കഴിഞ്ഞുപോയ നൂറ്റാണ്ടിലെ നവോത്ഥാന മൂല്യങ്ങളും ജനാധിപത്യവും ബഹുസ്വരതയും സംരക്ഷിക്കുന്നതിൽ നമ്മുടെ പത്രങ്ങൾ വഹിച്ച പങ്കിനെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക... ചരിത്രമുഹൂർത്തം തന്നെയാണത്. കേരള പത്രപ്രവർത്തക യൂണിയനും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പുമായി സഹകരിച്ച് കേരള മീഡിയ അക്കാഡമി കേരളത്തിന്റെ പത്രപ്രവർത്തനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകൾ തേടിയൊരു യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ അക്ഷരാർത്ഥത്തിൽ അതൊരു അടയാളപ്പെടുത്തൽ കൂടിയാണ്. 'മാദ്ധ്യമ ചരിത്രയാത്ര" എന്ന് പേരിട്ടിരിക്കുന്ന ഈ യാത്രയിൽ കഴിഞ്ഞ കാല പത്രങ്ങളുടെയും പത്രാധിപൻമാരുടെയും പത്രപ്രവർത്തകരുടെയും സ്മരണകളിലൂടെയാണ് യാത്ര. വിവിധ മാദ്ധ്യമസ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും പത്രപ്രവർത്തകരും വിവിധ രാജ്യക്കാരായ കാർട്ടൂണിസ്റ്റുകളും ഫോട്ടോഗ്രാഫർമാരുമൊക്കെ മാദ്ധ്യമചരിത്രയാത്രയുടെ ഭാഗമാവും. കേരളത്തിന്റെ വിവിധ ജില്ലകളിൽ സ്ഥിതി ചെയ്യുന്ന മാദ്ധ്യമസ്മാരകങ്ങളിലൂടെയുള്ള യാത്ര ആരംഭിക്കുന്നത് ഫെബ്രുവരി 21ന് തിരുവനന്തപുരത്തു നിന്നാണ്.
നൂറ്റിയെട്ടുവർഷത്തെ പാരമ്പര്യമുള്ള കേരള കൗമുദിയുടെ അങ്കണത്തിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. യാത്രയുടെ രണ്ടാം ദിനം തുടങ്ങുന്നത് നെയ്യാറ്റിൻകരയിലെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 'കൂടില്ലാ വീട്ടി" ലും. 1878 മേയ് 25 ന് അരംഗമുകളിലുള്ള കൂടില്ലാ വീട്ടിലായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജനനം. കൂടില്ലാവീട്ടിൽ നിന്നുള്ള യാത്ര എത്തിച്ചേരുന്നത് അയ്യങ്കാളിയുടെ നാടായ വെങ്ങാനൂരിലേക്കും. അവിടെയാണ് അയ്യങ്കാളി സ്ഥാപിച്ച പത്രമായ സാധുജന പരിപാലനത്തിന്റെ കേന്ദ്രം. അതുകഴിഞ്ഞ് യാത്ര എത്തുന്നത് വക്കത്തേക്കാണ്. അവിടെയാണ് സ്വദേശാഭിമാനി പത്രത്തിന്റെ ഉടമയായ വക്കം മൗലവിയുടെ സ്മാരകം. അതിനടുത്തായാണ് കായിക്കര. അവിടെ നിന്നാണ് കുമാരനാശാൻ 'വിവേകോദയം" പത്രം പ്രസിദ്ധീകരിച്ചിരുന്നത്. 1904ൽ ആരംഭിച്ച വിവേകോദയം അന്ന് ദ്വൈമാസികയായിരുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രവുമായ വിവേകോദയത്തിലൂടെയാണ് ഡോ.പൽപ്പു ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചത്.
