മലയാളിയുടെ നർമബോധം സമുത്തമമാണ്. നൂറ് വർഷം മുമ്പ് ആരംഭിച്ച മലയാള കാർട്ടൂൺ പ്രസ്ഥാനം മുതൽ സോഷ്യൽ മീഡിയയിൽ ഇളകി മറിയുന്ന ട്രോളുകൾ വരെ അതിന് സാക്ഷ്യം.
വേദിയിലെ വിദൂഷകന്റെ ദൗത്യം കാർട്ടൂണുകൾ അച്ചടി മാദ്ധ്യമത്തിൽ നിർവ്വഹിക്കുന്നു. പോയകാല രാജസഭകളിൽ 'ക്ലൗൺ" കയ്യാളിയിരുന്ന വിമർശാധികാരം തിരുത്തലിന് ഉള്ള വഴി കൂടിയായിരുന്നു. സർക്കസിലെ ക്ലൗണുകളും സമാനസ്വതന്ത്രത ആസ്വദിച്ച് പോരുന്ന കൂട്ടമാണല്ലോ.
പരിഹസിക്കാനുള്ള മനുഷ്യന്റെ വാസനയ്ക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. ചിത്രണത്തിലൂടെ അത് പ്രകടിപ്പിക്കാനും മനുഷ്യൻ തുനിഞ്ഞിരുന്നു. എന്നാൽ ചിത്രകലയിൽ ഹാസ്യത്തിന് ഭ്രഷ്ട് കല്പിച്ചിരുന്ന ഒരു കാലവുമുണ്ടായിരുന്നത്രെ. എല്ലാ വൈചിത്ര്യങ്ങളേയും പോലെ ആ ഭ്രഷ്ട് ക്രമേണ അസ്തമിക്കുകയും ചിത്രകല, ഹാസ്യത്തിന് പ്രകാശമാർഗ്ഗമായി വളരുകയും ചെയ്തു. കാരിക്കേച്ചർ, കാർട്ടൂൺ, ചിത്രകഥ, ഗ്രാഫിക് നോവൽ എന്നീ ചിത്രണ രൂപങ്ങൾ ലോകത്ത് എവിടേയും ഇന്ന് സുലഭമാണല്ലോ.
കാരിക്കേച്ചർ
Cara (മുഖം) എന്ന സ്പാനിഷ് വാക്കും character (സ്വഭാവം) എന്ന ആംഗലേയ വാക്കും Caricature എന്ന ഈ രചനാ സമ്പ്രദായനാമത്തിൽ ഉണ്ട്. ചിരിപ്പിക്കാൻ പാകത്തിൽ ചില പ്രത്യേക രൂപ ഭാവ വിശേഷങ്ങൾക്ക് അമിത പ്രാധാന്യം നൽകി വരയ്ക്കുന്നതാണ് കാരിക്കേച്ചർ. പതിനാറാം നൂറ്റാണ്ടിൽ അനിബേൽ കരാച്ചിയാണ് ആദ്യത്തെ കാരിക്കേച്ചർ വരച്ചത്.
