മലയാള ഗാനശാഖയെ താരാട്ടുപാടിയുറക്കുകയും ഉണർത്തുകയും വളർത്തുകയും ചെയ്ത പ്രതിഭാശാലിയാണ് അഭയദേവ്. ഹിന്ദി ട്യൂണുകളുടെ നിഴലും നിലാവുമായി ഒതുങ്ങിക്കൂടിയിരുന്ന ഈ രംഗത്ത് തനതുസംഗീതത്തിന്റെ വസന്തം കൊണ്ടുവന്നതും അഭയദേവായിരുന്നു. മലയാളചലച്ചിത്രഗാനചരിത്രം പരിശോധിക്കുമ്പോൾ ഇരയിമ്മൻതമ്പിയ്ക്കു ശേഷം മികച്ച താരാട്ടുപാട്ടുകൾ പിറന്നതും ആ തൂലികയിൽ നിന്നായിരുന്നു.
പുതിയ തലമുറയ്ക്ക് അഭയദേവിന്റെ പേര് അന്യമാണ്. മലയാളചലച്ചിത്രലോകത്തെ ആദ്യകാലപുണ്യം എന്നു വിശേഷിപ്പിക്കാവുന്ന പലരുടെയും സ്ഥിതി ഇതു തന്നെ. പക്ഷേ, മുജ്ജന്മസുകൃതം കൊണ്ടാകണം ചിലർക്ക് പിന്നീട് പുനർജന്മം ലഭിക്കാറുണ്ട്. അഭയദേവിനും അത്തരത്തിൽ ഒരു രണ്ടാംജന്മം നൽകുകയാണ് 'ദേവപ്രഭ" എന്ന കൃതിയിലൂടെ അനിൽ കെ. നമ്പ്യാർ. കുപ്പയിലെ മാണിക്യം തേടിപ്പോകുന്ന അപൂർവസിദ്ധമായ ഒരു മനസ്സുണ്ട് ഈ എഴുത്തുകാരന്. ഏഴ് അദ്ധ്യായങ്ങളിലായി ഇരുന്നൂറിൽപ്പരം പേജുകളിലൂടെ ഒരു സമ്പൂർണ ജീവിതത്തിന്റെ രേഖാചിത്രം ആവിഷ്ക്കരിച്ചിരിക്കുകയാണ് ഈ കൃതിയിൽ. അഭയദേവിന്റെ ഗാനങ്ങളിലൊന്നും കൃത്രിമത്വം തുന്നിച്ചേർത്തതായി കാണാനാവില്ല. നിസ്സർഗമധുരമായ ഭാഷാലാവണ്യം അദ്ദേഹത്തിന്റെ സവിശേഷതയാണ്. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില 120 രൂപ.