പി.കേശവദേവിന്റെ പുത്രി രേണുക അച്ഛൻ വാങ്ങിക്കൊടുത്ത 'കലാലയ"ത്തിലേക്ക് ഒരിയ്ക്കൽ കൂടി തിരിച്ചെത്തിയിരിക്കുകയാണ്. ഭർത്താവും രണ്ട് ആൺമക്കളോടുമൊപ്പം ദീർഘകാലമായി ചക്കുവള്ളി 'പോരുവഴി"യിലായിരുന്നു താമസം. ഗ്രാമസേവകനായിരുന്ന ഭർത്താവ് തങ്കപ്പന്റെ മരണത്തിനും മക്കളുടെ വിവാഹത്തിനും ശേഷമാണ് രേണുക താൻ ജനിച്ചുവളർന്ന കായംകുളം പുതുപ്പള്ളിയിലെ കലാലയമെന്ന വീട്ടിലേക്ക് ഇളയമകനോടും മരുമകളോടുമൊപ്പം താമസിക്കാൻ തീരുമാനിച്ചത്. കലാലയം എന്ന പേര് അച്ഛൻ കേശവദേവ് ഇട്ടതാണ്. പുതുപ്പള്ളിക്കാരൻ ഹുസൈൻ മുതലാളിയിൽ നിന്ന് അദ്ദേഹം വിലയ്ക്കു വാങ്ങിയ 22 സെന്റ് പുരയിടത്തിൽ പണ്ട് ഓടിട്ട ഒരു വീടുണ്ടായിരുന്നു. ജീർണിച്ചുപോയ ആ വീട് പൊളിച്ചാണ് അതേസ്ഥാനത്ത് പുതിയ വീട് പണിയിച്ചത്. പക്ഷേ വീട്ടുപേര് മാറ്റിയില്ല. അച്ഛനിഷ്ടപ്പെട്ട അർത്ഥവത്തായ ആ പേര് എങ്ങനെ മാറ്റാനാകും?
ഡ്രോയിംഗ് റൂമിന്റെ ചുവരിൽ ഭംഗിയായി ഫ്രെയിം ചെയ്തുവച്ചിട്ടുള്ള കേശവദേവിന്റെ വലിയ ബ്ലാക് ആൻഡ് വൈറ്റ് ചിത്രമാണ് ആദ്യം നമ്മുടെ കണ്ണിൽപ്പെടുക. അടുത്തുതന്നെ ഗോമതി ദേവിന്റെ ചില്ലിട്ട ചിത്രവും രേണുകയുടെ ഭർത്താവിന്റെ ചിത്രവും സൂക്ഷിച്ചിട്ടുണ്ട്. അവയ്ക്കരികിലിരുന്ന് എഴുപതിലേറെ പ്രായമുള്ള രേണുക എന്ന അമ്മ ഏറെ ഉത്സാഹത്തോടും ആവേശത്തോടും സംസാരിച്ചു തുടങ്ങി.
'' അച്ഛൻ എന്ന് ഞാൻ സ്നേഹിച്ചു വിളിച്ച ഒരേ ഒരാൾ സാഹിത്യകാരനായ പി. കേശവദേവാണ്. എങ്കിലും കഷ്ടിച്ച് പത്തു- പതിനൊന്ന് വയസുവരെയേ അദ്ദേഹത്തോടൊപ്പം കഴിയാനായുള്ളൂ. അതിനുശേഷം അദ്ദേഹത്തിന് മറ്റൊരു ജീവിതം ഉണ്ടായി. അദ്ദേഹം ഞങ്ങളിൽ നിന്ന് അകന്നു. എന്നിരുന്നാലും അച്ഛന് എന്നോട് വലിയ ഇഷ്ടമായിരുന്നു. ഉദാരമായ ആ വാത്സല്യം അദ്ദേഹം മരിക്കും വരെ എനിക്ക് വാരിക്കോരിത്തന്നു.""
കേശവദേവ് എന്ന സാഹിത്യകാരനായ പിതാവിനെയും ഗോമതി ദേവ് എന്ന മാതാവിനെയും കുറിച്ചുള്ള ഓർമ്മകൾ രേണുക ആഹ്ലാദത്തോടെ പങ്കിടുകയായിരുന്നു. അമ്മ പറഞ്ഞ കഥകളും താൻ അനുഭവിച്ച കാഴ്ചകളും അയവിറക്കാൻ ശ്രമിക്കുകയായിരുന്നു.
