ബാബു എന്നും ഉറങ്ങാൻ കിടക്കുന്നതിനുമുമ്പ് എല്ലാ ദൈവങ്ങളെയും ഒരു നിമിഷം ധ്യാനിക്കും. അതിൽ ജാതിമതഭേദമില്ല. എല്ലാ ദൈവങ്ങളും തുണച്ചതുകൊണ്ടാണ് താൻ ഈ നിലയിലെത്തിയതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. നമ്മുടെ ശരീരത്തിൽ ഏതെല്ലാം ആഹാരത്തിലെ പോഷകാംശങ്ങൾ ലയിച്ചിരിക്കുന്നു. എവിടെയെല്ലാം വിളഞ്ഞ പച്ചക്കറികൾ ഏതൊക്കെയോ കടലിലെ മത്സ്യങ്ങൾ, ഏതൊക്കെ പാടങ്ങളിൽ നിന്ന് കൊയ്ത ധാന്യങ്ങൾ, അതുപോലെ അറിയപ്പെട്ടതും പെടാത്തതുമായ വ്യക്തികൾ, ദൈവങ്ങൾ അവരുടെയെല്ലാം സഹായങ്ങൾ തന്റെ സാമ്പത്തിക വളർച്ചയിലുണ്ട്. അവരോടൊക്കെയുള്ള നന്ദിയാണ് ദൈവങ്ങളോട് പ്രാർത്ഥനാ രൂപത്തിൽ പ്രകടിപ്പിക്കുന്നതെന്ന് ബാബു അടുപ്പമുള്ളവരോട് പറയാറുണ്ട്.
കൂട്ടത്തിൽ നിന്നാൽ ബാബു ഒരു സാധാരണക്കാരനെന്നേ തോന്നൂ. നല്ല വിനയം. ഒരു സ്ഥലത്തും ഇടിച്ചുകയറാത്ത പ്രകൃതം. പിന്നിൽ നിൽക്കുന്നതാണ് ഇഷ്ടം. കൽക്കട്ടയിൽ വൻ ബിസിനസ് സാമ്രാജ്യം. ഫ്ലാറ്റുകൾ,ഇതൊക്കെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ അറിയാവൂ. നാട്ടിൽ താൻ പിറന്ന കൊച്ചുവീട് അതേപോലെ സൂക്ഷിച്ചിട്ടുണ്ട്. സമീപത്ത് കൂറ്റൻ ബഹുനിലമന്ദിരം. സമയം കിട്ടുമ്പോഴൊക്കെ നാട്ടിലെത്തും. ഒരാഴ്ച തങ്ങും. ഈ സമയം മൊബൈൽ ഫോൺ പോലും എടുക്കില്ല. ആ സമയം ബിസിനസ് കാര്യങ്ങൾ നോക്കാൻ പ്രത്യേക ഏർപ്പാടുണ്ടാക്കിയിരിക്കും. നാട്ടിലെത്തിയാൽ പകൽ സമയം പഴയകൊച്ചുവീട്ടിലായിരിക്കും. അവിടെയിരിക്കുമ്പോൾ പഴയകാലം ഓർക്കാനാകും. ഇല്ലായ്മയുടെ നാളുകൾ. പട്ടിണികിടന്ന് വയറുനിറച്ച് ആഹാരം സ്വപ്നം കണ്ട ദിനങ്ങൾ.
അച്ഛൻ ഒരു കൂലിവേലക്കാരനായിരുന്നു. ഈ ജന്മം ഓടിട്ടൊരു വീടോ ഭദ്രമായ ഭാവിയോ സ്വപ്നം കാണാൻ പോലും കഴിയുമായിരുന്നില്ലെന്ന് ബാബു ഓർമ്മിക്കും. തളരാത്ത മനസ് കഠിനാദ്ധ്വാനം പിന്നെ ദാനധർമ്മങ്ങൾ ഒക്കെ ചേർന്നപ്പോൾ പ്രകൃതി കനിഞ്ഞുതന്നതാണെല്ലാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അടുത്തകാലത്ത് നാട്ടിലെത്തി തന്റെ പഴയകുടിലിലിരിക്കുമ്പോഴാണ് രണ്ടു സാധുക്കൾക്ക് വീടുവച്ചു കൊടുക്കാനുള്ള പദ്ധതിക്ക് സഹായം തേടി പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ ഒരു സംഘമെത്തിയത്. ബാബുവുമായി സംസാരിച്ച് കഴിഞ്ഞപ്പോൾ അവരെല്ലാം ഞെട്ടിപ്പോയി. നല്ലൊരു വീടില്ലാത്തതിന്റെ ദുഃഖം ഞാനറിഞ്ഞിട്ടുണ്ട്. പത്തുപേർക്കുള്ള വീട് ഞാൻ വച്ചുതരാം. ബാബുവിന്റെ വാക്കുകൾ അവരെ അതിശയിപ്പിച്ചു. രണ്ട് വ്യവസ്ഥകളേയുള്ളൂ. ഈ പത്തുപേരിൽ ജാതിമതഭേദമന്യേ എല്ലാ വിഭാഗക്കാരും വേണം. മറ്റൊന്ന് താനാണ് ഇത് വച്ചു നൽകിയതെന്ന് മറ്റാരും അറിയരുത്. ഇതുസംബന്ധിച്ച ഒരു ചടങ്ങിനും ക്ഷണിക്കരുത്.
രണ്ട് വ്യവസ്ഥകളും അംഗീകരിച്ച് സംഘം ഇറങ്ങുമ്പോൾ അവർ പരസ്പരം പറഞ്ഞു: നമ്മുടെ നാട്ടിലെ ഓരോ കലുങ്കും ഓരോ പാലവും ഓരോ ശിലാസ്ഥാപനഫലകവും എത്രയേ പേരുകൾ ചുമക്കുന്നു. അതിൽകയറി പറ്റാൻ തന്നെ എന്തെല്ലാം ചരടുവലികൾ. അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാൻ എന്തെല്ലാം രാഷ്ട്രീയമത്സരങ്ങൾ,വിവാദങ്ങൾ.
പ്രതീക്ഷിച്ചതിന്റെ നൂറിരട്ടി ലഭിച്ച സന്തോഷത്തോടെ അവർ ഗേറ്റ് കടന്ന് തിരിഞ്ഞുനോക്കുമ്പോൾ ബാബു പഴയ ആ വീടിന്റെ ഉമ്മറത്ത് കണ്ണുകളടച്ച് ധ്യാനിച്ചിരിക്കുകയായിരുന്നു. ഇങ്ങനെയുമുണ്ട് മനുഷ്യർ നമ്മുടെ ചുറ്റും. നാം കാണാൻ ശ്രമിക്കുന്നില്ലെന്ന് മാത്രം. പഞ്ചായത്ത് മെമ്പർ കുറ്റബോധത്തോടെ പറഞ്ഞു.
(ഫോൺ: 9946108220)