രണ്ടാം ദിവസം വൈകിട്ട് യാത്ര എത്തുന്നത് കൊല്ലം ജില്ലയിലെ പരവൂരിലേക്കാണ്.അവിടെ കേരള ചരിത്രത്തിലെ രണ്ട് പ്രധാനപ്പെട്ട പത്രങ്ങളുടെ കേന്ദ്രമാണ്. അതിൽ മുൻപന്തിയിൽ നിൽക്കുന്നത് പരവൂർ കേശവനാശാന്റെ 'സുജനാനന്ദിനി."സി.വി. കുഞ്ഞിരാമൻ പ്രവർത്തിച്ചിരുന്ന പത്രമായിരുന്നു സുജനാനന്ദിനി. അതുപോലെ എടുത്ത് പറയേണ്ടുന്ന ഒന്ന് ഈ പത്രത്തിൽ കുമാരനാശാൻ എഴുതിയ ഈഴവചരിത്രം എന്ന പംക്തി പ്രസിദ്ധീകരിച്ചിരുന്നു. പിൽക്കാലത്ത് പരവൂരിലുണ്ടായ നായർ- ഈഴവ ലഹളയിൽ പത്രത്തിന്റെ ഓഫീസും പത്രവുമെല്ലാം ലഹളക്കാർ അഗ്നിക്കിരയാക്കി. പത്രത്തിന്റെ ഒരു ശേഷിപ്പുപോലുമില്ലാതെ എല്ലാം കത്തിപ്പോയി. കേരളത്തിന്റെ പത്രപ്രവർത്തന ചരിത്രത്തിൽ സവിശേഷസ്ഥാനമുള്ള മറ്റൊരു പത്രത്തിന്റെ കേന്ദ്രം എന്നൊരു പദവി കൂടി പരവൂരിന് അവകാശപ്പെടാനുണ്ട്. കേരളത്തിൽ ആദ്യമായി ഒരു കാർട്ടൂൺ പ്രസിദ്ധീകരിച്ച 'വിദൂഷകൻ" എന്ന പത്രത്തിന്റെ ആസ്ഥാനം പരവൂരാണ്. 'മഹാക്ഷാമദേവത" എന്ന മലയാളത്തിലെ ആദ്യ കാർട്ടൂണിന് 100 വയസാകുന്നു. ബ്രിട്ടീഷ് ഭരണത്തെ പരിഹസിച്ചു എന്നാരോപിച്ച് മലയാളത്തിന്റെ ആദ്യ കാർട്ടൂണിസ്റ്റ് പി.എസ്. ഗോവിന്ദപിള്ളയെ പോർബന്തറിലേക്ക് നാടുകടത്തിയിരുന്നു. ആദ്യ കാർട്ടൂണിന്റെ സ്രഷ്ടാവിന്റെ ചിത്രം അന്വേഷിച്ച് മലയാളിസമൂഹം ഒരുപാട് അലഞ്ഞെങ്കിലും 2019 ജനുവരിയിലാണ് അദ്ദേഹത്തിന്റ ഒരു ചിത്രം ലഭ്യമാകുന്നത്. അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്ന ചിരിവരയ്ക്ക് നൂറു വയസ് പൂർത്തിയാകുന്ന അവസരത്തിലാണ് ഈ മാദ്ധ്യമയാത്ര എന്നതും കൗതുകകരമാണ്. യാത്രയുടെ രണ്ടാം ദിവസം അവിടെ അവസാനിക്കുകയാണ്.
മൂന്നാം ദിവസമായ ഫെബ്രുവരി 23 ന് യാത്ര തുടങ്ങുന്നത് പരവൂരിൽ നിന്നാണ്. മലയാളം കാർട്ടൂണിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സാർക്ക് രാജ്യങ്ങളിലെ കാർട്ടൂണിസ്റ്റുകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കൊല്ലത്തേക്ക് ഒരു കാർട്ടൂൺ യാത്ര സംഘടിപ്പിക്കും. മാദ്ധ്യമ ചരിത്രയാത്രയ്ക്കൊപ്പം ഒരു കാർട്ടൂൺ വണ്ടി കൂടി ചേരും.അതിന് ശേഷം കൊല്ലത്തു വച്ച് കാർട്ടൂണിസ്റ്റുകളുടെ ഒരു സമ്മേളനവും നടക്കും. തുടർന്ന് യാത്ര കൊല്ലത്തെ ആദ്യകാല പത്രപ്രവർത്തന സ്ഥാപനങ്ങളിലേക്കാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പ്രവർത്തിച്ചിരുന്ന മലയാളി, നവഭാരത്, മലയാള രാജ്യം, ഇപ്പോഴത്തെ ജനയുഗം,തങ്ങള് കുഞ്ഞ് മുസല്യാരുടെ പ്രഭാതം തുടങ്ങിയവയിലൂടെ യാത്ര തുടരും. ഇവയുടെയൊക്കെ പിൻഗാമികളെ ആദരിക്കാനും അനുഭവങ്ങൾ പങ്കിടാനും അവസരമുണ്ട്. മൂന്നാം ദിവസത്തെ യാത്രയുടെ സമാപനം കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലാണ്. അടുത്ത ദിവസത്തെ യാത്ര തുടങ്ങുന്നത് കൊല്ലത്തെ കടൽത്തിരകളോട് സല്ലപിച്ചുകൊണ്ട് ബീച്ചിലൂടെ 'കാർട്ടൂൺ വാക്കോ"ടുകൂടിയാണ്. അതിൽ പല രാജ്യക്കാരായ കാർട്ടൂണിസ്റ്റുകളുടെ പങ്കാളിത്തവുമുണ്ടാകും. അവിടെ നിന്നും പോകുന്നത് വേലുക്കുട്ടി അരയന്റെ മണ്ണിലേക്കാണ്, ആലപ്പാട്ടേക്ക്. അവിടെ നിന്നാണ് വേലുക്കുട്ടി അരയന്റെ നേതൃത്വത്തിൽ അരയൻ പത്രം പ്രസിദ്ധീകരിച്ചത്. യാത്രയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കുമുള്ള ആദരം അർപ്പിക്കുന്നതിന് കൂടി ആലപ്പാട് വേദിയാകും.