പതിനേഴാം നൂറ്റാണ്ടിലെത്തിയപ്പോൾ വ്യക്തികളെ കേന്ദ്രീകരിച്ചുള്ള കാരിക്കേച്ചർ എന്ന ഹാസ്യചിത്രണ സമ്പ്രദായം സമൂഹത്തിലെ വിവിധ തരങ്ങളിലേക്കും തലങ്ങളിലേക്കും വികേന്ദ്രീകരിച്ചു. 1841 ൽ ഇംഗ്ലണ്ടിൽ ഹെന്ററി മേഹ്യു ആരംഭിച്ച 'പഞ്ച്" എന്ന കാരിക്കേച്ചർ പ്രസിദ്ധീകരണം രാജാക്കന്മാരെ വിമർശനവിധേയമാക്കി. എങ്കിലും പൊങ്ങച്ചത്തിന് എതിരായ വിഷയങ്ങളായിരുന്നു അതിൽ കൂടുതലായി പ്രകാശിപ്പിക്കപ്പെട്ടത്. ഇതിൽ 'എഡിറ്റോറിയൽ കാർട്ടൂൺ" എന്ന ഒരു മുഴുപ്പേജ് ഹാസ്യചിത്രം പ്രസിദ്ധീകരിച്ചു തുടങ്ങി. രാഷ്ട്രീയ സംവിധാനത്തിലെ പാകപ്പിഴകൾ വിമർശിക്കുകയായിരുന്നു 'എഡിറ്റോറിയൽ കാർട്ടൂണി"ലെ പ്രതിപാദ്യം. അങ്ങനെ ആവിർഭവിച്ചതാണ് കാർട്ടൂൺ എന്ന ഹാസ്യചിത്രണ
സമ്പ്രദായം കാർട്ടൂൺ
വെസ്റ്റ്മിനിസ്റ്റർ കൊട്ടാരത്തിന്റെ പുതുക്കിപ്പണി നടന്ന 1840 കാലം. അന്ന് ആൽബർട്ട് രാജകുമാരൻ, ചുവർ ചിത്രങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഒരു ചിത്രരചനാമത്സരം സംഘടിപ്പിച്ചു. അതാകട്ടെ ആകെ അപഹാസ്യമായി ഭവിക്കുകയും ചെയ്തു. അതിനെ ആക്ഷേപിച്ച് 'പഞ്ചിൽ" കാർട്ടൂണുകൾ പ്രത്യക്ഷപ്പെട്ടു. അവ 'പഞ്ചി"നെ ശ്രദ്ധേയമാക്കി. പിന്നീട് 'പഞ്ചി"ൽ അതൊരു പംക്തിയായി അംഗീകാരം നേടി. കാർട്ടൂൺ എന്ന കലാരൂപം വൃത്താന്തപത്രങ്ങളിലേക്കും വാരിക മാസികളിലേക്കും പ്രവേശിച്ചു.
ആക്ഷേപഹാസ്യമായി രാഷ്ട്രീയ സാമൂഹ്യവിഷയങ്ങളെ അധികരിച്ച് കാർട്ടൂണുകൾ മുന്നേറി. അവയുടെ ലാളിത്യവും ആശയാഭിഗമ്യതയും ജനപ്രീതിയാർജ്ജിക്കാൻ കാർട്ടൂണുകൾക്ക് എളുപ്പമേകി. രാഷ്ട്രീയക്കാരെ മാത്രമല്ല, സമൂഹത്തിലെ പലതരക്കാരെയും വിഭാഗക്കാരേയും പരിഹാസ ശരവ്യമാക്കുന്ന കർത്ത്യവത്തിലേക്കും കാർട്ടൂണിസ്റ്റുകൾ നീങ്ങി. സൂചിത കഥകൾ രേഖകളിലൂടെ സന്നിവേശിപ്പിച്ചും മനുഷ്യന് മൃഗാസാധർമ്മ്യം പകർന്ന് ചിത്രീകരിച്ചും പഴഞ്ചാല്ലുകൾ ഉദ്ധരിച്ച് രചിച്ചും കാർട്ടൂണുകൾ ഹൃദ്യങ്ങളാക്കി. വാക്കുകൾ കൊണ്ടുള്ള കളികൾ കാർട്ടൂണുകളെ ആകർഷകങ്ങളാക്കി.
ചിത്രകഥ
പത്തൊൻപതാം നൂറ്റാണ്ടിൽ കാർട്ടൂണുകളുടെ വികാസഫലമായി രൂപം കൊണ്ടതാണ് ചിത്രകഥകൾ. Comic strip എന്നും comic എന്നും ഇവ അറിയപ്പെട്ടു. 1896 ൽ അമേരിക്കൻ പത്രങ്ങളിലാണ് ഇവ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ന്യൂയോർക്ക് വേൾഡ് എന്ന പത്രത്തിൽ ഔട്ട് കാൾ എന്ന കലാകാരൻ വരച്ച 'കിഡ് ഇൻ യെല്ലോ" എന്ന ഹാസ്യചിത്രരചന ഹിറ്റായപ്പോൾ, ന്യൂയോർക്ക് ജേണൽ എന്ന പത്രം ഔട്ട് കാളിനെ വിലക്കെടുത്ത് 'യെല്ലോ കിഡ്" എന്ന പംക്തി തുടങ്ങി. പത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടലായി. ഇത്തരം ഏറ്റുമുട്ടലുകളെ പിന്നീട് 'യെല്ലോ ജേണലിസം്" എന്നും വിളിച്ചു പോന്നു.
