pulwama-martyr-vasantha-k

കൽപ്പറ്റ: ചുരം കയറി ലക്കിടിയിലെ വാഴക്കണ്ടി വീട്ടിലാണ്‌ ഭൗതികദേഹം ആദ്യം എത്തിയത്. 10 മിനിട്ട് ‌ അവിടെ പൊതുദർശനത്തിന് വച്ചു. ഇൗ വീട്ടിൽനിന്നാണ് ജോലിക്കയറ്റം കിട്ടിയതിന്റെ സന്തോഷം പങ്കിട്ട് കഴിഞ്ഞ എട്ടാം തീയതി അമ്മയോടും ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞിറങ്ങിയത്. ഉറ്റവരെല്ലാം നിലവിട്ട്‌ പൊട്ടിക്കരഞ്ഞു. കൂടെയെത്തിയ സൈനികർ വസന്തകുമാറിന്റെ വസ്ത്രങ്ങളും മറ്റും വീട്ടുകാർക്ക് കൈമാറുന്ന രഗം ഹൃദയഭേതകമായിരുന്നു. കൂടിനിന്നവരെയെല്ലാം ഇൗ രംഗം കരയിച്ചു. കുഞ്ഞുങ്ങളായ അനാമികയോടും അമർ ദീപിനോടും അച്ഛൻ മരിച്ചുവെന്ന് ആരും അറിയിച്ചിരുന്നില്ല. അച്ഛന് ചെറിയ പരിക്ക് പറ്റിയെന്നും ഇവിടേക്ക് കൊണ്ടുവരുന്നുണ്ടെന്നും മാത്രമാണ് പറഞ്ഞിരുന്നത്. ദേശീയ പതാക പുതച്ച പെട്ടിയിൽ അച്ഛന്റെ മൃതദേഹമാണെന്ന് അപ്പോഴാണ് ആ കുഞ്ഞുങ്ങൾ അറിഞ്ഞത്.

പുൽവാമയിൽ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ ഭൗതികശരീരം ഒരു നോക്ക് കാണാൻ കോഴിക്കോട് വിമാനത്താവളം മുതൽ വയനാട് തൃക്കൈപ്പറ്റവരെ ഇരു വശങ്ങളിലും ജനങ്ങൾ വിങ്ങലോടെ നിരന്നുനിന്നു. വികാരഭരിതരായ അവർ മുഷ്ടിചുരുട്ടി ധീര യോദ്ധാവിന് യാത്രാമൊഴി നൽകി. നിറകണ്ണുകളോടെ സ്ത്രീകളുടെ വലിയൊരു നിര എങ്ങും കാണാമായിരുന്നു. മൃതദേഹം വഹിച്ചെത്തിയ സൈനിക വാഹനത്തിൻ പലരും പൂക്കളും ഹാരവും വാരിയെറിഞ്ഞു. എന്നും ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുളള വയനാടൻ ചുരത്തിൽ യാതൊരു തടസവും ഇല്ലാതെ സൈനികവാഹനം കടന്നുപോയി. സൈനിക വാഹനത്തിന് കടന്നുപോകാൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.

ലക്കിടി സ്കൂൾ തേങ്ങി

കൽപ്പറ്റ: വയനാടൻ ചുരത്തിന് മുകളിലുളള ലക്കിടി ഗവ. എൽ.പി സ്കൂളിലാണ് വസന്തകുമാർ നാലുവരെ പഠിത്. അതിനുപരി ജീവിതത്തിന്റെ മുഴുവൻ സമയവും ചെലവഴിച്ചത്‌ ഇൗ ഗ്രൗണ്ടിലാണ്. നല്ലൊരു ഫുട് ബാൾ കളിക്കാരനായ വസന്തകുമാർ അവധിക്ക് വരുമ്പോഴൊക്കെ ഇവിടെ എത്തും. വലിയൊരു ചങ്ങാതിക്കൂട്ടം ഇവിടെയുണ്ടാവും. 18 വർഷം രാജ്യത്തിന്റെ അതിർത്തി കാക്കാൻ പോയപ്പോഴും ഇൗ ഗ്രൗണ്ടിനെ മറന്നില്ല. കഴിഞ്ഞ ദിവസം അവധിക്ക് വന്നപ്പോഴും വസന്തകുമാർ ഇൗ വിദ്യാലയത്തിലെത്തി. രണ്ട് വർഷം കൂടി കാത്തിരിക്കൂ. താൻ വന്നിട്ട് നമ്മുക്ക് തകർക്കാം എന്ന് സുഹൃത്തുക്കകളോട് പറഞ്ഞാണ് യാത്രയായത്.

ഉച്ചക്ക് രണ്ട് മണിയോടെ മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി
ലക്കിടി ഗവ.എൽ.പി സ്കൂളിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. കുടുംബനാഥനെപ്പോലെ ഒാടിനടന്നു. വയനാട്ടിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെല്ലാം ലക്കിടിയിലും വസതിയിലുമെത്തി.

അടിത്തട്ടിൽ നിന്ന് മുഖ്യധാരയിലേക്ക്

ആദിവാസി വിഭാഗത്തിലെ കുറുമ സമുദായത്തിൽപ്പെട്ട വസന്തകുമാർ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിയത് കഠിന പ്രയത്നത്തിലൂടെയാണ്.ചെറുപ്പത്തിലേ സൈന്യത്തിൽ ചേരണമെന്ന് ആഗ്രഹിച്ചു. കഷ്ടപ്പെട്ടാണ് അച്ഛൻ വാസുദേവനും അമ്മ ശാന്തയും വസന്തകുമാറിനെ പഠിപ്പിച്ചത്. പൂക്കോട് ഡയറി പ്രൊജക്ടിലായിരുന്നു വാസുദേവന് ജോലി. സർക്കാർ വകയായി അഞ്ചേക്കർ ഭൂമിയും ലഭിച്ചു. അതിൽ നന്നായി അദ്ധ്വാനിക്കാൻ വസന്തകുമാറും ഉണ്ടായിരുന്നു. എട്ട് വർഷം മുമ്പ് അച്ഛൻ മരിച്ചതോടെ കുടുംബഭാരം വസന്തകുമാറിലായി. രണ്ട് വർഷം കൂടി സൈന്യത്തിൽ സേവനം അനുഷ്ഠിക്കുക എന്നത് വാശിയായിരുന്നു. 20 വർഷം തികയ്ക്കാമല്ലോയെന്ന് കരുതി. നാട്ടിൽ തിരിച്ചെത്തി കൃഷി ചെയ്ത് ജീവിക്കാം എന്നായിരുന്നു തീരുമാനം.