ന്യൂഡൽഹി: പുൽവാമയിൽ വീരമൃത്യു വരിച്ച ജവാൻമാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ്. എന്തു ചെയ്താലും മതിയാകില്ലെന്ന് അറിയാം. എന്തു ചെയ്താലും അതൊന്നും അധികമാവില്ല, എങ്കിലും എന്നെക്കൊണ്ടാവുന്നത് വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാമെന്നതാണ്. അവർക്ക് തന്റെ സെവാഗ് ഇന്റൻനാഷണൽ സ്കൂളിൽ വിദ്യാഭ്യാസം നല്കാനും തയ്യാറാണ് '- സെവാഗ് ട്വിറ്ററിൽ കുറിച്ചു. കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചുലക്ഷം വീതം നൽകുമെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചനും അറിയിച്ചു.
ഹരിയാന പൊലീസ് ഉദ്യോഗസ്ഥനും ഇന്ത്യൻ ബോക്സിംഗ് താരവുമായ വിജേന്ദർ സിംഗും ജവാൻമാരുടെ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തു. താത്കാലിക ആശ്വാസമായി ഒരുമാസത്തെ ശമ്പളമാണ് വിജേന്ദർ വാഗ്ദാനം ചെയ്തത്. ആ കുടുംബങ്ങളെ എല്ലാവരും സഹായിക്കണമെന്നും വിജേന്ദർ ആവശ്യപ്പെട്ടു. വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഉൾപ്പെടെ കുടുംബത്തിന്റെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കാൻ തയാറാണെന്ന് റിലയൻസ് ഫൗണ്ടേഷനും അറിയിച്ചു.
കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബത്തിനുള്ള എക്സ്-ഗ്രേഷ്യ സഹായം രാജസ്ഥാൻ സർക്കാർ 50 ലക്ഷമാക്കി ഉയർത്തി. സൈനികരുടെ കുടുംബാംഗങ്ങൾക്ക് പിന്തുണയുമായി സച്ചിനും കോലിയും അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.