ബലൂൺ പോലെ രേഖയുണ്ടാക്കി അതിനുള്ളിൽ പ്രതിപാദ്യവും കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണവും ചേർക്കുന്ന രീതി 1905 ൽ ആരംഭിച്ചതാണ്. ഒരു ചിത്രിത ഹാസ്യകഥയായി ആസ്വാദകരെ സൃഷ്ടിച്ചത് 'മട്ട് ആന്റ് ജെഫ്"എന്ന സൃഷ്ടിയായിരുന്നു. 1907 ൽ ഇത് ബഡ്ഫിഷർ എന്ന ചിത്രകാരൻ ആയിരുന്നു വരച്ചത്. 1929 ൽ ടാർസൺ എന്ന വീരസാഹസിക കഥയും 1938 ൽ സൂപ്പർമാന്റെ ചിത്രീകരണവും ഉണ്ടായി.
മലയാളത്തിൽ
ഇന്ത്യയിലെ കാർട്ടൂൺ കലയ്ക്ക് സിംഹഭാഗ സംഭാവന നൽകിയത് മലയാളി കാർട്ടൂണിസ്റ്റുകളാണ്. മലയാളത്തിലെ ആദ്യ കാർട്ടൂൺ പിറന്നത് കൊല്ലത്താണ് എന്നു പറയുമ്പോൾ കൊല്ലക്കാർക്ക് അഭിമാനവും ആഹ്ളാദവും. 1919 ഒക്ടോബറിൽ 'വിദൂഷകൻ്" എന്ന വിനോദ മാസികയിൽ വന്ന് 'മഹാക്ഷാമദേവത" എന്ന കാർട്ടൂൺ ആണ് മലയാളത്തിലെ ആദ്യ കാർട്ടൂൺ. ഒപ്പിടാതെ പ്രസിദ്ധീകരിച്ച അതിന്റെ രചയിതാവ് പി.എസ്. ഗോവിന്ദപിള്ളയാണ് എന്ന് അനുമാനിക്കപ്പെടുന്നു. വിദൂഷകന്റെ പത്രാധിപർ ആയിരുന്ന പി.എസ്. നീലകണ്ഠപ്പിള്ളയുടെ സഹോദരനാണ് ഗോവിന്ദപിള്ള.
ഹിന്ദി, തമിഴ് ഭാഷകളിൽ കാർട്ടൂണുകൾ മലയാളത്തിനു മുന്നേ പ്രത്യക്ഷപ്പെട്ടിരുന്നു. 1854 ൽ ബോംബെ പ്രസിഡൻസിയിൽ നിന്നിറങ്ങിയ 'പാർസി പഞ്ച്" എന്നൊരു പത്രവാരികയിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചു. 1877 ൽ 'അവധ് പഞ്ച് "എന്നൊരു ആക്ഷേപഹാസ്യ മാസികയിൽ കാർട്ടൂണുകൾ ഉണ്ടായിരുന്നു. 1906 ൽ കവി സുബ്രമണ്യ ഭാരതി, 'ശിത്തിര തിളക്കം" എന്ന കാർട്ടൂൺ പരമ്പര, ഇന്ത്യ എന്ന വാരികയിൽ പ്രസിദ്ധപ്പെടുത്തി.
എന്നാൽ ഹാസ്യചിത്രകലാരംഗത്ത് പ്രഗത്ഭനായ ശങ്കറിന്റെ സംഭാവനകൾ നിസ്തൂലങ്ങളാണ്. ഇന്ത്യയയിലെ പൊളിറ്റിക്കൽ കാർട്ടൂണിന്റെ പിതാവായ ശങ്കർ 1949 ൽ ആരംഭിച്ച ശങ്കേഴ്സ് വീക്കിലി ചരിത്രമായി മാറി. അത് മറ്റ് അനേകം കാർട്ടൂൺ മാസികകൾക്ക് പ്രചോദനമായി തീരുകയും ചെയ്തു.
