അറുപത്തിയഞ്ചുവർഷമായി സൈക്കിളുമായി കൂട്ടുകൂടാൻ തുടങ്ങിയിട്ട്. എഴുപത്തിമൂന്നുവയസിലും ആ കൂട്ട് അതേ പോലെ കാത്തുസൂക്ഷിക്കുന്നുണ്ട് പട്ടം എൻ. ശശിധരൻ.
എട്ടു വയസ്സുള്ളപ്പോൾ പട്ടം പ്ലാമൂട്ടിലുള്ള സൈക്കിൾ ഷാപ്പിൽ നിന്നും ചെറിയ സൈക്കിൾ വാടകയ്ക്കെടുത്ത് തനിയെയാണ് ഓടിക്കാൻ പഠിച്ചത്. പഠനത്തിനുശേഷം കുറേ വർഷങ്ങൾ ട്രേഡ് യൂണിയൻ പ്രവർത്തനത്തിലും രാഷ്ട്രീയത്തിലും പ്രവർത്തിച്ച കാലവും വാടക സൈക്കിളിലായിരുന്നു സവാരി. 1978ൽ മിൽമ പാൽ നേരിട്ട് തെരുവുകളിലെ ബൂത്തിൽ കുപ്പിപ്പാൽ വിതരണം നടത്തുവാനായി എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി സ്ഥിരം ജോലി ലഭിച്ചു.
പട്ടം ഡയറിയിൽ നിന്നും രാത്രി ഒരു മണിമുതൽ പാൽ കുപ്പികളിൽ നിറച്ച അനേകം വാഹനങ്ങൾ നഗരത്തിന്റെ എല്ലാ ഭാഗത്തും എത്തിയിരുന്നു. ഓരോ ബൂത്തിലായിട്ടായിരുന്നു അന്നത്തെ ഡ്യൂട്ടി. രാത്രി 12 മണിക്ക് വീട്ടിൽ നിന്നും സൈക്കിൾ സവാരി ചെയ്ത് കിലോമീറ്ററുകൾ കടന്നുള്ള ബൂത്തുകളിൽ കൃത്യമായും എത്തുകയും രാവിലെ മുതൽ പാൽ വിതരണം നടത്തുകയുമായിരുന്നു ജോലി. കാലാവസ്ഥ ഏതായാലും നീണ്ട പതിനാലുവർഷകാലം അനന്തപുരിയുടെ മുക്കിലും മൂലയിലും മടിയില്ലാതെ എത്തിയതും പ്രിയ കൂട്ടുകാരനൊപ്പമായിരുന്നു. അതിനുശേഷം 1992 ൽ പട്ടത്ത് നിന്ന് അമ്പലത്തറയിൽ മിൽമ പ്ലാന്റ് മാറ്റിയപ്പോൾ പ്ലാന്റിലായി പണി.
അന്നും പട്ടത്ത് താമസസ്ഥലത്ത് നിന്നും ഏകദേശം 20 കിലോമീറ്റർ ദൂരം അങ്ങോട്ടും തിരിച്ചും സൈക്കിൾ യാത്രയായിരുന്നു. അന്ന് ഏതൊരു വിധ ക്ഷീണവും രോഗങ്ങളും അനുഭവപ്പെട്ടില്ല. അതിനും ശശിധരൻ നന്ദി പറയുന്നത് സൈക്കിൾ സവാരിയോടെയായിരുന്നു. ജോലി വിരമിച്ചശേഷം സ്വകാര്യമേഖലയിൽ ജോലി ചെയ്തപ്പോഴും ദിവസവും ഇരുപത് കിലോമീറ്റർ വരെ സൈക്കിൾ ചവിട്ടുമായിരുന്നു. 25 വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരം നഗരത്തിലെ റോഡുകൾ വീതികുറഞ്ഞതായിരുന്നു. വാഹനങ്ങൾ നന്നേ കുറവ്, ഇരുചക്ര വാഹനങ്ങളും തീരെ കുറവായിരുന്നു. അന്നത്തെ ആളുകൾ ഓഫീസിലും മറ്റ് തൊഴിലിനും പോകുന്നത് സൈക്കിളിലായിരുന്നു.
നഗരത്തിലെ പ്രധാന രാജവീഥിയിൽ കാളവണ്ടികളും ഉന്തുവണ്ടികളും സൈക്കിളുകളുമായിരുന്നു നിറഞ്ഞിരുന്നത്. ആ യാത്ര കണ്ടു നിൽക്കാൻ തന്നെ മനോഹരമായിരുന്നെന്ന് അദ്ദേഹം ഓർക്കുന്നു. ഇന്ന് ആ വഴിയിലെവിടെയും സൈക്കിൾ യാത്രക്കാരെ കാണാറില്ല.
മുൻപ് എല്ലാ ജംഗ്ഷനിലും രണ്ടു സൈക്കിൾ വർക്ക് ഷോപ്പുകളെങ്കിലും ഉണ്ടായിരുന്നു. ഇന്ന് ആ കാഴ്ചയേ ഇല്ല. കാരണം ഈ തൊഴിൽ പഠിക്കാൻ ആർക്കും താത്പര്യമില്ല. ഇന്നും സൈക്കിൾ പഞ്ചർ ഒട്ടിക്കണമെങ്കിൽ കട കണ്ടെത്തുന്നത് തന്നെ വളരെയധികം അലഞ്ഞാണ്.
ഇക്കാലത്തിനിടയിൽ സൈക്കിൾ യാത്രയിൽ ഒരു അപകടവുമുണ്ടായിട്ടില്ല.
ധാരാളം അപകടങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. പ്രായം അതിക്രമിച്ചു കഴിഞ്ഞെങ്കിലും സാമൂഹിക പ്രവർത്തനങ്ങളിൽ ഇന്നും ഉത്സാഹത്തോടെയാണ് നിൽക്കുന്നത്. ഇപ്പോൾ എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട്. പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, സീനിയർ സിറ്റിസൺ അന്തിവെയിൽ കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലയ്ക്കും പ്രവർത്തിക്കുന്നു. എല്ലായിടത്തും ഓടിയെത്തുന്നതും സൈക്കിളിൽ തന്നെയാണ്. നീണ്ട സൈക്കിൾ യാത്ര സമ്മാനിച്ചത് ഒരൊറ്റ അറിവ് മാത്രം, ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് ഈ സഞ്ചാരം എന്ന തിരിച്ചറിവ്. അത് കൂടെയുള്ളവരിലേക്കും എത്തിക്കാൻ ശ്രമിക്കാറുണ്ട്. സൈക്കിൾ സവാരിക്കാർക്ക് പറയത്തക്ക അസുഖങ്ങൾ ഉണ്ടാകാറില്ല. മരുന്നിന്റെ ഉപയോഗവും കുറയുമെന്ന് പ്രായത്തിന്റെ അവശതകൾ മാറ്റിവയ്ച്ച് ശശിധരൻ ഓർമ്മിപ്പിക്കുന്നു.