ഇനി യാത്ര ചിരിവരയുടെ നാട്ടിലേക്കാണ്. കായംകുളം കൃഷ്ണപുരത്തുള്ള കാർട്ടൂണിസ്റ്റ് ശങ്കറുടെ മ്യൂസിയത്തിൽ ഒത്തുചേരലിന് ശേഷം പിന്നെയെത്തുന്നത് കായലിന്റേയും കയറിന്റേയും നാട്ടിലേക്ക്. വാടപ്പുറം ബാവ എന്ന തൊഴിലാളി നേതാവിന്റെ നേതൃത്വത്തിൽ പുറത്തിറങ്ങിയ 'തൊഴിലാളി" എന്ന പത്രത്തിന്റെ കേന്ദ്രമായ ആലപ്പുഴയിലേക്ക്. വാടപ്പുറം ബാവ ഒരേ സമയം ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിലെ വിശ്വാസിയും വിപ്ലവകാരിയുമായിരുന്നു. 'മാദ്ധ്യമത്തിലെ ചിരി" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു ചർച്ചയ്ക്കുകൂടി ആലപ്പുഴ വേദിയാകും. നമ്മുടെ വൈകുന്നേരങ്ങളെ സമ്പന്നമാക്കുന്ന അവതാരകരുടെ ഒത്തുചേരലോടെ ആ ദിവസത്തെ യാത്ര അവസാനിക്കും. ഫെബ്രുവരി 25-ാം തീയതിയായ പിറ്റേന്നത്തെ യാത്ര കോട്ടയത്തേക്കാണ്.
അവിടത്തെ പ്രധാന മാദ്ധ്യമസ്ഥാപനങ്ങളായ നസ്രാണി ദീപിക, മനോരമ, മംഗളം തുടങ്ങിയവയൊക്കെ സന്ദർശിക്കും. അടുത്ത ദിവസം യാത്ര എറണാകുളം മട്ടാഞ്ചേരിയിലേക്കാണ്. മട്ടാഞ്ചേരിയിൽ രാവിലെ ഒരു 'ഫോട്ടോ വാക്ക് "സംഘടിപ്പിക്കും. വിവിധ മാദ്ധ്യമസ്ഥാപനങ്ങളിലെ പ്രശസ്തരായ ഫോട്ടോഗ്രാഫർമാരുടെ പങ്കാളിത്തവും ഉണ്ടാകും. കണ്ടത്തിൽ വർഗീസ് മാപ്പിള ആദ്യമായി പത്രാധിപരായിരുന്ന കേരള ബിന്ദു,സത്യനാദകാഹളം , കേരളാടൈംസ് തുടങ്ങിയവയൊക്കെ പുറത്തിറങ്ങിയത് മട്ടാഞ്ചേരിയിൽ നിന്നായിരുന്നു. പിന്നീട് മഹാരാജാസ് കോളേജിലേക്കാണ് പോകുന്നത്.
