ldf

കാസർകോട്: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന ഇടതുമുന്നണിയുടെ വടക്കൻ മേഖലാ കേരള സംരക്ഷണ യാത്രയ്‌ക്ക് ഉപ്പളയിൽ ഉജ്ജ്വല തുടക്കം. ഇന്നലെ വൈകിട്ട് തുളുനാട്ടിൽ നിന്നാരംഭിച്ച യാത്ര സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്‌തു.

ജനഹിതം പൂർണമായും എതിരായ മോദി സർക്കാരിനെ ജനങ്ങൾ തുരത്തുമെന്ന് യെച്ചൂരി പറഞ്ഞു. ദരിദ്രരെയും കർഷകരെയും തൊഴിലാളികളെയും പാവങ്ങളെയും മറന്ന മോദി ഫെഡറൽ സംവിധാനം തകർക്കുകയാണ്. ജനങ്ങളെ വർഗീയമായി വിഭജിക്കുന്ന കേന്ദ്ര സർക്കാരിനും ആർ.എസ്.എസിനും തിരഞ്ഞെടുപ്പിൽ വോട്ടർമാർ ചുട്ട മറുപടി നൽകുമെന്നും മോദിയും അമിത്ഷായുമടങ്ങുന്ന കൗരവപ്പടയെ തുരത്താൻ ജനങ്ങൾ ഒരുങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ബി.ജെ.പിയും കോൺഗ്രസും ഒത്തുകളിക്കുകയാണെന്ന് ജാഥാലീഡ‌ർ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

ബി.ജെ.പിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശകലനം ചെയ്യാൻ പോലും തയ്യറാകുന്നില്ല. വർഗീയത വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്ന മതനിരപേക്ഷതയും ജനാധിപത്യവും തകർക്കുന്ന കേന്ദ്രസർക്കാരിനെതിരെ ജനാഭിപ്രായം ഉയർത്തി കൊണ്ടുവരുമെന്നും കാനം പറഞ്ഞു.

പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വയനാട് സ്വദേശിയായ വസന്തകുമാർ അടക്കമുള്ള ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ചടങ്ങ് തുടങ്ങിയത്. വേദിക്ക് മുന്നിലെ വസന്തകുമാറിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് യെച്ചൂരിയും കാനവും വേദിയിലേക്ക് കയറിയത്.

സംഘാടക സമിതി ചെയർമാൻ ബി.വി. രാജൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, മന്ത്രി ഇ. ചന്ദ്രശേഖരൻ, പി. കരുണാകരൻ എം.പി, പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, ടി.പി. പീതാംബരൻ, ബി. ഹംസ ഹാജി, കെ.പി. മോഹനൻ, വി.കെ. കുഞ്ഞിരാമൻ, ഫ്രാൻസിസ് ജോർജ്, എം.പി. പോളി എന്നിവരും ജാഥയിലെ സ്ഥിരാംഗങ്ങളും പ്രസംഗിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ഡോ. വി.പി.പി. മുസ്തഫ സ്വാഗതം പറഞ്ഞു.

ഉദ്ഘാടനത്തിന് ശേഷം വൈകിട്ട് അഞ്ചിന് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് യാത്രയ്‌ക്ക് സ്വീകരണം നൽകി. ഇന്നു രാവിലെ 10ന് ഉദുമ ചട്ടഞ്ചാലിലും, വൈകിട്ട് മൂന്നിന് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലും തൃക്കരിപ്പൂർ കാലിക്കടവിലുമാണ് സ്വീകരണം.