കൊച്ചി: കൊട്ടിയൂർ പീഡനക്കേസിൽ കോടതി 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഫാദർ റോബിൻ വടക്കുഞ്ചേരി മാനന്തവാടിയിൽ നിന്നുള്ള ആദ്യത്തെ വിശുദ്ധനായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ. ജയശങ്കർ. ബാലികാ പീഡനക്കേസ് പ്രതികളുടെ സ്വർഗീയ മദ്ധ്യസ്ഥനായി വിശുദ്ധ റോബിൻ അറിയപ്പെടുമെന്നും ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.
അച്ചന്റെ നിരപരാധിത്വത്തെ പറ്റി മാനന്തവാടി രൂപതയ്ക്ക് യാതൊരു സംശയവുമില്ല. രാജ്യത്തു കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല വക്കീലിനെ കൊണ്ടുവന്ന് അപ്പീൽ വാദിപ്പിക്കും. കുറ്റവിമുക്തനാകും വരെ നിയമ പോരാട്ടം തുടരുമെന്നും ജയശങ്കർ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അറുപത് വർഷം!
പരാതിക്കാരിയും മാതാപിതാക്കളും ബാക്കി സകല സാക്ഷികളും കൂറുമാറിയിട്ടും ഫലമുണ്ടായില്ല. കൊട്ടിയൂർ ബാലികാ പീഡനക്കേസിൽ അഭിവന്ദ്യ റോബിൻ വടക്കുഞ്ചേരി അച്ചനെ പോക്സോ കോടതി അറുപതു വർഷം കഠിന തടവിനു ശിക്ഷിച്ചു. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ പോലും ഇരുപത് വർഷം ജയിലിൽ ഗോതമ്പുണ്ട തിന്നു ജീവിക്കേണ്ടി വരും.
അച്ചന്റെ നിരപരാധിത്വത്തെ പറ്റി മാനന്തവാടി രൂപതയ്ക്ക് യാതൊരു സംശയവുമില്ല. രാജ്യത്തു കിട്ടാവുന്നതിൽ ഏറ്റവും നല്ല വക്കീലിനെ കൊണ്ടുവന്ന് അപ്പീൽ വാദിപ്പിക്കും. കുറ്റവിമുക്തനാകും വരെ നിയമ പോരാട്ടം തുടരും.
ഏബ്രഹാമിൻ്റെയും യിസഹാക്കിൻ്റെയും യാക്കോബിന്റെയും ദൈവമായ യഹോവ റോബിനച്ചനെ മഹത്വപ്പെടുത്തും. മാനന്തവാടിയിൽ നിന്നുള്ള ആദ്യത്തെ വിശുദ്ധൻ അദ്ദേഹമായിരിക്കും. ബാലികാ പീഡനക്കേസ് പ്രതികളുടെ സ്വർഗീയ മധ്യസ്ഥനായി വി.റോബിൻ അറിയപ്പെടും.