ദേശീയ സീനിയർ ബാഡ്മിന്റെൺ വനിതാ വിഭാഗത്തിൽ സൈനയും
പുരുഷൻമാരിൽ സൗരഭ് വർമ്മയും ചാമ്പ്യൻമാർ
ഗവാഹത്തി: ദേശീയ സീനിയർ ബാഡ്മിന്റെൺ ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസിൽ പി.വി. സിന്ധുവിനെ കീഴടക്കി സൈന നെഹ്‌വാൾ ചാമ്പ്യൻപട്ടം നിലനിറുത്തി. നേരിട്ടുള്ള സെറ്റുകളിൽ 21-18, 21-15നായിരുന്നു സൈനയുടെ ജയം. കഴിഞ്ഞ തവണയും സിന്ധുവിനെ കീഴടക്കിയായിരുന്നു സൈന കിരീടത്തിൽ മുത്തമിട്ടത്. സൈനയുടെ നാലാം കിരീട നേട്ടമാണിത്. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലും സൈന സിന്ധുവിനെ കീഴടക്കിയിരുന്നു. ടി.ആർ.പി. ഇൻഡോർ സ്റ്റേഡിയത്തിൽ നിറഞ്ഞ് കവിഞ്ഞ കാണികൾക്ക് മുന്നിൽ സൈനയും സിന്ധുവും മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. സിന്ധുവിന്റെ വില്ലുവിളികളെ തന്റെ ട്രേഡ് മാർക്കായ സ്മാഷുകൾ കൊണ്ട് സൈന മറികടക്കുകയായിരുന്നു.
പുരുഷ സിംഗിൾസിൽ ടീനേജ് താരം ലക്ഷ്യ സെന്നിനെ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് സൗരഭ് വർമ്മ
മൂന്നാം തവണയും ദേശീയ സീനിയർ കിരീടത്തിൽ മുത്തമിട്ടത്. കഴിഞ്ഞ തവണയും ലക്ഷ്യയെ വീഴ്ത്തിയായിരുന്നു സൗരഭിന്റെ കിരീടധാരണം. ഏഷ്യൻ ജൂനിയർ ചാമ്പ്യനായ 17കാരൻ ലക്ഷ്യയ്ക്കെതിരെ 21-18, 21-13നാണ് ഇത്തവണ ഫൈനലിൽ സൗരഭിന്റെ ജയം. പുരുഷ ഡബിൾസിൽ പ്രണവ് ജെറി ചോപ്ര-ചിരാഗ് ഷെട്ടി സഖ്യവും മിക്സഡ് ഡബിൾസിൽ മനു അത്രി- മനീഷ കെ. സഖ്യവും ചാമ്പ്യൻമാരായി.