ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ആദ്യ മറുപടിയെന്നോണം പാക് ഉത്പനങ്ങളുടെ കസ്റ്റംസ് തീരുവ ഇന്ത്യ 200 ശതമാനം വർദ്ധിപ്പിച്ചു. പാകിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങൾ, സിമെന്റ്, പെട്രോളിയം ഉത്പന്നങ്ങൾ, മിനറൽ അയിര് എന്നിവയടക്കമുള്ള ഉത്പന്നങ്ങൾക്കാണ് കസ്റ്രംസ് തീരുവ 200 ശതമാനം കൂട്ടിയത്. ശത്രു പക്ഷത്തെ സാമ്പത്തിക പ്രതിരോധത്തിലാക്കാനാണ് രാജ്യത്തിന്റെ നീക്കം. പാകിസ്ഥാനുള്ള സൗഹൃദ പദവി പിൻവലിച്ചതിന്റെ തുടർ നടപടിയെന്നോണമാണ് ഇന്ത്യയുടെ പെട്ടെന്നുള്ള പ്രതികരണം.
ഇന്ത്യയിലേക്കുള്ള പാകിസ്ഥാന്റെ ഇറക്കുമതികളെയെല്ലാം ഇത് പ്രതികൂലമായി ബാധിക്കും. വില കൂടുന്നതോടെ പാക് ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ ആവശ്യക്കാർ കുറയും. 2017-18 വർഷത്തിൽ 3400 കോടിരൂപയുടെ പാക് ഉത്പന്നങ്ങളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്.
''പാകിസ്ഥാനുള്ള സൗഹൃദ രാഷ്ട്രപദവി ഇന്ത്യ പിൻവലിച്ചു കഴിഞ്ഞു. എല്ലാ പാക് ഉത്പന്നങ്ങൾക്കുമുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ 200 ശതമായി വർദ്ധിപ്പിക്കാൻ അടിയന്തരമായി ഉത്തരവിടുന്നു"- ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കി.
പാകിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രധാന ഉത്പന്നമായ പഴങ്ങൾക്ക് 30 മുതൽ 50 ശതമാനം വരെയും സിമെന്റിന് 7.5 ശതമാനവുമാണ് നിലവിലെ കസ്റ്രംസ് തീരുവ.
പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതികൾ റദ്ദാക്കുന്നതിന് സമാനമാണ് രാജ്യത്തിന്റെ ഈ നടപടി.
പാകിസ്ഥാനുമായുള്ള തുറമുഖ വ്യാപാരത്തിലും ഇന്ത്യ നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കും.
ഇന്ത്യയിലേക്കുള്ള പാക് ഇറക്കുമതി
പഴങ്ങൾ, സിമെന്റ്, പെട്രോളിയം ഉത്പന്നങ്ങൾ, മിനറലുകളും അയിരുകളും, തുകൽ,
രാസപദാർത്ഥങ്ങൾ, പരുത്തി, റബ്ബർ ഉത്പന്നങ്ങൾ, മദ്യം, മെഡിക്കൽ ഉപകരണങ്ങൾ, സമുദ്ര ഉത്പന്നങ്ങൾ
ലോകവ്യാപാര സംഘടനയിലെ അംഗമെന്ന നിലയിലാണ് 1996ൽ ഇന്ത്യ പാകിസ്ഥാന് അതീവ സൗഹൃദ രാഷ്ട്ര പദവി നൽകിയത്. ഗാട്ട് കരാർ പ്രകാരം ലോക വ്യാപാര സംഘടനയിലെ 164 അംഗ രാജ്യങ്ങൾക്കിടയിൽ നിലവിലുള്ളതാണ് അതീവ സൗഹൃദരാജ്യ പദവി. പാകിസ്ഥാൻ ഇന്ത്യയ്ക്ക് ഈ പദവി നൽകിയിട്ടില്ല. കസ്റ്റംസ് ചുങ്കം അടക്കം നികുതികളിലും മറ്റും ഇളവു നൽകുന്ന ഈ പദവി പിൻവലിച്ചതോടെ പാകിസ്ഥാന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയെ ബാധിക്കുമെന്ന് നേരത്തേ വിലയിരുത്തലുണ്ടായിരുന്നു.