മഹാരാജാസ് കോളേജ് മാഗസിൻ നൂറിന്റെ നിറവിലെത്തി നിൽക്കുകയാണ്. അവിടെ പ്രൊഫ. എം.കെ സാനു, മാതൃഭൂമിയിലെ വി.ടി. രാമചന്ദ്രൻ, കെ.എം റോയ് തുടങ്ങിയവർ പങ്കെടുക്കുന്ന സംഗമവും ഉണ്ടാകും. ഇനി യാത്ര തുടരുന്നത് പറവൂരിലേക്കാണ്.അവിടെ കേസരി ബാലകൃഷ്ണപിള്ളയുടെ സ്മാരകത്തിലെ ഒത്തുചേരലിന് ശേഷം അന്നത്തെ യാത്ര അവസാനിപ്പിക്കുന്നത് ചെറായിലുള്ള സഹോദരൻ അയ്യപ്പന്റെ സ്മാരകത്തിലാണ്. അവിടെ സംഘടിപ്പിക്കുന്ന സമാപനസമ്മേളനത്തിൽ സുനിൽ പി. ഇളയിടം മുഖ്യാതിഥി ആയിരിക്കും. അടുത്ത ദിവസത്തെ യാത്രയുടെ തുടക്കം തൃശൂരിൽ നിന്നാണ്. അവിടെ നിന്നാണ് ഫാദർ വടക്കന്റെ തൊഴിലാളി പത്രവും ജോസഫ് മുണ്ടശേരിയുടെ പത്രവുമെല്ലാം പുറത്തിറങ്ങിയത്. അവയുടെ അനുസ്മരണ പരിപാടികൾക്ക് ശേഷം വാർത്ത അവതാരകരുടെ സംഗമവും സംഘടിപ്പിക്കുന്നുണ്ട്. അതുകഴിഞ്ഞ് 1935ൽ ഇ.എം.എസ് സ്ഥാപിച്ച ' പ്രഭാതം" പത്രത്തിന്റെ പിൻമുറക്കാർക്ക് നൽകുന്ന ആദരമാണ്. ഷൊർണൂരിൽ നടക്കുന്ന ആ പരിപാടിയുടെ ഉദ്ഘാടകൻ എം.എ. ബേബിയാണ്. അടുത്ത ദിവസം യാത്ര കോഴിക്കോട് എത്തും. അവിടെ വച്ച് മാദ്ധ്യമങ്ങളിലെ കാമറ കൈകാര്യം ചെയ്യുന്നവരുടെ കൂട്ടായ്മയുണ്ട്. വനിതാ മാദ്ധ്യമപ്രവർത്തകരുടെ ഒരു ദേശീയ കൂട്ടായ്മക്കും കോഴിക്കോട് വേദിയാകും. മാതൃഭൂമി,ദേശാഭിമാനി, ചന്ദ്രിക , മാധ്യമം എന്നീ പത്രസ്ഥാപനങ്ങളിലൂടെ യാത്ര പുരോഗമിക്കും.
ഫെബ്രുവരി 29ന് രാവിലെ യാത്ര ആരംഭിക്കുന്നത് കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന വീഡിയോ വാക്കോടുകൂടിയാണ്. പ്രഗത്ഭരായ വീഡിയോഗ്രാഫർമാർ അതിന്റെ ഭാഗമാവും. ഇനി യാത്ര ലിറ്റററി മാഗസിന്റെ കുലപതിയായ എം.ടി. വാസുദേവൻ നായരുടെ അടുത്തേക്കാണ്. അദ്ദേഹത്തിന്റെ ആശയങ്ങളും ഉപദേശങ്ങളും പങ്കുവച്ച ശേഷം യാത്ര തുടരുന്നത് തലശേരിയിലെ ഇല്ലിക്കുന്നിലേക്കാണ്. അവിടെയാണ് ചരിത്രയാത്രയുടെ സമാപനം. യാത്രയ്ക്കൊടുവിൽ യാത്രാനുഭവങ്ങൾ പങ്കിടാനായി വിദ്യാർത്ഥികൾ മുഖ്യമന്ത്രിയെയും സന്ദർശിക്കും. കേരളത്തിന്റെ നവോത്ഥാന ചരിത്രവും അക്ഷരചരിത്രവും അറിയാൻ ആഗ്രഹിക്കുന്ന ആർക്കും യാത്രയുടെ ഭാഗമാവാം. മാദ്ധ്യമങ്ങൾ ജനങ്ങളുടെ യാത്രാ പാതയിലേക്ക് വെളിച്ചം വീശുന്നവരാണ്. അതിന് അവരെ പ്രാപ്തരാക്കുക എന്നതാണ് ഈ യാത്രയുടെ പ്രാഥമിക ലക്ഷ്യം. മാദ്ധ്യമങ്ങളുടെ ഇന്നലെ ഇങ്ങനെയായിരുന്നു എന്ന് പുതുതലമുറയെ ബോധ്യപ്പെടുത്താനുള്ള ഒരു ശ്രമമാണിതെന്നും ഏറെ പ്രസക്തമാണ് ഈ സഞ്ചാരപഥമെന്നും മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു.
