ചെല്ലമ്മാ,ഫോട്ടോയ്ക്ക് പോസ് പണ്ണ കൂട തെരിയാതാ... നല്ലാ സിരി, ലുക്ക് സ്ട്രെയ്റ്ര്...
ഇച്ചിരി കാർക്കശ്യത്തോടെയാണ് സംവിധായകൻ റാമിന്റെ സംസാരം. പറയുന്നത് റാമിന്റെ ചെല്ലമ്മയോട്, പ്രേക്ഷകരുടെ സാധനയോട്. ഒൻപതാം വയസിൽ തങ്കമീൻകളിൽ റാമിന്റെ ചെല്ലമ്മയായി കാമറയ്ക്കുമുന്നിലെത്തിയ ആ കുട്ടിക്കുറുമ്പി മടങ്ങിയത് ദേശീയ പുരസ്കാരവും കൊണ്ടാണ്. വർഷങ്ങൾക്കിപ്പുറം റാമിന്റെ പാപ്പയായി പേരൻപിലൂടെ ഒരിക്കൽ കൂടി പ്രേഷകർക്കു മുന്നിലെത്തിയിരിക്കുകയാണ് സാധന. ഒരു വിങ്ങലോടെയല്ലാതെ കണ്ടുതീർക്കാൻ കഴിയാത്ത പാപ്പയുടെ ജീവിതം അതിമനോഹമായി അഭ്രപാളിയിലെത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സാധന. ഹോട്ടൽ താജിൽ അമ്മയ്ക്കും അച്ഛനും പ്രിയപ്പെട്ട റാം അങ്കിളിനും ഒപ്പമിരുന്ന് 'കേരളകൗമുദി"യോട് സംസാരിക്കുന്നു
നിനയ്ക്കാതെ വന്നെത്തിയ പാപ്പ
എല്ലാം പ്രതീക്ഷിക്കാതെ സംഭവിച്ചതാണ്. സത്യത്തിൽ റാം അങ്കിൾ എനിക്ക് വേണ്ടി കാത്തിരുന്നതാണോ എന്നെനിക്കറിയില്ല. പക്ഷേ ഞാൻ പാപ്പയായത് റാം അങ്കിൾ കാരണമാണ്. പേരൻപ് തിരഞ്ഞെടുക്കാൻ ആദ്യത്തെയും അവസാനത്തെയും കാരണം റാം അങ്കിൾ തന്നെയാണ്. അഭിനയിക്കുകയാണെന്ന തോന്നൽ പോലും ഇല്ലാതെ ചെയ്യാൻ കഴിയുന്നത് അദ്ദേഹത്തിനൊപ്പം ആയതുകൊണ്ട് മാത്രമാണ്. ഞാൻ അത്രയധികം കംഫർട്ടബിൾ ആണ്. റാം അങ്കിൾ കഴിഞ്ഞാൽ എന്നെ ഈ ചിത്രത്തിലേക്ക് അടുപ്പിച്ചത് പാപ്പയാണ്. ഒരേ സമയം ഇന്ററസ്റ്റിംഗും ചാലഞ്ചിംഗും ആയിരുന്നു പാപ്പ. തങ്കമീൻകളിൽ ചെല്ലമ്മയായി എനിക്ക് അഭിനയിക്കേണ്ട കാര്യമേ ഇല്ലായിരുന്നു. എനിക്കും ചെല്ലമ്മയ്ക്കും വ്യത്യാസങ്ങളൊന്നുമില്ല. പക്ഷേ പാപ്പയാകാൻ ഏറെ നാളത്തെ ഒരുക്കങ്ങളുണ്ടായിരുന്നു.