പത്താം ക്ലാസിന് ശേഷം ഹോമിയോ പഠനത്തിനാണ് അമ്മ എറണാകുളത്ത് ഡോ. പടിയാരുടെ വിദ്യാലയത്തിലെത്തിയത്. 'വെളുമ്പി" എന്ന ഓമനപ്പേരുള്ള സുന്ദരിയായ ഗോമതി പാർവതി അയ്യപ്പന്റെ വനിതാസദനത്തിലെ അന്തേവാസി ആയിരുന്നു. മികച്ച പ്രഭാഷകയും പുരോഗമനവാദിയും തന്റേടിയുമായിരുന്ന ഗോമതി കൂടെക്കൂടെ അയ്യപ്പന്റെ 'സഹോദര" പ്രിന്റിംഗ് പ്രസിൽ കൂടുമായിരുന്നു. അവിടെ വച്ചാണ് ട്രേഡ് യൂണിയൻ പ്രവർത്തകനും തീപ്പൊരി പ്രസംഗകനും എഴുത്തുകാരനുമായിരുന്ന കേശവദേവിനെ കാണുന്നതും പരിചയപ്പെടുന്നതും. അതൊടുവിൽ കോളിളക്കം സൃഷ്ടിച്ച ഒരു നായർ - ഈഴവ വിവാഹത്തിൽ പരിണമിച്ചു. ആദ്യ നാളുകൾ കയ്പ്പുനീർ നിറഞ്ഞതായിരുന്നു.
നവദമ്പതികൾക്ക് മധുവിധുവിന് കിട്ടിയ ഇടം സഹോദരന്റെ പത്രസ്ഥാപനത്തോടു ചേർന്ന ഒരു കുടുസ് ചായ്പായിരുന്നു. കിടന്നുറങ്ങാൻ അവിടെ കട്ടിലില്ല. പായില്ല. വിരിപ്പില്ല. പുതപ്പില്ല. പഴയ ന്യൂസ് പ്രിന്റുകൾ വിരിച്ചായിരുന്നു അവരുടെ ശയനം. അല്പകാലം സഹോദരസ്ഥാപനത്തിൽ താമസിച്ചിട്ട് ഒടുവിൽ വധുവിന്റെ ജന്മനാടായ കായംകുളത്തേക്ക് തിരിച്ചു. തിരിക്കും മുമ്പ് ദേവ് പറഞ്ഞു: 'ഗോമതി, നീ വിഷമിക്കേണ്ട, എന്റെ എഴുത്തുകൊണ്ടു മാത്രം നിനക്കായി ഞാനൊരു മാളിക പണിയിക്കും. അതിൽ ഞാൻ നിന്നെ ഉറക്കും."
മാളിക പണിഞ്ഞ് ഗോമതിയെ ഉറക്കാനൊന്നും ദേവിന് കഴിഞ്ഞില്ലെങ്കിലും തങ്ങളുടെ ജീവിതത്തിൽ പതുക്കെപ്പതുക്കെ പുരോഗതി വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. കായംകുളത്ത് ആദ്യം താമസിച്ചിരുന്നത് കൃഷ്ണപുരം കൊട്ടാരത്തിന് തെക്കുവശത്ത് ഒരു ചെറിയ വാടകവീട്ടിലായിരുന്നു. അന്ന് അവിടെ എസ്. ഗുപ്തൻനായരെപ്പോലെയുള്ള സാഹിത്യപ്രണയികൾ ദേവിനെ കാണാനും ചർച്ചകൾ നടത്താനും വരുമായിരുന്നു. അവിടെ താമസിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രദ്ധേയമായ ചെറുകഥാ സമാഹാരം 'ദേവിന്റെ ചെറുകഥകൾ" പ്രസിദ്ധീകരിക്കുന്നത്.