കേരളകൗമുദി ജനിക്കുന്നു
ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുമ്പ് മലയാളക്കരയിലെ ബഹുഭൂരിപക്ഷം ആളുകളും നിരക്ഷരരായിരുന്നു. അടിമത്തത്തിലും അജ്ഞതയിലും അന്ധവിശ്വാസങ്ങളിലും ആണ്ടുകിടന്ന അവരിൽ അധികംപേരും മൃഗതുല്യമായ ജീവിതമാണ് നയിച്ചിരുന്നത്. ജനിച്ചു ജീവിച്ച സ്വന്തം ഗ്രാമങ്ങളിൽ പോലും സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ അവർക്ക് അനുവാദമില്ലായിരുന്നു. തങ്ങൾക്ക് നിഷേധിക്കപ്പെട്ട ജന്മാവകാശങ്ങളെ കുറിച്ച് അങ്ങേയറ്റം അജ്ഞരുമായിരുന്നു അവർ. സ്വന്തം ഗ്രാമത്തിനപ്പുറത്തുള്ള നാടുകളിൽ കഴിയുന്ന മനുഷ്യരെക്കുറിച്ചോ അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചോ ഒന്നും അറിഞ്ഞിരിക്കില്ല.
അറിയാനുള്ള സാഹചര്യങ്ങളോ സംവിധാനങ്ങളോ ഉണ്ടായിരുന്നുമില്ല. അവിടെയാണ് മലയാളത്തിലെ ആദ്യകാല പത്രമാസികകളുടെ പ്രസക്തിയും പ്രാധാന്യവും നിതരാം വ്യക്തമാകുന്നത്. വിശേഷിച്ചും അയിത്ത ജാതിക്കാരന്റെ വിമോചനപാതയിലെ കരുത്തുറ്റ ജിഹ്വയായി മാറിയ കേരളകൗമുദിയുടെ പിറവിയും പിന്നീടുള്ള പ്രയാണങ്ങളും പ്രവർത്തനത്തിന്റെ പ്രയാസങ്ങളും മലയാള പത്രപ്രവർത്തനത്തിന്റെ ചരിത്രമെഴുതിയ പുതുപ്പള്ളി രാഘവൻ കേരളകൗമുദി ആരംഭിക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും അതിന്റെ ആദ്യകാല സാരഥികളെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
'' പരവൂർ കേശവനാശാന്റെ പത്രാധിപത്യത്തിൽ നടന്നിരുന്ന സുജനാനന്ദിനി, അക്കാലത്ത് പരവൂരിൽ നടന്ന നായരീഴവ ലഹളയിൽ ' തീപ്പെട്ടതോടെ, സി.വി.കുഞ്ഞുരാമൻ തുടങ്ങിയവർക്ക് ഒരു പത്രമില്ലാത്തതിന്റെ പോരായ്മ നന്നേ അനുഭവപ്പെട്ടു. അതിന്റെ ഫലമായിട്ടാണ് കേരളകൗമുദി ആവിർഭവിച്ചത്. സരസകവി മൂലൂർ എസ് . പത്മനാഭപ്പണിക്കർ തുടങ്ങിയ പല പ്രമാണികളും കൗമുദിയുടെ തിരുപ്പുറപ്പാടിന് ചേങ്ങലയും കൈമണിയും പിടിച്ചവരാണ്. പക്ഷേ കൗമുദിയുടെ ജീവാത്മാവും പരമാത്മാവും അന്നും സി.വി. കുഞ്ഞുരാമനായിരുന്നു. മലയാളി പ്രക്ഷോഭണ കാലത്ത് മലയാളി പത്രത്തിന്റെ പത്രാധിപച്ചുമതല വഹിച്ചിരുന്ന സി. വി. രാമൻപിള്ളയെ അതിൽ നിന്നും പ്രതിനിവർത്തിപ്പിക്കാൻ നടപ്പാക്കിയ ഗവൺമെന്റുദ്യോഗസ്ഥർ പത്രം നടത്തിക്കൂടെന്ന നിയമം സി .വി .കുഞ്ഞുരാമനെ തിരശീലയ്ക്ക് പിന്നിൽ തടഞ്ഞുനിറുത്തിയിരുന്നു. സി. വി അന്ന് സർക്കാരദ്ധ്യാപകനായിരുന്നല്ലോ.
(നെടുങ്കുന്നം ഗോപാലകൃഷ്ണന്റെ കേരളകൗമുദി ചരിത്രം ഭാഗം ഒന്നിൽ നിന്ന്)