മൂന്നുമാസത്തോളം സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കുട്ടികളെ കുറിച്ച് പഠിക്കാനായി ചെലവഴിച്ചു. സ്പാസ്റ്റിക് സൊസൈറ്റികളിൽ പോയി അവരെ നേരിട്ട് കണ്ട് അവരുടെ പ്രയാസങ്ങൾ മനസിലാക്കി, അവരുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ചു. എനിക്ക് അത്തരമൊരു അനുഭവം ആദ്യമായാണ്. പിന്നെ തലമുടി മുതൽ കാൽപാദം വരെ പാപ്പ എങ്ങനെയിരിക്കണം എന്നതിനെക്കുറിച്ച് റാമങ്കിളിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതെല്ലാം എനിക്ക് കൃത്യമായി പറഞ്ഞു തന്നു. മാനസികമായും ശാരീരികമായും പാപ്പ മറ്റൊരു വ്യക്തിയായിരുന്നു. കൈയിലും കാലിലും കഴുത്തിലും എല്ലാം അവൾക്ക് പ്രശ്നങ്ങളുണ്ട്. ഒരു ഡാൻസറായതുകൊണ്ട് ശാരീരികമായി പാപ്പയായി മാറാൻ അതെന്നെ സഹായിച്ചിട്ടുണ്ട്. പാപ്പയെ പോലെ അഭിനയിച്ച് തുടങ്ങിയെങ്കിലും അവളായി ഞാൻ മാറിയത് ദിവസങ്ങൾക്കുശേഷമാണ്.
ഇന്നും പ്രിയ ചെല്ലമ്മ
തങ്കമീൻകളിൽ അഭിനയിക്കുമ്പോൾ അത് ഞാൻ തന്നെയായിരുന്നു. റാം അങ്കിൽ ഇപ്പഴും എന്നെ ചെല്ലമ്മയെന്നാണ് വിളിക്കുന്നത്. പിന്നെ സെറ്റിൽ മുഴുവൻ ഓടിനടന്ന് ബഹളം വയ്ക്കും. കരയാൻ പറയുമ്പോഴാണ് ഏറ്റവും പ്രയാസം. എനിക്ക് പറ്റില്ല. അപ്പോൾ അച്ഛൻ വന്ന് വഴക്ക് പറയും. പിന്നെ സ്വാഭാവികമായി കരയും. ഷൂട്ട് കഴിയുമ്പോൾ അച്ഛന്റെ അടുത്ത്പോയി തിരിച്ച് വഴക്ക് പറയും. ഇതായിരുന്നു അന്ന് നടന്നത്. പക്ഷേ പാപ്പയായപ്പോൾ എനിക്ക് കുറച്ചുകൂടെ ചെയ്യാൻ കഴിഞ്ഞു, അവൾ എന്ത് ചിന്തിക്കും എന്നൊക്കെ ഞാൻ ആലോചിക്കുന്നത് ഇപ്പോഴാണ്.
പാപ്പയായി ഒളിച്ചുകളിച്ചു
ഷൂട്ടിംഗ് മുതൽ സിനിമ റിലീസ് ആകും വരെ സാധനയെ ആർക്കും അറിയില്ലായിരുന്നു. ആ ഒളിച്ചുകളിയായിരുന്നു ഏറ്റവും രസം. കൊടൈക്കനാലിൽ ഷൂട്ട് നടക്കുകയാണ്. ഒരു വലിയ പാലം. അതുവഴി നടന്നുവരണം. പാപ്പയെപോലെ കൈയുംകാലും ഒക്കെ വച്ച് ഞാൻ നടന്നുവന്നു. പാലത്തിനിപ്പുറം കുറേ ആളുകൾ ഷൂട്ടിംഗ് കാണാനുണ്ടായിരുന്നു. ഞാൻ നടന്നെത്തിയപ്പോഴേക്ക് എല്ലാവരും കൈയടിച്ചു. പലരും കരുതിയത് ഞാൻ യഥാർത്ഥത്തിൽ സ്പാസ്റ്റിക് ചൈൽഡ് ആണെന്നായിരുന്നു. ഒരു ദിവസം ഒരു സ്പാസ്റ്റിക് സൊസൈറ്രിയിൽ ഷൂട്ടിംഗ് നടക്കുകായിരുന്നു. ഷൂട്ടിംഗിനിടെ ചെയർമാൻ അവിടേക്ക് വന്നു. ഏതാണ് ഈ സ്പാസ്റ്റിക് ചൈൽഡെന്ന് അദ്ദേഹം അമ്മയോട് ചോദിച്ചു. അയ്യോ, അവൾ നോർമൽ പെൺകുട്ടിയാണ്. എന്റെ മോളാണ്. സിനിമയ്ക്കുവേണ്ടി അഭിനയിക്കുകയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്റെ പരിശ്രമങ്ങൾക്കുള്ള ആദ്യത്തെ അഭിനന്ദനങ്ങൾ ഇതൊക്കെയായിരുന്നു.
