കുറേക്കാലം ഊട്ടിയിൽ അസിസ്റ്റന്റായി കൂടെയുണ്ടായിരുന്ന ജയസിങ്ങിനെ തിരുവനന്തപുരത്തെ വീട്ടിൽ വന്നശേഷം വിളിച്ചു. മുൻ നിശ്ചയപ്രകാരം കാമറയുമായി ആദ്യം ഞങ്ങൾ വിഴിഞ്ഞത്തേക്കു തിരിച്ചു. യഥാർത്ഥ മുഖം മാറ്റി തുറമുഖത്തിന്റെ മുഖംമൂടി ധരിക്കാനൊരുങ്ങുന്ന വിഴിഞ്ഞത്തിന്റെ ചിത്രങ്ങളായിരുന്നു ലക്ഷ്യം. കുറേ നേരം അവിടുത്തെ കാഴ്ചകൾ പകർത്തി. തിരികെ വന്നപ്പോൾ കോവളം ബീച്ചിൽ കയറി. വൈകുന്നേരമായതിനാൽ ആൾത്തിരക്കായിരുന്നു അവിടെ. സൂര്യാസ്തമയകാഴ്ച കാണാനെത്തിയവരാണ് അധികവും. കടലിന്റെയും ആൾക്കാരുടേയും സിന്ദൂരം പൂശിയ ആകാശത്തിന്റെയും കുറെ സീനുകൾ അവിടെ എടുത്തപ്പോഴേക്കും അസ്തമയത്തിനു സമയമായി. പ്രകാശം നന്നേ കുറഞ്ഞു. അപ്പോൾ 400 mm ടെലി ലെൻസ് കാമറയിൽ ഫിറ്റ് ചെയ്തു സൂര്യന്റെ ചില വലിയ ചിത്രങ്ങളും കൂടി പകർത്തി. ക്രമേണ നിറം മങ്ങി മങ്ങി സൂര്യൻ സാവധാനം കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടുപോയി. സാമാന്യം ഇരുട്ട് വ്യാപിച്ചു തുടങ്ങി. അതോടെ തിരികെ വീട്ടിലേക്കു പോന്നു.
ഊട്ടിയിലെത്തി സ്റ്റുഡിയോയിൽ വന്ന് എടുത്ത പടങ്ങളൊക്കെ ഡൗൺലോഡ് ചെയ്തു. അന്നെടുത്ത സൂര്യന്റെ വലിയ പടങ്ങളിലെല്ലാം അങ്ങിങ്ങ് കടും ചുവപ്പുനിറമുള്ള പാടുകൾ കണ്ടു. ബ്ലോട്ടിങ് പേപ്പറിൽ ചുവന്നമഷി കുടഞ്ഞാൽ എങ്ങനെയാണ് പടരുന്നത് അതുപോലെയുള്ള കുത്തുകൾ. ഉടൻ തന്നെ കാമറയും ലെൻസും നന്നായി പരിശോധിച്ചു. ലെൻസിൽ ചെറിയ ക്ലീനിംഗ് നടത്തി പടങ്ങൾ എടുത്തു നോക്കി. വിശേഷിച്ച് ഒന്നും കണ്ടില്ല. പിന്നെ ഇതെങ്ങനെ സംഭവിച്ചു എന്ന അന്വേഷണമായി.
എല്ലാവരും ലെൻസിലെ പൊടിയോ അഴുക്കോ എന്നാണ് പറഞ്ഞത്. അതല്ല എന്ന് എത്ര ആവർത്തിച്ചിട്ടും ആരും അതു ചെവിക്കൊണ്ടില്ല. പിന്നെ ചിലപത്രക്കാരോടു ഈ വിവരം പറഞ്ഞു.എങ്കിലും സത്യസ്ഥിതി അറിയാത്തതിനാൽ അവരും അതിൽ താല്പര്യം കാണിച്ചില്ല. ഇനി ഊട്ടിയിലെ വാനനിരീക്ഷണശാസ്ത്രജ്ഞരെ കാണിക്കാൻ പ്ലാനിട്ടു. എന്നാൽ അവർ വലിയ ജാഡ കാണിച്ചതിനാൽ അതു വേണ്ടെന്നു വച്ചു. ഒടുവിൽ ഇത് സോഷ്യൽ മീഡിയയിലേക്കു വിട്ടാലോ എന്നാലോചിച്ചു. പക്ഷേ പലരും അടിച്ചുമാറ്റാൻ സാധ്യതയുള്ളതിനാൽ അതും വേണ്ടെന്നു വച്ചു. പിന്നെ നാസയ്ക്ക് അയച്ചു് ഇതിന്റെ സാങ്കേതിക വശം അന്വേഷിക്കണമെന്ന് ചിലർ ഉപദേശിച്ചു.
അപ്പോഴും പോസ്റ്റ് ചെയ്താൽ പലരും സ്വന്തമാക്കുമെന്നു തോന്നിയതിനാൽ തൽക്കാലം കൈവശം തന്നെ വച്ചു. അറ്റകൈ എന്ന നിലക്ക് ഗൂഗിളിൽ ഒരു ശ്രമം നടത്തി. അതു ഫലം കണ്ടു. സൺ സ്പോർട്ട് എന്ന പ്രതിഭാസമാണ് ഇതെന്നും സൂര്യനിൽ ഉണ്ടാകുന്ന സ്ഫോടനത്തിന്റെ ഫലമാണ് ഇതെന്നും 11വർഷത്തിലൊരിക്കലാണ് ഇത് കാണുന്നതെന്നും അറിയാൻ കഴിഞ്ഞു. തന്നെയുമല്ല വലിയ ടെലിസ്കോപ്പിക് കാമറയിലെ ഇതിന്റെ ഫോട്ടോ എടുക്കാൻ പറ്റുകയുള്ളൂ എന്നും പറഞ്ഞിരിക്കുന്നു. എന്നാൽ എന്റെ സാധാരണ കാമറയിൽ അതുകിട്ടി എന്നതും ഒരു വലിയ നേട്ടമാണ്. ഇത് നടന്ന ദിവസമാണ് ഞാൻ യാദൃശ്ചികമായി കോവളത്തെത്തിയതും ഈ ഫോട്ടോ എടുത്തതും! ഇതും ആകസ്മികമായ ഒരു സംഭവമായിരുന്നു.