alphons-kannanthanam

പുൽവാമയിൽ വീരമൃത്യു വരിച്ച ധീരജവാൻ വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുമ്പോൾ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മൃതദേഹത്തിനൊപ്പം നിന്ന് സെൽഫിയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്ര് ചെയ്‌തിരുന്നു. 'വസന്ത കുമാറിനെ പോലുള്ള ധീരജവാന്മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാൻ സാധിക്കുന്നത്' എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. എന്നാൽ, കുറച്ച് മിനിറ്റുകൾക്കകംതന്നെ പോസ്റ്റ് പിൻവലിക്കുകയും ചെയ്‌തു. ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ‌ഡോ.ജിനേഷ് പി.എസ്.

ഫേസ്ബുക്ക് പോസ്റ്റി‌ന്റെ പൂർണരൂപം

സുമാർ 18 വർഷം മുൻപ്,

കോട്ടയം മെഡിക്കൽ കോളേജിൽ ഒരു യൂണിയൻ ഇനാഗുറേഷൻ...

വിശിഷ്ടാതിഥിയുടെ തകർപ്പൻ പ്രസംഗം നടന്നുകൊണ്ടിരിക്കുന്നു. ഡൽഹിയിലെ അനധികൃത കെട്ടിട നിർമ്മാണങ്ങൾ അവസാനിപ്പിച്ചതിനെ കുറിച്ചും നിയമവിരുദ്ധ നിർമ്മാണങ്ങൾ പൊളിപ്പിച്ചതിനെക്കുറിച്ചും ആരെയും മോട്ടിവേറ്റ് ചെയ്യുന്ന രീതിയിൽ അദ്ദേഹം അവതരിപ്പിക്കുന്നു.

അപ്പോഴാണ് കേൾവിക്കാരിൽ ഒരാൾ പതിയെ കസേരയിൽനിന്ന് എണീക്കുന്നു. കസേരയുടെ സമീപത്തുള്ള വാതിലിലൂടെ പുറത്തേക്ക് നടക്കാൻ തുടങ്ങുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകളാണ് പ്രാസംഗികനിൽ നിന്നും ഉണ്ടായത്. ഇരിക്കവിടെ എന്നൊരു ഭീഷണി ശബ്ദം. കോട്ടയം മെഡിക്കൽ കോളേജിലെ ആ മൂന്നാം വർഷ വിദ്യാർത്ഥി അപ്പോൾ തന്നെ സീറ്റിൽ ഇരുന്നു. തൻറെ കയ്യിൽ തോക്കുണ്ടെന്നും ഉപയോഗിച്ചാൽ പോലും ആരും ഒന്നും ചോദിക്കാനില്ല എന്നും പ്രാസംഗികൻ തുടർന്നു. തുടർന്ന് കുറെയേറെ S P വാചക കസർത്തുകൾ.

അദ്ദേഹത്തിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ. കോട്ടയം നഗരത്തിൽ 100% സാക്ഷരത കൈവരിക്കുന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മഹത് വ്യക്തിയെ യൂണിയൻ ഇനാഗുറേഷന് ക്ഷണിക്കണമെന്ന് വാദിച്ച വ്യക്തിയായിരുന്നു കസേരയിൽ നിന്നും എണീറ്റ ആ വിദ്യാർത്ഥി. പിന്നീടദ്ദേഹത്തെ കാണുന്നത് വർഷങ്ങൾക്കുശേഷം റാന്നിയിൽ ഒരു സുഹൃത്തിന്റെ കല്യാണ ചടങ്ങുകൾക്കിടക്കാണ്. ആഹാരത്തിനുശേഷം കൈകഴുകി കൊണ്ടിരുന്നപ്പോൾ അദ്ദേഹം വന്ന് ഞങ്ങളോട് സംസാരിച്ചു. ആകർഷകമായ ചിരിയും സംസാരവും ആയിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ഖദർ ധരിച്ചിരുന്ന റോഷനോട് രാഷ്ട്രീയത്തിൽ ഇറങ്ങുന്നുണ്ടോ എന്നൊരു ചോദ്യവും.

ഒരു ജനപ്രതിനിധിയിലേക്ക് അദ്ദേഹം വളർന്നു എന്ന ധാരണ ലഭിച്ചു. പക്ഷെ പിന്നീട് കാണുന്നത് പരമ്പിൽ കിടന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തും അന്തരിച്ച ജവാന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചും... ഇപ്പോൾ മനസ്സിലാവുന്നു. അങ്ങ് ഒരിഞ്ചു വളർന്നിട്ടില്ല. ഒരു പാവം മെഡിക്കൽ വിദ്യാർഥിയെ നൂറുകണക്കിന് പേരുടെ മുൻപിൽ വെച്ച് അപമാനിച്ച അതെ മാനസികാവസ്ഥ തന്നെ ഇപ്പോഴും. ഞാൻ ഞാൻ ഞാനെന്ന ഭാവം വിളമ്പുന്ന S P പ്രഖ്യാപനങ്ങൾ ഇന്നു ചിത്രങ്ങളായി മാറിയെന്നു മാത്രം.