തെഹ്റാൻ: വിപ്ലവ സേനക്കെതിരായ ഭീകരാക്രമണത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജയ്ഷെ ആദിൽ എന്ന ഭീകര സംഘടന നടത്തിയ ആക്രമണത്തിൽ ഇറാന്റെ 27 സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയത്. സൈനികരുടെ സംസ്കാര ചടങ്ങിനിടയിലാണ് ഐ.ആർ.ജി.സി കമാൻഡർ ഇൻ ചീഫ് മുഹമ്മദ് അലി ജാഫരി ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന്റെ തെക്കുകിഴക്കൻ മേഖലയിൽ ബലൂച് വിഘടനവാദികളും ഇറാൻ സേനയും നിരന്തരമായി ഏറ്റുമുട്ടൽ നടത്തുന്ന പ്രദേശത്തായിരുന്നു ഭീകരരുടെ ആക്രമണം. ആക്രമണത്തിൽ 27 സൈനികർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയവർക്കെതിരെ പാകിസ്ഥാൻ നടപടിയെടുത്തില്ലെങ്കിൽ ഇറാൻ അത് നടപ്പാക്കുമെന്ന് ഐ.ആർ.ജി.സി കമാൻഡർ ഇൻ ചീഫ് മുഹമ്മദ് അലി ജാഫരി പറഞ്ഞു.
അതേസമയം, പാകിസ്ഥാൻ ഇന്ത്യയിലെ പുൽവാമയിൽ നടത്തിയ ഭീകരാക്രമണത്തിനെതിരെ ശക്തമായി തിരച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആക്രമണം നടത്തിയ ഭീകരരെ എവിടെ ഒളിപ്പിച്ചാലും ശിക്ഷ അനുഭവിക്കുമെന്ന് ശക്തമായ ഭാഷയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. അമേരിക്ക ഉൾപ്പെടെ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളും പാകിസ്ഥാന്റെ ഭീകര പ്രവർത്തനങ്ങളിൽ ഒറ്റപ്പെടുത്തിയിരുന്നു. പുൽവാമ ചാവേർ ആക്രമണത്തെ തുടർന്ന് സൗദി കിരീടാവകാശി സൽമാൻ രാജാവിന്റെ പാക് സന്ദർശനം മാറ്റിവച്ചിരുന്നു.
ഇന്ത്യയും ഇറാനും ഒരേ സ്വരത്തിൽ പാകിസ്ഥാനെതിരെ ആക്രമണം നടത്തിയാൽ പാകിസ്ഥാന് ഒരു തിരിച്ചു വരവുണ്ടാകില്ല എന്ന കാര്യം വ്യക്തമാണ്. പാകിസ്ഥാന്റെ പ്രകോപനപരമായ നടപടികൾക്ക് ശക്തമായ ഭാഷയിൽ മറുപടി പറയാനൊരുങ്ങുകയാണ് ഇരു രാജ്യങ്ങളും. അതിന് മുന്നോടിയായി പാകിസ്ഥാനുമായുള്ള സൗഹൃദരാഷ്ട്ര പദവി ഇന്ത്യ പിൻവലിച്ചിരുന്നു. കൂടാതെ പാകിസ്ഥാനിൽ നിന്നുള്ള വസ്തുക്കളുടെ ഇറക്കുമതി തീരുവ 200ശതമാനമായി ഉയർത്തിയതായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി ട്വീറ്റ് ചെയ്തിരുന്നു.