അനേകം പ്രതിഭാശാലികളായ കാർട്ടൂണിസ്റ്റുകൾക്ക് അവസരമൊരുക്കാൻ ശങ്കറിനു സാധിച്ചു. പ്രധാനമന്ത്രി നെഹ്റുവിനെ പരിഹസിച്ചു വന്ന ശങ്കറിന്റെ കാർട്ടൂണുകൾ ചരിത്രത്തിൽ ഇടം നേടി. നെഹ്റുവിന്റെ നേരിട്ടുള്ള പ്രശംസയും ശങ്കർ ഏറ്റുവാങ്ങി. Don"t spare me എന്നൊരു ഔദാര്യവും നെഹ്റു ശങ്കറിനോട് ചോദിച്ചത് ചരിത്രകൗതുകം. ശങ്കറിന്റെ സമകാലികനായിരുന്നു 'ടൈംസ് ഓഫ് ഇന്ത്യ"യിൽ നീണ്ട 50 വർഷം പോക്കറ്റ് കാർട്ടൂൺ വരച്ച ആർ.കെ.ലക്ഷ്മൺ. കായംകുളത്തുകാരൻ കേശവശങ്കരപിള്ളയാണ് കാർട്ടൂണിസ്റ്റ് ശങ്കർ. മാവേലിക്കര രാജാരവിവർമ്മ കോളേജ് ഓഫ് ആർട്സ് വിദ്യാർത്ഥിയായിരുന്നു. ശങ്കേഴ്സ് വീക്കിലിയിലൂടെ പേരെടുത്തവർ ആയിരുന്നു അബു എബ്രഹാം, കുട്ടി, രങ്ക എന്നീ കാർട്ടൂണിസ്റ്റുകൾ. അബു എബ്രഹാം ചെന്നിത്തലക്കാരനായിരുന്നു. അനശ്വര കാർട്ടൂൺ കഥാപാത്രങ്ങളായ ബോബൻ,മോളി,അപ്പിഹിപ്പിമാരുടെ ജനയിതാവായ ടോംസ്, മിസ്റ്റർ കുഞ്ചു, പാച്ചു, കോവാലൻമാരുടെ സ്രഷ്ടാവായ പി.കെ.മന്ത്രി, കിട്ടുവമ്മാവൻ,ചന്തുമാരുടെ രചയിതാവ് യേശുദാസൻ തുടങ്ങിയവർ ഓണാട്ടുകര എന്ന കാർഷിക മേഖലയിൽ ജനിച്ചവരാണെന്നത് യാദൃശ്ചികമാവാം. ആദ്യത്തെ മലയാള കാർട്ടൂണിന് ജന്മം നൽകിയ കൊല്ലത്ത് ജനിച്ചവരാണ് ടി.സാമുവലും പ്രൊഫ.ജി. സോമനാഥനും.
പ്രൊഫ. ജി. സോമനാഥന്റെ സൗമ്യരേഖകൾ
വലിയ ഒരു ശിഷ്യസമ്പത്ത് അവശേഷിപ്പിച്ചു പോയ സ്നേഹധനനായ അദ്ധ്യാപകനായിരുന്നു ജി.സോമനാഥൻ. ചിത്രകാരനും കാർട്ടൂണിസ്റ്റുമായിരുന്ന അദ്ദേഹം കൊട്ടാരക്കര ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തും മിക്ക പ്രസിദ്ധീകരണങ്ങളിലും കാർട്ടൂൺ വരച്ചു. കൊല്ലം എസ്.എൻ.കോളേജിൽ നിന്ന് മലയാളം എം.എ കരസ്ഥമാക്കി കൊല്ലം, ചേർത്തല, വർക്കല എന്നീ എസ്.എൻ. കോളേജിൽ അദ്ധ്യാപകനായി. കൊല്ലം എസ്.എൻ. കോളേജിലെ മലയാളം വകുപ്പ് മേധാവിയായി അദ്ദേഹം അദ്ധ്യാപനസേവനം പൂർത്തിയാക്കുകയും ചെയ്തു.
ജനയുഗം വാരിക, മാതൃഭൂമി ആഴ്ചപ്പതിപ്പ് മുതലായവ പ്രസിദ്ധീകരണങ്ങളിൽ വരച്ച വാസുവേട്ടൻ, ചിന്നൻ ചുണ്ടെലി, ചെല്ലൻ മുയൽ തുടങ്ങിയ കാർട്ടൂൺ-ചിത്രകഥാ പരമ്പരകൾ വൻ ജനപ്രീതിയാർജജിച്ചു.