ഒരു നിശ്വാസത്തോടെ, ഓർമ്മകളിൽ മുങ്ങിനിവർന്നുകൊണ്ട് രേണുക തുടർന്നു:
'അച്ഛന് അന്ന് പ്രത്യേക ജോലിയൊന്നുമില്ല. എഴുത്തും പ്രസംഗവും മാത്രം. അതുകൊണ്ട് ജീവിക്കാനാവില്ലല്ലോ. ജീവിക്കാൻ വേണ്ടി അച്ഛൻ നാടകമെഴുത്ത് തുടങ്ങി. സാമ്പത്തികമായി കുറേക്കൂടി മെച്ചപ്പെട്ടതോടെ തൊട്ടടുത്തുള്ള, വീടോടുകൂടിയ ഒരു പുരയിടം അച്ഛൻ വിലയ്ക്കു വാങ്ങി. ആ വീട് പരിഷ്കരിച്ച് വെടിപ്പാക്കി. കലാലയം എന്ന് പേരുമിട്ടു. അവിടെ താമസിക്കുന്ന കാലത്താണ് അച്ഛന്റെ ആദ്യകാല നോവലുകളും (ഓടയിൽ നിന്ന്, നടി, ഒരു രാത്രി, ഭ്രാന്താലയം, ഉലക്ക തുടങ്ങിയവ) ചെറുകഥകളും (പ്രവാഹം, അന്നത്തെ നാടകം, ദീനാമ്മ, കാലചക്രം തുടങ്ങിയവ) നാടകങ്ങളും (മുന്നോട്ട്, നാടകകൃത്ത്, സമരകവി, യാചകപ്രേമം തുടങ്ങിയവ) ഒക്കെ പുറത്തുവന്നത്. 'ഓടയിൽ നിന്ന് " എന്ന നോവലിലെ പപ്പുവിന്റെ സൃഷ്ടിക്ക് വീട്ടിൽ മിക്കപ്പോഴും വരാറുള്ള ഒരു മുസ്ലീം കച്ചവടക്കാരന്റെ ജീവിതം പ്രചോദനമായിട്ടുണ്ടെന്ന് അമ്മ വ്യക്തമായി ഒരു മാസികയിൽ എഴുതിയിട്ടുണ്ട്. ഭ്രാന്താലയത്തിലെ അബ്ദുവാകട്ടെ അതേ പേരുള്ള ഒരു അയൽക്കാരനുമായിരുന്നു. ഇങ്ങനെയൊക്കെയുള്ള ഒരു വീട്ടിലേക്കാണ് ഞാൻ കടന്നുവരുന്നത്.
ഗോമതി ദേവ് എന്ന സ്ത്രീ പ്രസവിച്ച പുത്രിയല്ല ഞാൻ. അവർ പ്രസവിച്ചിട്ടില്ല. അഞ്ചു വയസുവരെയുള്ള എന്റെ ജീവിതത്തെപ്പറ്റി എനിക്കൊന്നും അറിഞ്ഞുകൂട. എന്തുകൊണ്ടോ ആ രഹസ്യം എന്നോട് ആരും വെളിവാക്കിയിട്ടില്ല. ഓർമ്മവച്ചു പഠനം തുടങ്ങിയകാലം മുതൽ ഞാൻ ദേവിന്റെയും ഗോമതിയുടെയും ഓമനപ്പുത്രിയാണ്.
1956 ലാണ് അച്ഛന് തിരുവനന്തപുരം 'ആകാശവാണി"യിൽ നാടകസംവിധായകനായി ജോലി കിട്ടുന്നത്. അതോടെ തിരുവനന്തപുരത്തെ തൈക്കാട്ടെ വാടകവീട്ടിൽ അദ്ദേഹം സ്ഥിരതാമസമായി. കൂടെക്കൂടെ ഞങ്ങൾ (ഞാനും അമ്മയും) കാണാൻ പോകും. അക്കാലത്താണ് അയൽക്കാരിയായ സീതാലക്ഷ്മിയുമായി അച്ഛൻ അടുക്കുന്നത്. തുടർന്നുള്ള അവരുടെ വിവാഹശേഷം അച്ഛനെ കാണാൻ അമ്മ പോയിട്ടില്ല. എന്നാൽ, എന്നോടുള്ള അച്ഛന്റെ വാത്സല്യത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. (ഞാനൊരിക്കൽ സീതാലക്ഷ്മിയെ കാണാൻ പോവുകയും ചെയ്തു.) എന്നെ കാണാൻ അച്ഛൻ കായംകുളത്ത് വരുമായിരുന്നു. ഓണക്കാലത്തും അല്ലാതെയും. സ്വരാജ്യ പ്രസ് ഉടമ നാണുവുമായിട്ടായിരിക്കും അച്ഛൻ എന്നെ കാണാൻ വരുന്നത്. കാറ് വിട്ട് എന്നെ പ്രസിലേക്ക് കൊണ്ടുവരികയാണ് പതിവ്. എനിക്ക് പണവും ചോക്ലേറ്റും സമ്മാനങ്ങളും തുണിത്തരങ്ങളും കൊണ്ടുതരും. ഞാനുടുത്ത ആദ്യഹാഫ് സാരി അച്ഛൻ വാങ്ങിത്തന്നതായിരുന്നു. ആദ്യം കെട്ടിയ റിസ്റ്റ് വാച്ചും അച്ഛന്റെ സമ്മാനമായിരുന്നു. ആദ്യമിട്ട ക്യൂട്ടെക്സും അദ്ദേഹം കൊണ്ടുതന്നതായിരുന്നു. അച്ഛന്റെ സ്നേഹപ്രകടനങ്ങൾ കണ്ട് സ്കൂളിലെ കുട്ടികൾ അത്ഭുതപ്പെടുമായിരുന്നു.
