അലൗകിക പ്രണയത്തിന് പുത്തൻ രാഗഭാവങ്ങൾ നൽകിയ ആ ഗാനം പിറന്നിട്ട് വർഷം 45 പിന്നിട്ടു. സിനിമകൾ ഒരുപാട് വന്നുപോയി, പാട്ടുകളും... എന്നിട്ടും ഇന്നും മധുരപ്പതിനേഴിന്റെ പ്രസരിപ്പോടെ ഒഴുകുകയാണ് ആ പാട്ട്. പ്രണയാതുരരെ കുളിരണിയിക്കാൻ. 'എന്റെ സ്വപ്നത്തിൻ താമര പൊയ്കയിൽ വന്നിറങ്ങിയ രൂപവതീ...." സംഗീത പ്രേമികളെ ഇന്നും പുളകമണിയിക്കുന്ന ഗാനം.1973 ജൂലായ് 12 ന് റിലീസായ 'അച്ചാണി" എന്ന സിനിമ ഇന്നും ഓർക്കപ്പെടുന്നത് ഈ ഗാനത്തിലൂടെയാണ്. ജനറൽ പിക്ചേഴ്സിന്റെ ബാനറിൽ ദേശീയ, അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ സിനിമകൾ നിർമ്മിച്ച കശുഅണ്ടി വ്യവസായി കൂടിയായ കെ.രവീന്ദ്രനാഥൻ നായർ, തന്നെ അച്ചാണി രവിയാക്കിയ ചിത്രത്തിന്റെ സ്മരണകളിൽ മുഴുകുമ്പോൾ പ്രായത്തിന്റെ ആകുലതകൾ മറക്കും. ജനറൽ പിക്ചേഴ്സ് പിറന്നിട്ട് 50 വർഷം പിന്നിടുകയാണ്. ബോക്സോഫീസ് റെക്കോഡുകൾ തകർത്തോടിയ സിനിമയുമായി സഹകരിച്ചവരിൽ മിക്കവരും ഓർമ്മയായിട്ടും പാട്ടിന് ഇന്നും പവൻമാറ്റാണ്.
45 വർഷം മുമ്പ് പിറന്ന പാട്ടിനെക്കുറിച്ച് ഓർമ്മിപ്പിച്ചപ്പോൾ രവി മുതലാളി വാചാലനായി. 'സംവിധായകൻ എ. വിൻസന്റിന്റെ പ്രത്യേക താത്പര്യമായിരുന്നു യേശുദാസ് തന്നെ പാടി അഭിനയിക്കണമെന്ന്. എന്റെ സ്വപ്നത്തിൻ താമരപൊയ്കയിൽ എന്ന ഗാനം പ്രത്യേകരീതിയിലാണ് ചിത്രീകരിച്ചത്. കലാകാരന്മാരുടെ സങ്കേതത്തിലെത്തുന്ന പ്രേമഭാജനങ്ങളായ സുധീർ സുജാത ജോഡികളെ വരവേൽക്കാൻ യേശുദാസ് തന്നെ പാടുകയാണ്. ഗാനത്തിന്റെ പശ്ചാത്തലത്തിൽ നിറയെ ചുമർ ചിത്രങ്ങൾ. മോഡലുകളെ നോക്കി ചിത്രം കോറിയിടുന്ന കലാകാരന്മാർ.... കലാസംവിധാനം നിർവഹിച്ച ഭരതനും ചിത്രം വരയ്ക്കുന്ന കലാകാരനായി ഗാന രംഗത്തുണ്ട്. ഭരതൻ പില്ക്കാലത്ത് പ്രശസ്ത സംവിധായകനായി. പി.ഭാസ്ക്കരൻ,ബാബുരാജ് കൂട്ടുകെട്ടിൽ നിന്ന് മാറി പി.ഭാസ്ക്കരൻ, ജി. ദേവരാജൻ കൂട്ടുകെട്ടിൽ ആദ്യമായി പിറന്ന ഗാനങ്ങളായിരുന്നു അച്ചാണിയിലേത്. ആകെ അഞ്ചു പാട്ടുകളെങ്കിലും യേശുദാസ് പാടി അഭിനയിച്ച ഗാനം എക്കാലത്തെയും സൂപ്പർഹിറ്റ് മെലഡിയായി. ജയചന്ദ്രനും മാധുരിയും പാടിയ 'മല്ലികാബാണൻ തന്റെ വില്ലെടുത്തു...", പി. സുശീല പാടിയ 'സമയമാം നദി പുറകോട്ടൊഴുകി" എന്നീ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. പ്രേംനസീറും നന്ദിതാബോസുമായിരുന്നു പ്രധാന വേഷങ്ങളിൽ. ബംഗാളിയായ നന്ദിതാ ബോസ് പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
