bus-concession

കൊച്ചി: സ്വകാര്യ ബസിൽ ഇരുന്നു യാത്ര ചെയ്യുന്ന കൺസഷനുള്ള വിദ്യാർത്ഥികളെ എഴുന്നേൽപ്പിക്കാൻ പാടില്ലെന്ന് ഹെെക്കോടതി. കൺസഷന്റെ പേരിൽ അവരോട് യാതൊരുവിധ വിവേചനവും പാടില്ലെന്നും ഹെെക്കോടതി വ്യക്തമാക്കി. ബസിൽ യാത്രചെയ്യുന്ന വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്നത് കോടതിയുടെ ശ്രദ്ധയിൽപെട്ടിരുന്നു.

ബസിൽ സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ടെങ്കിൽ വിദ്യർത്ഥികളെ ഇരിക്കാൻ അനുവദിക്കാത്ത സ്ഥിതി എറണാകുളത്ത് ഉണ്ടോയെന്നും കോടതി ചോദിച്ചു. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ കേരളകൗമുദി ഫെബ്രുവരി ഒന്നിന് പ്രസിദ്ധീകരിച്ച റാഫി എം. ദേവസിയെടുത്ത ചിത്രത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങൾ പരിശോധിക്കാൻ സിംഗിൾബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. തൃശൂർ - ചാത്തക്കുഴി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ സീറ്രുകൾ ഒഴിഞ്ഞു കിടന്നിട്ടും നിന്ന് യാത്ര ചെയ്യുന്ന വിദ്യാർത്ഥിനികളുടെ ചിത്രമാണ് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ആഴ്ച ഇടക്കാല ഉത്തരവിട്ടിരുന്നു.

ഇക്കാര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഒരാഴ്ച സമയം വേണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കോടതി അത് അംഗീകരിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് യാതൊരുവിധ ഇളവും നൽകാൻ ബസ് ഉടമകൾക്ക് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓ‍ൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്‍ സമർപ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.