1972 കാലത്ത് 'ഓർമ്മകൾ" എന്ന പേരിൽ അമ്മ ഒരു അനുഭവക്കുറിപ്പ് തയ്യാറാക്കി. മലയാളനാട് വാരികയിൽ പ്രസിദ്ധീകരിക്കുവാൻ പോകുന്നതറിഞ്ഞ് അച്ഛൻ അത് തടഞ്ഞു. 'ഞാനൊന്ന് ജീവിച്ചോട്ടെ...ദയവായി ഉപദ്രവിക്കരുത്..." എന്ന് അച്ഛൻ എസ്.കെ.നായരോട് അപേക്ഷിച്ചു. അത് എങ്ങനെയോ അറിഞ്ഞ് അനുജൻ അത്തിക്കയം പുതിയതായി തുടങ്ങിയ തന്റെ 'പൗരധ്വനി" വാരികയിൽ ഖണ്ഡശു പ്രസിദ്ധീകരിച്ചു. എങ്കിലും 'ഓർമ്മകൾ" പൂർത്തിയാക്കിയില്ല. പാതിവഴിയിൽ അത് നിന്നു. അച്ഛന്റെ ശക്തി തന്നെയാകാം അതിന് പിന്നിൽ. ഏതായാലും അമ്മയോടുള്ള ദേഷ്യം അച്ഛൻ ഒരിക്കലും എന്നോട് കാണിച്ചിരുന്നില്ല. എന്നല്ല, മരണം വരെ എനിക്ക് കത്തുകൾ എഴുതി ബന്ധം സൂക്ഷിക്കുകയും ചെയ്തു. എന്നാൽ 1975 ൽ ഓച്ചിറ തുഞ്ചൻ ഗുരുകുലത്തിൽ വച്ച് നടന്ന എന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അച്ഛന് കഴിഞ്ഞില്ല. അച്ഛന്റെ സ്ഥാനത്ത് നിന്ന് കല്യാണമാലയും താലിയും എടുത്തുതന്നത് തകഴിമാമനായിരുന്നു. ഞങ്ങളെ അദ്ദേഹം തകഴിയിലേക്ക് വിരുന്നിന് ക്ഷണിക്കുകയും ഞങ്ങൾ പോവുകയും ചെയ്തു.
1983ൽ അച്ഛൻ ആശുപത്രിയിൽ രോഗവുമായി മല്ലടിച്ചു കിടക്കുമ്പോൾ മൂത്തമകൻ വൈശാഖും ഭർത്താവുമൊന്നിച്ച് ഞാൻ കാണാൻ പോയി. ഒന്നല്ല, രണ്ടുവട്ടം. ആദ്യം ചെന്നപ്പോൾ അച്ഛൻ എന്നോട് സ്നേഹത്തോടെ കുശലങ്ങൾ ചോദിച്ചു. രണ്ടാമത്തെ പ്രാവശ്യം ചിരിക്കാൻ ഒരു പാഴ്ശ്രമം മാത്രം നടത്തി. അത്ര അവശനായിരുന്നു അദ്ദേഹം. അച്ഛനേക്കാൾ മൂന്നുവർഷം മുൻപേ അമ്മ മരിച്ചിരുന്നു. ഞാൻ മനസിലാക്കുന്ന കേശവദേവ് എന്ന എന്റെ അച്ഛൻ അങ്ങേയറ്റം നിർമ്മലഹൃദയനായ ഒരു മനുഷ്യനായിരുന്നു. സ്നേഹത്തിന്റെ നിറകുടമായിരുന്നു. ഉറക്കെ പൊട്ടിച്ചിരിക്കുകയും, തുറന്ന് സംസാരിക്കുകയും ആർക്കുമെന്തും കൊടുക്കുയും നീതിക്കുവേണ്ടി പോരാടുകയും ചെയ്ത ധാരാളിയായ ഒരു പച്ച മനുഷ്യൻ. അദ്ദേഹത്തെപ്പോലൊരു അച്ഛനും ഗോമതിയെപ്പോലൊരു അമ്മയും വരും ജന്മവും എനിക്കുണ്ടാകണേ എന്നാണ് എന്റെ എന്നത്തേയും പ്രാർത്ഥന...!
(ലേഖകന്റെ ഫോൺ: 9995155587)