കൊച്ചിയിൽ സിനിമയുടെ പ്രീമിയർ കാണാൻ എത്തിയപ്പോൾ പോലും ഇത് തന്നെയായിരുന്നു അനുഭവം. സ്ക്രീനിംഗ് തുടങ്ങും മുമ്പ് അമ്മയും ഞാനും കൂടെ ഷോപ്പിംഗിന് പോയി. നിറയെ പേരൻപിന്റെ പോസ്റ്ററുകൾ. എന്റെ ഫോട്ടോസ്. അതിന്റെ മുന്നിലൂടെ നടന്നുപോകുമ്പോഴും ആർക്കും എന്നെ മനസിലായില്ല. അപ്പോ ഉറക്കെ വിളിച്ച് പറയാൻ തോന്നി ഞാനാ പാപ്പയെന്ന്. ആരും അറിയാതെ നടക്കുന്നതും ഒരു രസമാണല്ലോ. എല്ലാവരും പടം കഴിഞ്ഞ് ഇറങ്ങി പാപ്പയെകുറിച്ചാണ് അന്വേഷിക്കുന്നത്. കൺമുന്നിൽ നിന്നിട്ടും ആർക്കും എന്നെ മനസിലായില്ല.(ഇതിനിടെ അച്ഛൻ വെങ്കടേഷ് ഇടപെട്ടു,) 'പേരൻപ് കണ്ടു കഴിഞ്ഞ് ഒരു സ്ത്രീ വന്ന് എന്നോട് പറഞ്ഞത് ഓർത്ത് ഇപ്പഴും ചിരിയാണ് മനസിൽ. സിനിമയിൽ അഭിനയിച്ച് ഇത്രയും പണം കിട്ടിയിട്ടും ആ കുഞ്ഞിനെ ചികിത്സിച്ച് ഭേദമാക്കാൻ ശ്രമിക്കാത്ത നിങ്ങളെന്തൊരു രക്ഷിതാവാണെന്ന് അവരെന്നോട് ചോദിച്ചു. സാധനയെ നേരിട്ട് കണ്ടപ്പോൾ അവർ ഞെട്ടിപ്പോയി"
മമ്മൂട്ടി അതിസയമാനത്
ഒരു ദിവസം റാം അങ്കിൾ വന്ന് പറയുവാണ്, ചെല്ലമ്മ, നീ മമ്മൂക്കയ്ക്ക് പാപ്പയെ പോലെ ആകാൻ പഠിപ്പിച്ച് കൊടുക്കണം എന്ന്. ഞാൻ ഞെട്ടിപ്പോയി. മമ്മൂട്ടി സാറിനെ പോലൊരാൾക്ക് ഞാൻ പഠിപ്പിച്ച് കൊടുക്കാനോ, റാം അങ്കിൾ, നീങ്ക എന്ന ലൂസാ, എന്നായിരുന്നു എന്റെ മറുപടി. പിന്നെ മമ്മൂക്ക എന്റെ അടുത്ത് വന്ന് എല്ലാം ചോദിച്ച് മനസിലാക്കി. ഞാൻ മൂന്ന് മാസം കൊണ്ട് മനസിലാക്കിയത് അദ്ദേഹം അഞ്ച് മിനിട്ട് കൊണ്ട് പഠിച്ചു.
പാപ്പയുടെ വായ ഒരു വശത്തേക്കാണല്ലോ, നാക്ക് കുറച്ച് പുറത്തേക്കിരിക്കും. ഒരുദിവസം ഷൂട്ടിംഗിനിടയിൽ എന്റെ വായ ലോക്ക് ആയിപ്പോയി. പഴയപോലെ ആകുന്നില്ല. എല്ലാരും പേടിച്ചുപോയി. കുറച്ച് കഴിഞ്ഞപ്പോഴേക്ക് ഓകെ ആയി. അപ്പോഴാണ് മമ്മൂക്ക വന്ന് എന്നോട് പറഞ്ഞത്. നീ പാപ്പയായി മാറുകയാണോ, അഭിനയിക്കൂ...ഇത്രയും റിയലിസ്റ്റിക് ആവല്ലേ എന്ന്.
