാണുന്നത്.

മിഗ് 21, മിഗ്- 29, മിഗ്-27,സുഖോയ്-30 എംകെഐ, മിറാഷ്-2000, തേജസ്, ഹോക്ക്-എം.കെ 132, ജഗ്വാർ എന്നീ യുദ്ധവിമാനങ്ങൾ, സി-130ജെ സൂപ്പർ ഹെർക്കുലീസ് എന്നചരക്കു നീക്കത്തിനുപയോഗിക്കുന്ന വിമാനം എന്നിവയാണ് വ്യോമാഭ്യാസ പ്രകടനത്തിലുള്ളത്.

ഇവയ്ക്ക് പുറമെ എം.ഐ17 വി5, എം.ഐ-35, എച്ച്.എ.എൽ രുദ്ര എന്നീ ഹെലികോപ്റ്ററുകളും ആകാശ് മിസൈലുകളും ഉപയോഗിച്ച് വമ്പൻ വ്യോമാഭ്യാസ പ്രകടനമാണ് പൊഖ്‌റാനിൽ നടക്കുന്നത്. അഭ്യാസപ്രകടനത്തിന്റെ തത്സമയ സംപ്രേക്ഷണം വ്യോമസേനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും നടക്കുന്നുണ്ട്.

മൂന്നുവർഷത്തിൽ ഒരിക്കലാണ് ഇത്തരത്തിൽ സമ്പൂർണ ആയുധങ്ങളുമായുള്ള വ്യോമസേനയുടെ അഭ്യാസം നടക്കുന്നത്. വ്യോമസേനാ മേധാവിയും കരസേനാ മേധാവിയും അഭ്യാസപ്രകടനങ്ങൾ വീക്ഷിക്കുന്നുണ്ട്.