ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഗൂഢാലോചനക്കാരെ തിരിച്ചറിഞ്ഞതായി സൂചന. സംഭവത്തിന് പിന്നിലെ പ്രധാന ഗൂഢാലോചനക്കാരെ ദേശീയ അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. സംഭവുമായി ബന്ധപ്പെട്ട് എഴ് പേരെ പുൽവാമയിൽ നിന്ന് പിടികൂടിയിട്ടുണ്ട്. അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്ത അബ്ദുൽ റാഷിദ് ഗാസി എന്നയാളാണ് ആക്രമണത്തിലെ പ്രധാന സൂത്രധാരനെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസർ ആണ് അബ്ദുൽ റാഷിദ് ഗാസിയെ ദൗത്യം ഏൽപ്പിച്ചത്. ഭീകരാക്രമണത്തെ കുറിച്ച് എെ.ബിക്ക് മുന്നറിയിപ്പ് ലഭിച്ചെങ്കിലും അത് എവിടെ എങ്ങിനെയുള്ള ആക്രമണമായിരിക്കുമെന്ന് കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. സംഭവത്തിന് മൂന്ന് മാസത്തിന് മുന്നെ ആദിൽ മുഹമ്മദിനെ കണാനില്ലായിരുന്നു. ഒരു വർഷം മുമ്പാണ് ആദിൽ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ഭാഗമാകുന്നത്.
ഇതിന് മുമ്പ് ആക്രമണങ്ങളിലൊന്നും പങ്കെടുക്കാതിരുന്ന ഇയാൾ ഭീകരരുടെ 'സി' പട്ടികയിലാണ് ഉൾപ്പെട്ടിരുന്നത്. ആക്രമണത്തിന്റെ പദ്ധതി തയ്യാറാക്കിയത് ദക്ഷിണ കശ്മീരിൽ പ്രവർത്തിക്കുന്ന ഭീകരൻ കംറാൻ ആണ്. കംറാനാണ് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ത്രാൾ മേഖലയിലെ മിധൂരയിൽ വെച്ചാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്.