ന്യൂഡൽഹി: തുടർച്ചയായ രണ്ടാംവട്ടം റെസ്റ്റ് ഓഫ് ഇന്ത്യയെ തകർത്ത് വിദർഭ ഇറാനി കപ്പ് ജേതാക്കളായി. ജേതാക്കൾക്കുള്ള സമ്മാനത്തുക മുഴുവനും പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് സമർപ്പിക്കുന്നതായി വിദർഭ ടീം അറിയിച്ചു.
പുരസ്‌കാര വിതരണച്ചടങ്ങിൽ വെച്ച് വിദർഭ നായകൻ ഫായിസ് ഫസലാണ് ഇക്കാര്യം അറിയിച്ചത്. ഇറാനി ട്രോഫി ജേതാക്കൾക്ക് 10 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. തങ്ങളുടെ ഭാഗത്തു നിന്നുള്ള ചെറിയൊരു സഹായം എന്ന നിലയ്ക്കാണ് സമ്മാനത്തുക പുൽവാമയിൽ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് നൽകാൻ തീരുമാനിച്ചതെന്ന് ഫസൽ പറഞ്ഞു.
സമനിലയിൽ അവസാനിച്ച മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിലെ 95 റൺസിന്റെ ലീഡാണ് വിദർഭയ്ക്ക് കിരീടം നേടി കൊടുത്തത്. റെസ്റ്റ് ഓഫ് ഇന്ത്യ ഉയർത്തിയ 280 റൺസിന്റെ വിജയലക്ഷ്യത്തിന് 11 റൺസകലെ എത്തി നിൽക്കെയാണ് കളി അവസാനിച്ചത്. അഞ്ച് വിക്കറ്റും വിദർഭയുടെ കൈയ്യിലുണ്ടായിരുന്നു.
ഇതോടെ മുംബയ്ക്കും കർണാടകയ്ക്കും ശേഷം തുടർച്ചയായി രണ്ട് തവണ ഇറാനി കപ്പ് നേടുന്ന ടീമായി വിദർഭ മാറി. റെസ്റ്റ് ഓഫ് ഇന്ത്യക്കായി ഹനുമ വിഹാരി സെഞ്ചുറി നേടിയിരുന്നു. രണ്ട് ഇന്നിംഗ്സിലും വിഹാരി സെഞ്ചുറി നേടി. വിദർഭക്കായി അക്ഷയ് കർണെവാറും സെഞ്ചുറി നേടി.
Vidarbha are proving why they are champions on an off the field. The #IraniTrophy winners led by @faizfazal have decided to hand over their prize money to family members of martyrs of #PulwamaTerroristAttack. pic.twitter.com/Rh6i44nXrI
— BCCI Domestic (@BCCIdomestic) February 16, 2019