ചെന്നൈ ടു ദുബായ്
ഒൻപത് വയസുള്ളപ്പോഴാണ് ഞാൻ 'തങ്കമീൻകളി" ൽ അഭിനയിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞും പടം പുറത്തിറങ്ങാൻ ഒന്നര വർഷം കഴിഞ്ഞു. അപ്പോഴേക്ക് ഞങ്ങൾ ചെന്നൈയിൽ നിന്ന് ദുബായിലേക്ക് മാറി. അവിടെയെത്തി ഞാൻ സിനിമയിൽ അഭിനയിച്ചു എന്നൊക്കെ പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല. കള്ളം പറയുകയാണെന്നൊക്കെ പറഞ്ഞ് കൂട്ടുകാർ കളിയാക്കുമായിരുന്നു. പക്ഷേ സിനിമ റിലീസ് ചെയ്തപ്പോഴേക്ക് കാര്യങ്ങളൊക്കെ മാറി. നാഷണൽ അവാർഡ് കിട്ടിയപ്പോ എല്ലാവരും വന്ന് അഭിനന്ദിച്ചു. എനിക്ക് സ്കോളർഷിപ്പ് ഒക്കെ കിട്ടി. പേരൻപ് കഴിഞ്ഞപ്പോഴും ഇതു തന്നെയായി സ്ഥിതി. ഷൂട്ടിംഗ് നടക്കുമ്പോ എനിക്ക് വെറും 14വയസ്. ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞു. സിനിമ ഇറങ്ങാൻ വൈകിയപ്പോൾ കൂട്ടുകാർ കളിയാക്കിയിരുന്നു. പക്ഷേ പുറത്തിറങ്ങിയപ്പോൾ കാര്യങ്ങളൊക്കെ മാറി. ടീച്ചർമാരും ഫ്രണ്ട്സും എല്ലാവരും വന്ന് എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.
റാം അങ്കിൾ എന്റെ ഹീറോ
അഭിനയിക്കാൻ ഒരുപാടിഷ്ടമാണ്. എന്നാൽ മനസിൽ ഇപ്പോൾ ഒരു പ്ലാനുമില്ല. ചെല്ലമ്മയും പാപ്പയും സംഭവിച്ചുപോയതാണ്. അതുപോലുള്ള കഥാപാത്രങ്ങൾ ഇനിയും വരുമായിരിക്കും. കരാട്ടേ കിഡ് പോലൊരു ചിത്രം തമിഴിൽ വരികയാണെങ്കിൽ അതിൽ അഭിനയിക്കണം എന്നൊക്കെ പണ്ട് അമ്മയോട് പറയുമായിരുന്നു. പക്ഷേ ഇപ്പോൾ റാം അങ്കിളാണെന്റെ ഹീറോ. അതുപോലൊരു ഡയറക്ടറാകണം എന്നാണ് ആഗ്രഹം. സെറ്റിലെ എല്ലാവരെയും നിയന്ത്രിച്ച് ഒരു ലീഡറായി നടക്കുന്നത് കാണുമ്പോഴാണ് സംവിധായികയാവാൻ ആഗ്രഹം. റാം അങ്കിളും എന്നോട് പറയാറുള്ളത് സംവിധായികയാവാനാണ്. ഞാൻ ഇപ്പോൾ 11-ാം ഗ്രേഡിലാണ്. ദുബായിലാണ് പഠിക്കുന്നത്. മാസ് മീഡിയയാണ് എന്റെ വിഷയം. നന്നായി പഠിക്കണം എന്നതാണ് ഇപ്പോഴത്തെ വലിയ ആഗ്രഹം. പിന്നെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടത് ഡാൻസാണ്. അമ്മ ലക്ഷ്മി വെങ്കടേഷ് ദുബായിൽ ഒരു ഡാൻസ് അക്കാഡമി നടത്തുന്നുണ്ട്. അമ്മയാണ് ഗുരു. അച്ഛൻ വെങ്കടേഷ് മലയാളിയാണ്. സിനിമ, സംഗീതം എല്ലാം ഇഷ്ടമുള്ള സകലകലാവല്ലഭനാണ് അച്ഛൻ. എനിക്ക് ഒരു ചേച്ചിയുണ്ട്. സഹാന.