അച്ചാണിയിലെ പാട്ടോർമ്മകൾ രവിയെ ചെറുപ്പത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. പങ്കെടുക്കുന്ന ചടങ്ങുകളിൽ ഗായകർ ഈ പാട്ട് പാടുന്നത് കേൾക്കുമ്പോൾ ഓർമ്മകൾ പിന്നോട്ടോടുമെന്ന് അദ്ദേഹം സമ്മതിക്കും. 1967 ൽ ജനറൽ പിക്ച്ചേഴ്സ് രൂപീകരിച്ചു. ആദ്യചിത്രം 'അന്വേഷിച്ചു, കണ്ടെത്തിയില്ല". 68 ൽ 'ലക്ഷപ്രഭു"വും 69 ൽ 'കാട്ടുകുരങ്ങും" റിലീസായി. ഇടവേളയ്ക്ക് ശേഷം 73 ൽ റിലീസായ 'അച്ചാണി" കളക്ഷൻ റെക്കോഡ് തിരുത്തി 50 ദിവസത്തിലധികം തിയേറ്രറുകളിൽ നിറഞ്ഞോടി. ജനപ്രിയ ചിത്രത്തിനുള്ള ക്രിട്ടിക്സ് അവാർഡ് അടക്കം നേടിയ ചിത്രത്തിൽ നിന്ന് ലഭിച്ച ലാഭം കൊല്ലം പബ്ലിക് ലൈബ്രറി നിർമ്മിക്കാനാണ് രവി വിനിയോഗിച്ചത്. അച്ചാണിയോടെ കൊമേഴ്സ്യൽ സിനിമയോട് വിടപറഞ്ഞ രവി പിന്നീട് നിർമ്മിച്ചതെല്ലാം മലയാള സിനിമയുടെ യശസ്സ് ലോകോത്തരം ഉയർത്തിയ ന്യൂവേവ് സിനിമകളായിരുന്നു. ഭാര്യാ സഹോദരൻ ടി.സി. ശങ്കറായിരുന്നു സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സഹോദരൻ ജെ.രാജശേഖരൻ നായർ പ്രൊഡക്ഷൻ കൺട്രോളറും. താങ്ങായി ഒപ്പം നിന്ന ഭാര്യ ഉഷാരവി 'തമ്പ് "എന്ന ചിത്രത്തിൽ പാടുകയും ചെയ്തു. ജനറൽ പിക്ച്ചേഴ്സിന്റെ അമരക്കാരിൽ ഇന്ന് ശേഷിക്കുന്നത് രവി മുതലാളിയും സഹോദരൻ രാജശേഖരൻ നായരും മാത്രം.
കാലം മാറി, കഥ മാറി, ഇനിയില്ല...
സിനിമയെ അന്താരാഷ്ട്ര ഭൂപടത്തിലേക്കുയർത്തിയ നിർമ്മാതാവ് രവീന്ദ്രനാഥൻ നായർക്ക് ഇനിയൊരു സിനിമ നിർമ്മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. 'പഴയ കാലമല്ല, സിനിമയും ആൾക്കാരും രീതിയും ഒക്കെ മാറി. ഇനിയൊരു സിനിമയെക്കുറിച്ച് ആലോചിക്കുന്നത് പോലുമില്ല" അദ്ദേഹം പറഞ്ഞു. കശുഅണ്ടി വ്യവസായം ഇപ്പോൾ നോക്കി നടത്തുന്നത് മക്കളായ പ്രതാപ് ആർ. നായരും പ്രകാശ് ആർ. നായരുമാണ്. മകൾ പ്രീത സതീഷ് നായർ. അവശതകൾ മാറ്റി വച്ച് എല്ലാദിവസവും ഉച്ചയ്ക്ക് കൊച്ചുപിലാമൂട്ടിലെ വിജയലക്ഷ്മി കാഷ്യു കമ്പനി ഓഫീസിലെത്തി മക്കളുമായി നടത്തുന്ന ചർച്ചയിൽ സിനിമ കടന്നു വരാറുമില്ല.
കാഞ്ചനസീതയിൽ തുടക്കം
അച്ചാണിക്ക് ശേഷം കലാമൂല്യമുള്ള ചിത്രങ്ങളിലേക്ക് ശ്രദ്ധ തിരിച്ച രവി ആദ്യം നിർമ്മിച്ചത് കാഞ്ചനസീതയായിരുന്നു. തുടർന്ന് തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ. എല്ലാം സംവിധാനം ചെയ്തത് അരവിന്ദൻ. 1982 മുതൽ അടൂർഗോപാലകൃഷ്ണനുമായുള്ള കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ. ഇതിനിടെ എം.ടി വാസുദേവൻ നായർ സംവിധാനം ചെയ്ത മഞ്ഞും നിർമ്മിച്ചു.