vidarbha

ഇറാനി ട്രോഫി വിദർഭയ്ക്ക്

സമ്മാനത്തുക പുൽവാമയിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക്

നാഗ്പൂർ : ഇറാനി ട്രോഫിയിൽ റെസ്റ്ര് ഓഫ് ഇന്ത്യയെ കീഴടക്കി രഞ്ജി ചാമ്പ്യൻമാരായ വിദർഭ കിരീടം നിലനിറുത്തി. മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ പിൻബലത്തിൽ വിദർഭ കിരീടം സ്വന്തമാക്കുകയായിരുന്നു.സ്കോർ: റെസ്റ്ര് ഒഫ് ഇന്ത്യ 330/10,​ 374/3 ഡിക്ലയേർഡ്.

വിദർഭ 425/10,​ 265/5. മുംബയ്ക്കും കർണാടകയ്ക്കും ശേഷം തുടർച്ചയായി ഇറാനി കപ്പ് സ്വന്തമാക്കുന്ന രഞ്ജി ചാമ്പ്യൻമാരായി ഇതോടെ വിദർഭ.

വെൽഡൺ വിദർഭ

മത്സരത്തിൽ നിന്ന് ലഭിച്ച മുഴുവൻ സമ്മാനത്തുകയും ജമ്മു കാശ്മീരിലെ പുൽവാമയിൽ തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബത്തിന് വിദർഭ ടീം സംഭാവന ചെയ്തു.സമ്മാനദാനച്ചടങ്ങിൽ വച്ച് വിദർഭയുടെ ക്യാപ്‌ടൻ ഫയിസ് ഫസലാണ് ഇക്കാര്യം അറിയിച്ചത്. പത്ത് ലക്ഷം രൂപയാണ് ഇറാനിട്രോഫിയിൽ ചാമ്പ്യൻമാരാകുന്ന ട‌ീമിന് ലഭിക്കുന്നത്. തങ്ങളുടെ ഭാഗത്ത് നിന്നുള്ള ചെറിയ സഹായം എന്ന നിലയ്ക്കാണ് സമ്മാനത്തുക പുൽവാമയിൽ വീരമൃത്യുവരിച്ച സൈനീകരുടെ കുടുംബത്തിന് നൽകുന്നതെന്ന് ഫസൽ പറഞ്ഞു.

കോട്ടകെട്ടി വിദർഭ

റെസ്റ്റ് ഒഫ് ഇന്ത്യ ഉയർത്തിയ 280 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന് 37/1 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച വിദർഭ റെസ്റ്റ് ഒഫ് ഇന്ത്യയുടെ ബൗളിംഗ് ആക്രമണങ്ങളെ സമർത്ഥമായി ചെറുത്താണ് ചാമ്പ്യൻമാരായത്. വിദർഭയ്ക്കായി ഗണേഷ് സതീഷ് (168 പന്തിൽ 87)​,​ അഥർവ തൈദേ (185 പന്തിൽ 72)​ എന്നിവർ ഗംഭീര ചെറുത്ത് നിൽപ്പാണ് നടത്തിയത്. സഞ്ജയ് (42)​,​ കാലെ (37)​ എന്നിവരും നിർണായക പ്രകടനം കാഴ്ചവച്ചു. ദീപക് ചഹാർ റെസ്റ്റ് ഒഫ് ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. വിദർഭയുടെ അക്ഷയ് കർനേവറാണ് മാൻ ഒഫ് ദ മാച്ച്. റെസ്റ്റ് ഒഫ് ഇന്ത്യയുടെ ഹനുമ വിഹാരി രണ്ടിന്നിംഗ്സിലും സെഞ്ച്വറി നേടിയിരുന്നു.