pulwama-attack

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ 40 ജവാന്മാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇന്ത്യ മിന്നലാക്രമണം നടത്തുമെന്ന റിപ്പോർട്ടിനെ തുടർന്ന് പാകിസ്ഥാൻ ഭീകരവാദ ക്യാമ്പുകൾ ഒഴിപ്പിക്കുന്നു. ഭീകരാക്രമത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.

ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കിയിട്ടുണ്ട്. തിരിച്ചടിക്കായി സൈന്യത്തിന് പൂർണ്ണ സ്വാതന്ത്രം നൽകിയതായും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനെ തുടർന്നാവാം ക്യാമ്പുകൾ ഒഴിപ്പിക്കാൻ തീരുമാനിച്ചത്.

ഇതുകൂടാതെ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാക് ബന്ധത്തിൽ വിള്ളൽ വീണ സാഹചര്യത്തിൽ രാജസ്ഥാനിലെ പൊഖ്രാനിൽ ഇന്ത്യൻ വ്യോമസേന ശക്തിപ്രകടനം നടത്തിയിരുന്നു. വായൂ ശക്തി എന്ന പേരിലായിരുന്നു വ്യോമസേനയുടെ അഭ്യാസ പ്രകടനം നടന്നത്. ആക്രമണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളും എല്ലാ ശ്രേണിയിലുംപെട്ട യുദ്ധ വിമാനങ്ങളും പാക് അതിർത്തിയിലെ ശക്തിപ്രകടനത്തിൽ പങ്കെടുത്തിരുന്നു.

തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പൊഖ്രാനിലെ അഭ്യാസ പ്രകടനം. എസ്.യു 30, മിറാഷ് 2000, ജഗ്വാർ, മിഗ് 21, മിഗ് 27, മിഗ് 29, ഐ.എൽ 78, ഹെർക്കുലീസ്, എ.എൻ 32 തുടങ്ങിയ വിമാനങ്ങളാണ് അഭ്യാസ പ്രകടനത്തിൽ പങ്കെടുത്തത്. ഏതു നിമിഷം വേണമെങ്കിലും ശത്രുവിന് മേൽ കനത്ത പ്രഹരമേൽപ്പിക്കാൻ തക്ക കരുത്ത് വ്യോമസേനയ്ക്കുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പ്രകടനം.

അതേസമയം പാകിസ്ഥാനെതിരായ നീക്കത്തിൽ ലോകത്തിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജൻസിയായ ഇസ്രയേലിന്റെ മൊസാദിന്റെയും അമേരിക്കയുടെ സി.ഐ.എയുടെയും സഹകരണം ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. ഇവരുടെ സഹായത്തോടെ ഭീകരതാവളങ്ങൾ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജൻസിയായ റോ കണ്ടു പിടിച്ചതായാണ് സൂചന. എപ്പോൾ എങ്ങനെ ആക്രമണം നടത്തണമെന്നത് മൂന്ന് സേനാ മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചേർന്ന് തീരുമാനിക്കും.