ജി. സോമനാഥന്റെ ചിത്രണവരകളും കയ്യക്ഷരവും തൂലികാചലനത്തിലൂടെ മഷിയുടെ സുഗമസഞ്ചാരധാരാപഥമായി തീരുകയായിരുന്നു. കൊട്ടാരക്കരയ്ക്ക് സമീപം പരുത്തിയറ പുത്തൻവീട്ടിൽ ആർ.ഗോവിന്ദന്റേയും ജി. ഭാർഗവിയുടേയും പുത്രനായി ജനിച്ച സോമനാഥന്റെ സൗമ്യസ്മിതവും സംഭാഷണവും വിദ്യാർത്ഥികളെ ഏറെ കീഴടക്കിയിരുന്നു. വിദ്യാർത്ഥികളുടെ സർഗാത്മക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച സോമനാഥൻ സാർ വിദ്യാർത്ഥികളെ പ്രോൽസാഹിപ്പിക്കുന്നതിൽ ഒരു ധാരാളിയായിരുന്നു. നടനും എം.എൽ.എ യുമായ മുകേഷിനൊപ്പം ഈ ലേഖകനും സോമനാഥൻ സാറിന്റെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.
ജി.സോമനാഥന്റെ രാഷ്ട്രീയ കാർട്ടൂണുകൾ മാതൃഭൂമി, ഇന്ത്യൻ എക്സപ്രസ് എന്നിവയിൽ പ്രത്യക്ഷപ്പെട്ടത് വളരെ ശ്രദ്ധേയമായിരുന്നു.
കാർട്ടൂൺ എന്ന സമ്പ്രദായത്തിൽ നിന്നാണ് ചിത്രകഥയെന്ന രൂപമുണ്ടായത്. ജി.സോമനാഥന്റെ ചിത്രകഥകൾ കൊണ്ടാടപ്പെട്ടത് ബാല ഉല്ലാസങ്ങളായിട്ടാണ്. ചെല്ലൻ മുയൽ, ചെല്ലന്റെ ഒരു ദിവസം, അക്ബർ ചിരിക്കുന്നു, കൗതുക കഥകൾ, മൂക്ക് തുടങ്ങിയ ബാലസാഹിത്യകൃതികൾ ജി. സോമനാഥന്റെ വിലപ്പെട്ട സംഭാവനകളാണ്. ബ്രൂസ്ലിയുടെ കഥ, പഴഞ്ചൊല്ലിലെ ചിരി, സ്യമന്തകം, നടുക്കുന്ന കഥകൾ, നാരദകഥകൾ, മാളികവീട്, പത്തടി അലുവ, മർക്കട കുമാർ, കാട്ടിലൊരു കാലത്ത് മുതലായ പുസ്തകങ്ങൾ മലയാള സാഹിതിക്ക് ജി. സോമനാഥന്റെ സംഭാവനകളാണ്. സി.ഐ.ഡി.നസീർ, പ്രേതഭൂമി എന്നിവ ചിത്രകഥാ പുസ്തകങ്ങളാണ്.
'ചാണക്യസൂത്രങ്ങൾ" എന്നൊരു മലയാള ചലച്ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. നളചരിതം, ആട്ടകഥ, സ്വപ്നവാസവദത്തം എന്നിവയ്ക്ക് എഴുതിയ വ്യാഖ്യാന പഠനങ്ങളുമുൾപ്പെടെ മുപ്പത് ഗ്രന്ഥങ്ങളുടെ കർത്താവാണ് പ്രൊഫ.ജി.സോമനാഥൻ. എത്രയെത്ര പുസ്തകങ്ങളുടെ പുറം ചട്ടകൾ അദ്ദേഹം വരച്ചു ഭംഗിയാക്കി.
മലയാളികൾ വെന്നിക്കൊടി പാറിച്ച ഇന്ത്യൻ കാർട്ടൂൺ മേഖലയിൽ ഭാഷോപാസകനും അദ്ധ്യാപകനുമായ കാർട്ടൂണിസ്റ്റ് ജി.സോമനാഥൻ സമർപ്പിച്ച സംഭാവനകൾ ഓർമ്മിക്കപ്പെടേണ്ടത് തന്നെ.