മാണ്ഡ്യ: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് രേഖകൾ ആവശ്യപ്പെടാതെ ഇൻഷ്വറൻസ് തുക നൽകി ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. സി.ആർ.പി.എഫ് ജവാൻ മാണ്ഡ്യ സ്വദേശി എച്ച്.ഗുരുവിന്റെ കുടുംബത്തിനാണ് ഇൻഷ്വറൻസ് തുക എൽ.ഐ.സി നൽകിയത്.
ഗുരുവിന്റെ വീരമൃത്യു സംഭവിച്ച് 48 മണിക്കൂറിനകമാണ് നോമിനിയുടെ അക്കൗണ്ടിലേക്ക് 3,82,199 രൂപ എത്തിച്ചത്. മാണ്ഡ്യയിലുള്ള എൽ.ഐ.സി ബ്രാഞ്ചാണ് തുക കൈമാറിയത്. ഇൻഷ്വറൻസ് തുകയ്ക്കായി മരണ സർട്ടിഫിക്കറ്റിനോ, മറ്റു അനുബന്ധ രേഖകകൾക്കോ കാത്തുനിൽക്കാതെയാണ് എൽ.ഐ.സി അധികൃതരുടെ നടപടി.
സോഷ്യൽ മീഡിയയും എൽ.ഐ.സിയുടെ നടപടിയെ കൈയടിയോടെയാണ് വരവേൽക്കുന്നത്.
എട്ട് വർഷം മുൻപാണ് ഗുരു സി.ആർ.പി.എഫിന്റെ ഭാഗം ആകുന്നത്. ഈ മാസം ആദ്യം മണ്ഡ്യയിലെ വീട്ടിൽ അവധിക്ക് എത്തിയ ഗുരു ഫെബ്രുവരി 10നായിരുന്നു ജോലി സ്ഥലത്തേക്ക് തിരിച്ചുപോയത്.
ആറ് മാസം മുൻപായിരുന്നു ഇദ്ദേഹത്തിന്റ വിവാഹം കഴിഞ്ഞത്. കുടുംബത്തിലെ എക സ്ഥിര വരുമാനക്കാരനായിരുന്നു ഗുരു.